ADVERTISEMENT

തിരുവനന്തപുരം ∙ രാഷ്ട്രപതി റാം നാഥ് കോവിന്ദിനു ഡി ലിറ്റ് നൽകണമെന്ന ഗവർണറുടെ ശുപാർശ തള്ളുന്നതായി ചാൻസലർ കൂടിയായ ഗവർണറെ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള അറിയിച്ചതു സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിലൂടെ. രഹസ്യ സ്വഭാവം സൂക്ഷിക്കാനായി സ്വയം എഴുതിയ കത്ത് രാജ്ഭവനിൽ നേരിട്ട് എത്തി വിസി നൽകുകയായിരുന്നു. കഴിഞ്ഞ മാസം ഏഴിനാണ് കത്ത് നൽകിയത്. ചാൻസലർ പദവി ഒഴിയുകയാണെന്നു വ്യക്തമാക്കി ഗവർണർ പിറ്റേന്നു തന്നെ മുഖ്യമന്ത്രിക്കു കത്തെഴുതുകയും ചെയ്തു.

ഡി ലിറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്ന ശുപാർശകൾ സിൻഡിക്കറ്റ് യോഗം ചർച്ച ചെയ്ത് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യണമെന്നാണ് സർവകലാശാലാ ചട്ടം. പകരം സിൻഡിക്കറ്റ് അംഗങ്ങളുമായി താൻ ചർച്ച ചെയ്തുവെന്നും അവർ അത് നിരസിച്ചു എന്നുമാണ് ഗവർണറെ വിസി രേഖാമൂലം അറിയിച്ചത്.

കേരള സർവകലാശാലയിൽ ഒരാൾ ഒഴികെ എല്ലാ സിൻഡിക്കറ്റ് അംഗങ്ങളും എൽഡിഎഫുകാരാണ്. രാഷ്ട്രീയ തീരുമാനമാണ് ഇതെന്നു ഗവർണർ സംശയിക്കാൻ കാരണം ഇതാണ്. സർവകലാശാലയുടെ പരമാധികാരിയായ ചാൻസലറുടെ ശുപാർശ പോലും ചട്ടം പാലിക്കാതെ തള്ളുകയും രാഷ്ട്രപതി സ്ഥാനത്തിനു പോലും ബഹുമാനം നൽകാതിരിക്കുകയും ചെയ്തതാണ് ഗവർണറെ പ്രകോപിപ്പിച്ചത്. കത്ത് പുറത്തു വന്ന സാഹചര്യത്തിൽ ഇനി ഇതു സംബന്ധിച്ചു പ്രതികരിക്കേണ്ടത് സിൻഡിക്കറ്റ് അംഗങ്ങളും വിസിയും സർക്കാരുമാണ്.

ചാൻസലർക്ക് വിസി എഴുതിയ കത്തിന്റെ പൂർണ രൂപം ചുവടെ.

‘‘കഴിഞ്ഞയാഴ്ച ഞാൻ അങ്ങയെ കണ്ടിരുന്നു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതിനെക്കുറിച്ച്, മടങ്ങി എത്തിയ ശേഷം സിൻഡിക്കറ്റ് അംഗങ്ങളിൽ ഒട്ടേറെ പേരുമായി ഞാൻ ചർച്ച ചെയ്തു. സിൻഡിക്കറ്റ് അംഗങ്ങൾ അത് നിരസിച്ചു.

എന്ന് വിശ്വസ്തതയോടെ വൈസ് ചാൻസലർ.’’

English Summary: President D litt refusal letter given to governor by vice chancellor in own hand writing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com