ADVERTISEMENT

തിരുവനന്തപുരം∙ തിട്ടകളിലും പാലങ്ങളിലും ടണലുകളിലും വയാഡക്റ്റുകളിലും ഉയരുന്ന സിൽവർ ലൈന് എത്ര ലക്ഷം ടൺ കരിങ്കല്ല് വേണ്ടിവരും? പുറത്തുവന്ന ഡിപിആർ രേഖയിൽ ആകെ കരിങ്കല്ലിന്റെ കണക്കില്ലെങ്കിലും ആ കല്ലിന്റെ ഭാരം കേരളത്തിലെ ക്വാറികൾ താങ്ങില്ലെന്നുറപ്പായി. വിഴിഞ്ഞം തുറമുഖത്തിന്റെ 3.1 കിലോമീറ്റർ പുലിമുട്ട് നിർമാണത്തിനു മാത്രം 75 ലക്ഷം ടൺ കരിങ്കല്ല് ഉപയോഗിക്കുമ്പോഴാണ് 529.45 കിലോമീറ്ററുള്ള സിൽവർ ലൈന് ആവശ്യമായ കരിങ്കല്ലിനെച്ചൊല്ലിയുള്ള ആശങ്ക ഉയരുന്നത്. 

വിഴിഞ്ഞം തുറമുഖം നിർമിക്കാൻ 66 ക്വാറിക്കു സമാനമായ പാറക്കല്ലുകൾ വേണ്ടി വരുമെന്നാണു കണക്ക്. ഇതിൽ 8 ലക്ഷം ടൺ മാത്രമാണു കേരളത്തിൽ നിന്നെടുക്കുന്നതെന്നും ബാക്കി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുകയാണെന്നുമാണു മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞത്. കേരളത്തിലെ ക്വാറികളുടെ എണ്ണം വല്ലാതെ കുറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 2010–11ൽ 3104 ക്വാറികളുണ്ടായിരുന്നുവെങ്കിൽ 2020–21ൽ ഇത് 604 ആയി. കേരളത്തിലെ ക്വാറികളുടെ സ്ഥിതി ഇതായിരിക്കേ, സിൽവർ ലൈന് ആവശ്യമായ കരിങ്കല്ലുകൾ എവിടെ നിന്നു ലഭ്യമാക്കുമെന്നതാണു പ്രധാന ചോദ്യം. നിർമാണത്തിനാവശ്യമായ കല്ലും ചരലുമെല്ലാം മധ്യ കേരളത്തിൽ ആവശ്യത്തിനു ലഭ്യമാണെന്നാണു സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറിൽ പറയുന്നത്. ലൈൻ നിർമാണത്തിനായി പുതിയ ക്വാറികൾക്ക് അനുമതി നൽകുമോ എന്നു വ്യക്തമല്ല. 

എന്നാൽ, ഡിപിആറിൽ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നാകും കരിങ്കല്ല് ഉൾപ്പെടെയുള്ള ക്വാറിയുൽപന്നങ്ങളെത്തിക്കുകയെന്നാണു കെ–റെയിൽ വിശദീകരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ ലഭ്യത പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും റെയിൽ മാർഗം ഇവ കേരളത്തിലെത്തിക്കാനാകുമെന്നും കെ–റെയിൽ പറയുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് നിർമാണം ഇഴഞ്ഞതു കരിങ്കൽ ക്ഷാമം മൂലമാണെന്ന വസ്തുത നിലനിൽക്കുമ്പോഴാണു കെ–റെയിലിന്റെ ഉറപ്പ്. 

നിർമാണത്തിനാകെ 80 ലക്ഷം ലോഡ് കരിങ്കല്ലും 50 ലക്ഷം ലോഡ് മണലും വേണ്ടിവരുമെന്നു ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെ സിൽവർ ലൈനിനെ എതിർക്കുന്നവർ പറയുമ്പോഴും, എത്ര ലോഡ് കല്ല് വേണ്ടിവരുമെന്നു കെ–റെയിൽ വ്യക്തത വരുത്തിയിട്ടില്ല. 

1248-k-rail-map
സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമാകുന്ന പ്രദേശങ്ങൾ

കല്ലും മണലും ഉപയോഗിച്ചുള്ള നിർമാണം

ടണൽ: 11.528 കി.മീ 

പാലം: 12.991 കി.മീ, 

വയാഡക്റ്റ്: 88.412 കി.മീ 

എംബാങ്ക്മെന്റ് (മൺതിട്ട): 292.728 കി.മീ 

Content Highlight: Silver Line Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com