ഐഎൻഎസ് വിക്രാന്ത് മൂന്നാംഘട്ട പരീക്ഷണത്തിന് പുറപ്പെട്ടു

INS-Vikrant-Testing-1248
മൂന്നാംഘട്ട സമുദ്ര പരീക്ഷണങ്ങൾക്കായി പുറപ്പെട്ട വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് കൊച്ചി തുറമുഖത്തുകൂടി കടലിലേക്കു നീങ്ങുന്നു.
SHARE

കൊച്ചി ∙ രാജ്യം തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് മൂന്നാംഘട്ട സമുദ്ര പരീക്ഷണങ്ങൾക്കായി പുറപ്പെട്ടു. കൊച്ചിൻ ഷിപ്‌യാഡിൽ നിർമാണം പൂർത്തിയാകുന്ന കപ്പൽ ആദ്യ രണ്ടു ഘട്ടങ്ങളിലെയും പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. 2021 ഓഗസ്റ്റിലാണ് 5 ദിവസം നീണ്ട ആദ്യ സമുദ്രപരീക്ഷണം നടത്തിയത്.

ഒക്ടോബറിൽ 10 ദിവസം നീണ്ട രണ്ടാം സമുദ്രപരീക്ഷണവും കപ്പൽ പൂർത്തിയാക്കി. ഓഗസ്റ്റിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുമെന്നാണു പ്രതിരോധ മന്ത്രിയും നാവികസേനാ തലവനും പ്രഖ്യാപിച്ചിട്ടുള്ളത്. കപ്പലിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞ മാസം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും വിക്രാന്തിലെത്തിയിരുന്നു.

ഇന്നലെ രാവിലെ പത്തരയോടെയാണു ഷിപ്‌യാഡിന്റെ ബെർത്തിൽനിന്ന് കപ്പൽ പുറപ്പെട്ടത്. ഇത്തവണ രണ്ടാഴ്ചയോളം വിക്രാന്ത് കടലിൽ തുടരും. നാവികസേന, കൊച്ചിൻ ഷിപ്‌യാഡ് എന്നിവിടങ്ങളിൽനിന്നുള്ള ആയിരത്തിയഞ്ഞൂറിലേറെ ഉദ്യോഗസ്ഥരും ജീവനക്കാരും കപ്പലിലുണ്ട്. കപ്പലിലെ അത്യാധുനിക യന്ത്രസംവിധാനങ്ങളും സെൻസറുകളും വിവിധ സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണു പ്രധാനമായും മൂന്നാം ഘട്ടത്തിൽ പരിശോധിക്കുന്നത്.

വിശാഖപട്ടണത്തെ ഡിആർഡിഒ നേവൽ സയൻസ് ആൻഡ് ടെക്നോളജി ലബോറട്ടറിയിലെ ശാസ്ത്രജ്ഞരും ഇക്കുറി സമുദ്രപരീക്ഷണങ്ങളുടെ ഭാഗമാകും. ആദ്യഘട്ടം പരീക്ഷണത്തിൽ കപ്പലിന്റെ പ്രൊപ്പൽഷൻ, ഗതിനിയന്ത്രണ സംവിധാനങ്ങൾ, എന്നിവയാണു പരിശോധിച്ചത്. രണ്ടാംഘട്ടത്തിൽ ആധുനിക യന്ത്രങ്ങളുടെ പ്രവർത്തനം, ഫ്ലൈറ്റ് ട്രയൽ എന്നിവ നടന്നു.

English Summary: INS Vikrant set out for the third phase of testing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA