ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയായ നടൻ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് നിലനിൽക്കാൻ കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ട ആവശ്യമുണ്ടെന്നു നിയമവിദഗ്ധർ. പ്രതികൾ ആസൂത്രണം ചെയ്ത കുറ്റകൃത്യം നടക്കാതിരുന്ന സാഹചര്യത്തിൽ ഇതു ശ്രമകരമാണ്.

അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവെട്ടണം, ലോറി ഇടിപ്പിച്ചു കൊലപ്പെടുത്തണം തുടങ്ങിയ പ്രസ്താവനകൾ പ്രതികൾ നടത്തിയ ഘട്ടത്തിൽ അവരോടൊപ്പമുണ്ടായിരുന്ന ആറാം പ്രതിയെ തിരിച്ചറിയേണ്ടതും അന്വേഷണത്തിൽ നിർണായകമാണ്. പ്രതി ചേർത്തെങ്കിലും ആളുടെ പേരോ വിവരങ്ങളോ പൊലീസിനും അറിയില്ല.

ഉന്നത രാഷ്ട്രീയനേതാക്കളുമായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള ‘വിഐപി’ എന്നു മാത്രമാണ് ഇയാളെക്കുറിച്ചു ബാലചന്ദ്രകുമാറിനു വെളിപ്പെടുത്താൻ കഴിഞ്ഞിട്ടുള്ളത്. ഇയാളെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും ബാലചന്ദ്രകുമാർ അറിയിച്ചിട്ടുണ്ട്. ഉന്നതബന്ധങ്ങളുള്ള ‘വിഐപി’യുടെ സാന്നിധ്യം നൽകിയ ആത്മവിശ്വാസത്തിലാണു പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനെക്കുറിച്ചു ദിലീപ് സംസാരിക്കുന്നതെന്നാണു ശബ്ദരേഖയിലെ സംഭാഷണത്തിൽനിന്നു പൊലീസ് കരുതുന്നത്.

വിദേശയാത്ര കഴിഞ്ഞു കൊച്ചി രാജ്യന്തര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഉടൻ വിഐപി നേരിട്ടു ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് എത്തിയതായാണു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇയാൾ വീട്ടിലേക്കു കയറിയ ഉടൻ ദിലീപും ബന്ധുക്കളും ആദരവോടെ ചുറ്റും കൂടിയതായും മൊഴിയിലുണ്ട്.

അപരിചിതനായിരുന്ന തന്റെ സാന്നിധ്യം വിഐപിയെ അലോസരപ്പെടുത്തിയതായും ഇയാൾ ആരാണെന്നു തന്റെ നേരെ വിരൽചൂണ്ടി ദിലീപിനോടു തിരക്കിയപ്പോൾ ‘ബാലു നമ്മുടെയാളാണെന്നു’ പറഞ്ഞു പരിചയപ്പെടുത്തിയതായും മൊഴിയിലുണ്ട്. അപ്പോൾ ആ വീട്ടിനുള്ളിലുണ്ടായിരുന്ന താനൊഴികെയുള്ള മുഴുവൻ പേർക്കും വിഐപിയുടെ പേരും മറ്റുവിവരങ്ങളും അറിയാമെന്നാണു ബാലചന്ദ്രകുമാറിന്റെ മൊഴി.

വിഐപി മടങ്ങിയ ശേഷം അതാരാണെന്നു ബാലചന്ദ്രകുമാർ ചോദിച്ചറിഞ്ഞിട്ടുണ്ടാകാമെന്നും പേരു വെളിപ്പെടുത്താനുള്ള മടിയോ ഭയമോ കാരണം പറയാതിരിക്കുന്നതാണെന്നും പൊലീസ് കരുതുന്നു.

Content Highlight: Malayalam movie actress attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com