കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസ്: ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കി

HIGHLIGHTS
  • കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ വിധി പറഞ്ഞത് കോട്ടയം അഡീഷനൽ സെഷൻസ് ജഡ്ജി
franco-mulakkal-out-court-1248
കോടതിയിൽനിന്നു പുറത്തേക്കു വരുന്ന ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ. ചിത്രം: ഗിബി സാം
SHARE

കോട്ടയം ∙ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. 2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. ‘വെറുതേ വിടുന്നു’ എന്ന ഒറ്റവരി വിധിയാണു പ്രസ്താവിച്ചത്. കന്യാസ്ത്രീയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് കോടതി പിന്നീടു പുറത്തിറക്കിയ വിധിന്യായത്തിൽ വ്യക്തമാക്കി.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. നേരത്തേ ബിഷപ്പിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടി. കോടതിമുറിയിൽ വിധി കേട്ട ശേഷം ‘ദൈവത്തിന് സ്തുതിയായിരിക്കട്ടെ’ എന്നു ബിഷപ് പ്രതികരിച്ചു. സത്യത്തെ സ്നേഹിക്കുന്നവരും സത്യത്തിനായി നിൽക്കുന്നവരും എപ്പോഴും ഒപ്പമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കോടതിയിൽനിന്നിറങ്ങിയ ബിഷപ് കളത്തിപ്പടിയിലെ ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ കുർബാന അർപ്പിച്ച ശേഷം തൃശൂർ മറ്റത്തെ കുടുംബവീട്ടിലേക്കു പോയി. പരാതി നൽകിയ കന്യാസ്ത്രീ പ്രതികരിച്ചിട്ടില്ല. കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലാണ് അവർ താമസിക്കുന്നത്.

ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി പ്രതിഭാഗം അഭിഭാഷകൻ സി.എസ്.അജയൻ പറഞ്ഞു. മെഡിക്കൽ തെളിവുകളിൽ അടക്കം തിരുത്തലുണ്ടായി. കന്യാസ്ത്രീക്ക് എതിരായ ബന്ധുവിന്റെ കത്തും നിർണായകമായെന്ന് പ്രതിഭാഗം പറയുന്നു.

അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവി എസ്.ഹരിശങ്കറിന് നൽകിയ പരാതിയിൽ ഡിവൈഎസ്പി കെ.സുഭാഷാണ് കേസ് അന്വേഷിച്ചത്. കന്യാസ്ത്രീക്കു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും ജോൺ എസ്.റാൽഫും പ്രതിക്കു വേണ്ടി അഭിഭാഷകരായ ബി.രാമൻ പിള്ള, സി.എസ്.അജയൻ, നെബു ജോൺ, അഖിൽ വിജയ്, മഹേഷ് ഭാനു എന്നിവരും ഹാജരായി.

അപ്പീൽ നൽകുമെന്ന് പൊലീസ്

തിരുവനന്തപുരം ∙ വിധിപ്പകർപ്പു ലഭിച്ചാലുടൻ അപ്പീൽ നൽകുമെന്ന് അന്വേഷണത്തിനു മേൽനോട്ടം വഹിച്ച അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവിയും ഇപ്പോൾ പൊലീസ് ആസ്ഥാനത്ത് എഐജിയുമായ എസ്. ഹരിശങ്കർ പറഞ്ഞു. മരിക്കേണ്ട സാഹചര്യം വന്നാലും നീതിക്കായി പോരാട്ടം തുടരുമെന്നും അപ്പീൽ നൽകുമെന്നും കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന സിസ്റ്റർ അനുപമയും മറ്റു കന്യാസ്ത്രീകളും വ്യക്തമാക്കിയിട്ടുണ്ട്.

franco-police-1248
കോടതിക്കു മുന്നിൽ സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു. ചിത്രം: റിജോ ജോസഫ്

English Summary: Bishop Franco Mulakkal case, court verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS