ADVERTISEMENT

തിരുവനന്തപുരം ∙ ചാൻസലർ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നില്ലെങ്കിലും ഇരുവരും 2 തവണ ഫോണിൽ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനെ രാജ്ഭവനിലേക്ക് അയച്ചു ഗവർണർക്കുള്ള മുഖ്യമന്ത്രിയുടെ കത്തു കൈമാറുകയും ചെയ്തു. ചാൻസലർ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിൽ നിന്നു പിന്തിരിയണമെന്നു കത്തിൽ മുഖ്യമന്ത്രി വീണ്ടും അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്കു മുഖ്യമന്ത്രി നൽകുന്ന നാലാമത്തെ കത്താണിത്. 

വ്യാഴാഴ്ച കൊച്ചിയിൽ ആയിരുന്ന ഗവർണറെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അമേരിക്കയിലേക്കു പോകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി സംസാരിച്ചിരുന്നു. ഇന്നലെ തിരുവനന്തപുരത്തു മടങ്ങിയെത്തിയ ഗവർണറെ മുഖ്യമന്ത്രി ഉച്ചയ്ക്കു വീണ്ടും വിളിച്ചു യാത്രയുടെ കാര്യങ്ങളും മറ്റു പ്രശ്നങ്ങളും സംസാരിച്ചതോടെ സംഘർഷത്തിന് അയവു വന്നു. തുടർന്നാണു മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനെ കത്തുമായി രാജ്ഭവനിലേക്ക് അയച്ചത്.

മുഖ്യമന്ത്രിമാർ വിദേശത്തേക്കു പോകുന്നതിനു മുൻപ് സർക്കാരിന്റെ തലവനായ ഗവർണറെ കണ്ടു കാര്യങ്ങൾ വിശദീകരിക്കാറുണ്ട്. ഗവർണർ ഇന്നലെ രാവിലെയാണു കൊച്ചിയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയത്. മുഖ്യമന്ത്രി സിപിഎം ജില്ലാ സമ്മേളനത്തിലും കോവിഡ് അവലോകന യോഗത്തിലും പങ്കെടുത്തു. തുടർന്നു വൈകിട്ടത്തെ വിമാനത്തിൽ കൊച്ചിയിലേക്കു പോയി.

ഗവർണർ അയയുന്നു

തിരുവനന്തപുരം ∙ ചാൻസലർ പദവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വന്തം നിലപാടിൽ അയവു വരുത്താൻ സാധ്യത. ‌ചാൻസലർ പദവി ഒഴിയരുതെന്നു നാലാം തവണയും മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടതോടെയാണ് ഗവർണർ മുൻ നിലപാട് പുനഃപരിശോധിക്കുന്നത്. വീണ്ടും ചാൻസലറായി പ്രവർത്തിച്ചു തുടങ്ങിയാൽ സർവകലാശാലകളിൽ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

English Summary: VC Appointment row: Chief Minister's letter to the Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com