ADVERTISEMENT

ശബരിമല ∙ ഭക്ത ലക്ഷങ്ങൾ ദർശനപുണ്യം തേടി എത്തുന്ന അയ്യപ്പസന്നിധിക്ക് മാലിന്യത്തിൽ നിന്ന് പൂർണ മുക്തി നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉപ‍ജ്ഞാതാവായ ഐജി പി.വിജയൻ. ശബരിമലയിൽ മാത്രമല്ല പമ്പ, നിലയ്ക്കൽ, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലേക്കും പുണ്യം പൂങ്കാവനം പദ്ധതി വ്യാപിപ്പിച്ചു. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ സ്ഥാനംപിടിച്ചതോടെ രാജ്യമാകെ ശ്രദ്ധയാകർഷിച്ചു. സ്വച്ഛ് ഭാരത് അഭിയാന്റെ ഇ ലേണിങ് പ്രോഗ്രാമിൽ പഠന ഭാഗമായി. 

രാജ്യത്തിനു മാതൃകയായ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് പദ്ധതിക്കു പിന്നാലെ പുണ്യം പൂങ്കാവനം പദ്ധതിയും വിജയിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഐജി പി.വിജയൻ.

പുണ്യം പൂങ്കാവനം പദ്ധതി ആരംഭിക്കാനുള്ള സാഹചര്യം?

∙ മനുഷ്യന്റെ വിശ്വാസവും ആത്മബലവും ഒരുപോലെ പരീക്ഷിക്കുന്ന ആത്മീയ സ്ഥാനമാണ് ശബരിമല. മറ്റ് ദേവാലയങ്ങളിൽ നിന്ന് ശബരിമല വ്യത്യസ്തമാകുന്നത് ഇതുമൂലമാണ്. ദർശനത്തിനെത്തിയ ലക്ഷക്കണക്കിനു ഭക്തർ ഉപേക്ഷിച്ച മാലിന്യം കാടിനും കാട്ടിലെ ജീവജാലങ്ങൾക്കും താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

ഓരോ തീർഥാടനവും ബാക്കിവയ്ക്കുന്നത് ലോഡ് കണക്കിനു പ്ലാസ്റ്റിക് മാലിന്യമായിരുന്നു. കലക്ടറുടെ മേൽനോട്ടത്തിലുള്ള സാനിറ്റേഷൻ സൊസൈറ്റി വിശുദ്ധി സേനാംഗങ്ങളെ എത്തിച്ച് ശുചീകരണം നടത്തുന്നുണ്ടെങ്കിലും അവർക്ക് നീക്കാവുന്നതിലും കൂടുതൽ മാലിന്യമാണ് ഓരോ ദിവസവും അടിഞ്ഞു കൂടിയത്. ഈ സാഹചര്യത്തിലാണ് 2011ൽ സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസറായി എത്തിയത്. അന്ന് മനസ്സിൽ ഉദിച്ച ആശയമാണ് പുണ്യം പൂങ്കാവനം ശുചിത്വ പദ്ധതി.

punyam-poonkavanam-p-vijayan-2
പുണ്യം പൂങ്കാവനം പദ്ധതിയുടെ 10-ാം വർഷത്തെ പ്രവര്‍ത്തനോദ്ഘാടനം സന്നിധാനത്ത് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് നിർവഹിക്കുന്നു.പദ്ധതിയുടെ ചീഫ് കോഓർഡിനേറ്റർ ഐജി പി. വിജയൻ സമീപം. (ഫയൽചിത്രം)

ശുചീകരണം എങ്ങനെ?

 

∙ ഭക്തർ, ഉദ്യോഗസ്ഥർ എന്നിവരിൽ ഒരുപോലെ ശുചിത്വ സന്ദേശം പകരുകയായിരുന്നു ആദ്യലക്ഷ്യം. ഇതിനായി എല്ലാ ഉദ്യോഗസ്ഥരും രാവിലെ ഒരുമണിക്കൂർ ശുചീകരണത്തിനായി ചെലവഴിച്ചു. പൊലീസിനു പുറമേ കേന്ദ്ര ദ്രുതകർമസേന, ദുരന്ത നിവാരണ സേന, ദേവസ്വം ബോർഡ്, അഗ്നിരക്ഷാസേന, വനം വകുപ്പ്, എക്സൈസ് ഉദ്യോഗസ്ഥർ, അയ്യപ്പസേവാസംഘം തുടങ്ങി എല്ലാവരും പങ്കാളിയായി. ദർശനത്തിന് എത്തുന്ന വിഐപികളുടെ പങ്കാളിത്തവും ഉറപ്പാക്കി. ഇത് വിശുദ്ധി സേനാംഗങ്ങളുടെ ആത്മാഭിമാനവും അംഗീകാരവും വർധിപ്പിച്ചു. എല്ലാവർഷവും മകരവിളക്ക് ദിവസം വിശുദ്ധി സേനാംഗങ്ങളെ ആദരിച്ചു.

പുണ്യം പൂങ്കാവനം പൊലീസിന്റെ കർമപദ്ധതിയുടെ ഭാഗമാണോ?

ശബരിമലയ്ക്ക് ശുചിത്വ സന്ദേശം പകരുന്ന ‘പുണ്യം പൂങ്കാവനം’ ശുചിത്വ പദ്ധതിയുടെ 10ാം വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് ഐജി പി.വിജയൻ സന്നിധാനത്ത് വൃക്ഷത്തൈ നടുന്നു.
ഫയൽചിത്രം

∙ അതേ. പുണ്യം പൂങ്കാവനം പദ്ധതിക്ക് ഹൈക്കോടതിയുടെ പിന്തുണ ലഭിച്ചു. ദർശനത്തിന് എത്തുന്ന ജഡ്ജിമാർ ശുചീകരണത്തിൽ പങ്കാളികളായി. പൊലീസിന്റെ കർമപദ്ധതിയുടെ ഭാഗമായി അംഗീകരിച്ചു. ഇതിനായി സേവന സന്നദ്ധരായ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ചുമതല ഏൽപിച്ചു.

 പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ?

∙ 2018 ഡിസംബർ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മൻ കി ബാത്തിൽ പുണ്യം പൂങ്കാവനം പദ്ധതിയെ പ്രശംസിച്ചു. ഇത് മറ്റുള്ളവർ മാതൃകയാക്കണമെന്നും പറഞ്ഞു. ഇതേതുടർന്ന് കലാ- സാംസ്കാരിക നായകന്മാർ പലരും പദ്ധതിയിൽ സജീവ പങ്കാളികളായി.

ഇതരസംസ്ഥാനങ്ങളിൽ നടത്തിയ പ്രവർത്തനം?

∙ എല്ലാ സംസ്ഥാനങ്ങളിലും ഗുരുസ്വാമിമാരുടെ സമ്മേളനങ്ങൾ വിളിച്ചുകൂട്ടി ബോധവൽക്കരണം നടത്തി. 47 ദിവസം കൊണ്ട് 22 സംസ്ഥാനങ്ങളിൽ സ്വച്ഛ് സന്ദേശ് യാത്ര നടത്തി. തമിഴ്നാട്, ആന്ധ്ര, കർണാടക തെലങ്കാന, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ 5000 ക്ഷേത്രങ്ങളിൽ ശുചിത്വബോധം ഉണർത്തുന്ന പുണ്യം പൂങ്കാവന കേന്ദ്രങ്ങൾ തുടങ്ങി.

ഭാവി പദ്ധതി?

∙ പത്താം വാർഷികം പ്രമാണിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന കർമ പദ്ധതി തയാറാക്കി. പ്രകൃതിക്ക് അനുയോജ്യമായ ഹരിത തീർഥാടനം ആരാധനാലയങ്ങൾ ശുചിയായി സൂക്ഷിക്കേണ്ടത് ഭക്തരുടെ കടമയാണെന്ന സന്ദേശം വളർത്തൽ, സ്കൂളുകൾ വഴി ഹരിതജീവനത്തിന്റെ പാഠങ്ങൾ കുട്ടികളിൽ എത്തിക്കുക തുടങ്ങിയവയാണ് ഭാവി പദ്ധതികൾ.

English Summary: IG P. Vijayan on Punyam Poonkavanam Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com