ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ ഒരു അറസ്റ്റിനു കൂടി സാധ്യത. സംവിധായകൻ ബാലചന്ദ്രകുമാർ, ദേ പുട്ട് ഹോട്ടലിന്റെ ഖത്തറിലെ ബിസിനസ് പങ്കാളി മെഹ്ബൂബ് പി. അബ്ദുല്ല എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു കേസിലെ പ്രധാന ദൃശ്യങ്ങൾ പൊലീസിനു നൽകാതെ ഒളിപ്പിച്ച വ്യക്തിയിലേക്കും അന്വേഷണം നീളുന്നത്. 

പ്രതികൾ പകർത്തിയ ദൃശ്യങ്ങളുടെ കോപ്പി കണ്ടെത്തിയതോടെ ഇതിന്റെ അസ്സൽ കണ്ടെത്താനുള്ള ശ്രമങ്ങൾ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പൊലീസ് ഉപേക്ഷിച്ചിരുന്നു. തുടരന്വേഷണത്തിൽ ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പ്രതികളെ സംരക്ഷിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ദൃശ്യങ്ങൾ ഒളിപ്പിച്ചു തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ച കുറ്റത്തിനു കേസെടുക്കാൻ ഒരുങ്ങുന്നത്. പ്രധാനപ്പെട്ട ഈ തൊണ്ടി മുതൽ കണ്ടെത്താൻ കഴിയാതിരുന്നിട്ടും തെളിവു നശിപ്പിച്ച കുറ്റം ചുമത്തി ആരെയും പിടികൂടിയിരുന്നില്ല. മുഖ്യ പ്രതിയായ പൾസർ സുനി ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ ഏൽപ്പിച്ചതായി പ്രതി തന്നെ വെളിപ്പെടുത്തിയ 2 അഭിഭാഷകരെ എഫ്ഐആറിൽ പ്രതിചേർത്തിരുന്നെങ്കിലും പിന്നീടു പ്രതിപ്പട്ടികയിൽ നിന്നു നീക്കം ചെയ്തിരുന്നു. 

ഹൈക്കോടതിയുടെ അനുമതിയോടെ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതോടെ പ്രധാന തൊണ്ടി മുതലും അത് ഒളിപ്പിച്ചതും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കോടതിയുടെ മുൻപിലെത്തും. കേസിൽ ഒരു കുറ്റപത്രം മാത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചതെങ്കിലും 3 ഘട്ടമായാണ് അന്വേഷണം ഇതുവരെയെത്തിയത്. പൾസർ സുനിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തതോടെ അവസാനിച്ചതാണ് ഒന്നാം ഘട്ടം. ഇതിനിടെ പീഡനക്കേസിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ലഭിക്കുമെന്നു കരുതിയതല്ല.

പൾസർ സുനി അയച്ച കത്തിലൂടെയാണു ദിലീപിന്റെ പങ്കാളിത്തം ആദ്യമായി പുറത്തുവന്നത്. അപ്പോഴും തൊണ്ടി മുതൽ ഒളിപ്പിച്ചതിനോ നശിപ്പിച്ചതിനോ കേസ് പ്രോസിക്യൂഷനുണ്ടായിരുന്നില്ല. ഈ പോരായ്മ നികത്തുന്നതാണു ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഇപ്പോൾ നടത്തുന്ന തുടരന്വേഷണം. 

Content Highlight: Malayalam Actress attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com