ADVERTISEMENT

തിരുവനന്തപുരം ∙ കൊറോണയുടെ ഒമിക്രോൺ വകഭേദത്തിനെതിരെ മോണോക്ലോണൽ ആന്റിബോഡി കോക്ടെയ്ൽ ഫലപ്രദമല്ലെന്നു സംസ്ഥാന ആരോഗ്യ വകുപ്പ്. അനുബന്ധ രോഗമുള്ളവർക്ക് കോവിഡ് ബാധിച്ചാൽ മൂർച്ഛിക്കാതിരിക്കാൻ തുടക്കത്തിൽ തന്നെ ഉപയോഗിക്കുന്ന മരുന്നാണ് ഇതെന്നു വകുപ്പ് മാർഗരേഖയിൽ വ്യക്തമാക്കി. ഇതിന്റെ അനാവശ്യമായ ഉപയോഗം ഒഴിവാക്കി അത്യാവശ്യമുള്ള രോഗികൾക്കു നൽകുന്നതിനാണു മാർഗരേഖ പുറത്തിറക്കിയത്. സംശയമുള്ള സാഹചര്യങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷനൽ മെഡിക്കൽ ബോർഡുമായി ബന്ധപ്പെട്ടു തീരുമാനം എടുക്കണം.

കോവിഡ് വാക്സീൻ സ്വീകരിച്ച ആളുകൾക്ക് ഒമിക്രോണോ ഡെൽറ്റയോ ബാധിച്ചാലും രോഗ തീവ്രത കുറവായിരിക്കും. അവർ ഗുരുതരാവസ്ഥയിലേക്കു പോകാനുള്ള സാധ്യത വിരളമായിരിക്കും. അവർക്ക് ആന്റിബോഡി കോക്ടെയ്ൽ കൊണ്ട് ഉപയോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ വാക്സീൻ എടുക്കാത്ത ഉയർന്ന അപകട സാധ്യതയുള്ളവർ, വാക്സീൻ എടുത്തിട്ടുണ്ടെങ്കിലും ആന്റിബോഡി പ്രതിരോധം കുറവായിരിക്കാൻ സാധ്യതയുള്ളവർ എന്നിവരിലാണ് ആന്റിബോഡി കോക്ടെയ്ൽ ചികിത്സ കൊണ്ടു കൂടുതൽ ഫലപ്രാപ്തി ലഭിക്കുന്നത്.

എച്ച്ഐവി ബാധിതർ, അർബുദ രോഗികൾ, ഏറെക്കാലമായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവർ, അവയവം മാറ്റിവച്ച രോഗികൾ, ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾ, തീവ്രമായ കരൾ രോഗമുള്ളവർ, ഹൃദയത്തിന്റെ പ്രവർത്തനം വളരെ കുറഞ്ഞവർ, ശ്വാസകോശ സംബന്ധമായ ഗുരുതര രോഗമുള്ളവർ എന്നിവരാണ് ഈ വിഭാഗത്തിൽ പെടുന്നവർ. ഇവർക്ക് മോണോക്ലോണൽ ആന്റിബോഡി കോക്ടെയ്ൽ ഉപയോഗിക്കാം.

ഒമിക്രോണും ഡെൽറ്റയും തിരിച്ചറിയാനായി എസ്ജിടിഎഫ് എന്ന സങ്കേതമോ ഒമിഷ്വർ എന്ന ആർടിപിസിആർ കിറ്റോ ഉപയോഗിക്കാം. ഈ പരിശോധന അടിസ്ഥാനമാക്കിയാകണം മോണോക്ലോണൽ ആന്റിബോഡി കോക്ടെയിലിന്റെ ഉപയോഗം. ഈ കിറ്റുകൾ ലഭ്യമല്ലാത്ത ആശുപത്രികളിൽ ആന്റിബോഡി കോക്ടെയ്‌ലിന്റെ ഉപയോഗം പരമാവധി പ്രയോജനം ലഭിക്കുന്ന വിഭാഗത്തിലുള്ള രോഗികൾക്കു മാത്രമേ നൽകാൻ പാടുള്ളൂ. സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും ഈ മാർഗരേഖ ബാധകമാണ്.

Content Highlight: Omicron Variant 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com