ADVERTISEMENT

പാലക്കാട് ∙ ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ ഭാര്യയുടെ കൺമുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ ആസൂത്രകൻ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളി സ്ട്രീറ്റിൽ മുഹമ്മദ് ഹാറൂൺ (35) ആണ് അറസ്റ്റിലായത്.

കൊലപാതകം ആസൂത്രണം ചെയ്തതും പ്രതികളെ നിയോഗിച്ചതും തുടർന്ന് അവർക്കു കടന്നുകളയാനും ഒളിവിൽ കഴിയാനും സഹായം നൽകിയതും മുഹമ്മദ് ഹാറൂണും നേരത്തേ അറസ്റ്റിലായ ഒന്നാം പ്രതി നെന്മാറ അടിപ്പെരണ്ട മന്നംകുളമ്പ് അബ്ദു‍ൽ സലാമും (30) ചേർന്നാണെന്നു ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു.

കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം ചെർപ്പുളശ്ശേരിയിൽ നിന്നാണു പ്രതിയെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. എസ്ഡിപിഐ പ്രവർത്തകനായ സക്കീർ ഹുസൈനെ വെട്ടിപ്പരുക്കേൽപിച്ചതിനു പ്രതികാരമായാണു സഞ്ജിത്തിന്റെ കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.

കേസിൽ ഇതു വരെ 10 പ്രതികൾ അറസ്റ്റിലായി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരിൽ ഒരാളെക്കൂടി പിടികിട്ടാനുണ്ട്. ഇയാൾക്കും ഇതര പ്രതികൾക്കുമായി തിരച്ചിൽ തുടരുന്നു. പിടിയിലായ പ്രതികളെ ഉൾപ്പെടുത്തി കേസിൽ ഉടൻ കുറ്റപത്രം നൽകാൻ നടപടി സ്വീകരിക്കുമെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസിൽ സഞ്ജിത്തിനെ നവംബർ 15നാണു കിണാശ്ശേരി മമ്പ്രത്തു വച്ചു കാറിലെത്തിയ അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്.

ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, ഡിവൈഎസ്പി പി.സി. ഹരിദാസ്, ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്.

English Summary: Main accused arrested in sanjith murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com