ഓർഡിനൻസിൽ നിയമോപദേശം തേടി ഗവർണർ; മന്ത്രിമാർ പോലും അറിഞ്ഞില്ല!

HIGHLIGHTS
  • ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്
  • ഭേദഗതി, ജലീലിന്റെ രാജിക്കു പിന്നാലെ എജി നൽകിയ നിയമോപദേശപ്രകാരം
Pinarayi-Vijayan-Arif-Mohammad-Khan
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
SHARE

തിരുവനന്തപുരം ∙ പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന ലോകായുക്തയുടെ അധികാരത്തിനു കടിഞ്ഞാണിട്ട് ഓർഡിനൻസ് കൊണ്ടുവരാനുള്ള സർക്കാർ തീരുമാനം വിവാദമാകുന്നു. മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളിന്മേൽ നിയമോപദേശം തേടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചു. ഗവർണറുടെ നിയമോപദേഷ്ടാവിനു പുറമേ, ആവശ്യമെങ്കിൽ ഡൽഹിയിലെ നിയമവിദഗ്ധരുമായും ബന്ധപ്പെടും. 

അധികാര സ്ഥാനത്തുള്ളവർ അഴിമതിയുടെ പേരിൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്ത പ്രഖ്യാപിച്ചാലും ബന്ധപ്പെട്ട അധികാരികൾക്കു ഹിയറിങ് നടത്തി അത് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന ഭേദഗതിയാണു കൊണ്ടുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനുമെതിരായ പരാതികൾ ലോകായുക്ത പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഓർഡിനൻസ് എന്നാണു പ്രതിപക്ഷ ആരോപണം.

ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഗവർണർക്കു കത്തു നൽകി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിനിധിസംഘം നാളെ രാവിലെ ഗവർണറെ കാണും. വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെടെ ഭേദഗതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശപ്രകാരമുള്ള നടപടിയാണെന്നാണു സർക്കാരിന്റെയും സിപിഎമ്മിന്റെയും വാദം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ബന്ധുനിയമനക്കേസിൽ ലോകായുക്ത റിപ്പോർട്ട് മൂലം കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജി വച്ചതിനെത്തുടർന്നായിരുന്നു എജിയുടെ നിയമോപദേശം.

എൻസിപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂർ വിജയന്റെയും കെ.കെ.രാമചന്ദ്രൻനായർ എംഎൽഎയുടെയും മരണശേഷം കുടുംബങ്ങൾക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു സഹായം നൽകിയതിനെതിരായ കേസുകൾ ലോകായുക്തയ്ക്കു മുന്നിലുണ്ട്. കണ്ണൂർ സർവകലാശാലാ വിസി പുനർനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദുവിനെതിരായ ഹർജിയും പരിഗണനയിലാണ്.

മന്ത്രിമാർ പോലും അറിഞ്ഞില്ല

ലോകായുക്തയ്ക്ക് ഉപദേശക പദവി മാത്രമേയുള്ളൂ എന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ‘അധികാരത്തിൽ നേരിയ ഭേദഗതി’ വരുത്തുന്നുവെന്നാണു കഴിഞ്ഞയാഴ്ച ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ അറിയിച്ചത്. ഓർഡിനൻസിന്റെ കരട് കഴിഞ്ഞദിവസം ലഭിച്ചപ്പോഴാണ് ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതിയാണിതെന്നു ചില മന്ത്രിമാർ പോലും മനസ്സിലാക്കിയത്.

നിലവിലെ വ്യവസ്ഥകളും ഭേദഗതികളും

1. അഴിമതിക്കേസിൽ ലോകായുക്ത വിധി പറഞ്ഞാൽ അതു കൈമാറേണ്ടതു ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്കാണ്. 1999 ലെ ലോകായുക്ത നിയമത്തിലെ 14–ാം വകുപ്പു പ്രകാരം ലോകായുക്തയുടെ പ്രഖ്യാപനം അധികാരികൾ അതേപടി അംഗീകരിച്ച് കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണം. ബന്ധപ്പെട്ട അധികാരി 3 മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കും. ലോകായുക്തയുടെ ഈ അധികാരമാണ് ഇല്ലാതാകുന്നത്. ഭേദഗതിപ്രകാരം, സർക്കാരിനു പ്രതികളുടെ ഹിയറിങ് നടത്തി 3 മാസത്തിനകം ലോകായുക്ത തീരുമാനം തള്ളുകയോ കൊള്ളുകയോ ചെയ്യാം.

2. വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയോ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസിനെയോ ആണ് നിലവിൽ ലോകായുക്തയായി നിയമിക്കേണ്ടത്. ഹൈക്കോടതി മുൻ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥ ഓർഡിനൻസിലുണ്ട്.

English Summary: Government ordinance on Lokayukta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS