കേന്ദ്ര ലോക്പാൽ ബില്ലിന് മൂർച്ച പോരെന്നു വാദിച്ചു; ഇപ്പോൾ ലോകായുക്തയുടെ ചിറകരിയുന്നു

Pinarayi-Vijayan-6
പിണറായി വിജയൻ
SHARE

തിരുവനന്തപുരം ∙ കേരളത്തിൽ ലോകായുക്ത സ്ഥാപിച്ചതിൽ അഭിമാനിക്കുകയും കേന്ദ്രത്തിന്റെ ലോക്പാൽ നിയമത്തിനു പല്ലും നഖവും പോരെന്നു വിലയിരുത്തുകയും ചെയ്ത ഇടതുപക്ഷം ലോകായുക്തയുടെ ചിറകരിയാൻ മുൻകൈ എടുത്തതിനെതിരെ വിമർശനം ശക്തം. സിപിഐ അടക്കമുള്ള ഘടകകക്ഷികൾ അതൃപ്തരാണ്. സുപ്രധാനമായ ഈ നിയമഭേദഗതി മുന്നണിതലത്തിൽ ആലോചിച്ചിട്ടില്ല. 1996 ലെ ഇ.കെ.നായനാർ സർക്കാർ കൊണ്ടുവന്ന നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനയുടെ അന്തഃസത്തയ്ക്കു ചേരുന്നതല്ലെന്ന ന്യായീകരണമാണ് കോടിയേരി ബാലകൃഷ്ണൻ നടത്തിയത്. 

കേന്ദ്രം പാസാക്കിയ ലോക്പാൽ ബിൽ അഴിമതിക്കെതിരെ കൂടുതൽ ഗർജ്ജിക്കുന്നതാകണമെന്നാണ് സിപിഎം ആവശ്യപ്പെട്ടത്. അധികാരത്തിലുള്ളവരുടെ ബന്ധുക്കൾക്കു നൽകുന്ന അനർഹമായ ആനുകൂല്യങ്ങൾ റദ്ദാക്കിയാൽ മാത്രം പോരാ, വഴിവിട്ട നടപടിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം, മന്ത്രി രാജിവയ്ക്കുകയും വേണം. സ്വകാര്യ ലാഭത്തിനായുള്ള അധികാര ദുർവിനിയോഗം മാത്രമല്ല, സ്വജനപക്ഷപാതവും സ്വാധീനം ഉപയോഗിക്കലും അഴിമതിയായി കണക്കാക്കണമെന്നാണ് ലോക്പാൽ ബില്ലിനെക്കുറിച്ചുള്ള രേഖയിൽ 2011 ഓഗസ്റ്റ് 25ന് പാർട്ടി വ്യക്തമാക്കിയത്. ലോക്പാൽ നിയമപ്രകാരം തമിഴ്നാട്ടിൽ ലോകായുക്ത രൂപീകരണം നീണ്ടുപോയപ്പോൾ അതിനെതിരെ കോടതിയിൽ പോയതു മറ്റാരുമല്ല– സിപിഎം തമിഴ്നാട് സെക്രട്ടറിയായിരുന്ന ജി.രാമകൃഷ്ണ. 

ഇപ്പോൾ പാർട്ടിയുടെ മന്ത്രി ആർ.ബിന്ദുവിന്റെ രാജി ഒഴിവാക്കാൻ വേണ്ടി ലോകായുക്തയെ മുൻകൂട്ടി ദുർബലമാക്കാൻ നോക്കുന്നുവെന്ന പേരുദോഷം സിപിഎം കേൾക്കുന്നു. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ലോകായുക്തയ്ക്ക് കേരളത്തിലേതു പോലെ വിപുലമായ അധികാരമില്ലെന്ന പ്രതിരോധമാണു സർക്കാരും സിപിഎമ്മും നടത്തുന്നത്. 

ജലീൽ വിധിയിൽ തുടങ്ങിയ നീക്കം

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി കെ.ടി.ജലീലിനെതിരെ ലോകായുക്തയുടെ വിധി വന്നപ്പോൾ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങളാണു നിയമഭേദഗതിയിൽ കലാശിച്ചതെന്ന കാര്യം വ്യക്തമാണ്. കോവിഡ് വ്യാപനം പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും സൃഷ്ടിച്ച പരിമിതി വിവാദ നിയമങ്ങൾക്കും നിയമ ഭേഗദതികൾക്കുമായി കേന്ദ്രം തന്ത്രപരമായി ഉപയോഗിക്കുന്നുവെന്ന ഇടതുപക്ഷത്തിന്റെ വിമർശനം ഇവിടെ അവർ നേരെ തിരിച്ചുകേൾക്കുകയാണ്. 

kt-jaleel
കെ.ടി. ജലീൽ

പൊതുപ്രവർത്തകരുടെ അഴിമതി തടയാനുള്ള കർശന നടപടികൾക്കും നിയമങ്ങൾക്കും രാജ്യത്തെമ്പാടും മുദ്രാവാക്യങ്ങൾ ഉയർത്തുകയും പോർമുഖം തുറക്കുകയും ചെയ്യുന്നവരാണ് ഇടതുപക്ഷം. അതേ സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം മുഖ്യമന്ത്രിയായ സംസ്ഥാനത്ത് അതേ മുദ്രാവാക്യങ്ങൾ പണയത്തിലാകുന്നത് ഇതാദ്യമല്ല. സ്പ്രിൻക്ലർ വിവാദം, ഡേറ്റാ സംരക്ഷണം സംബന്ധിച്ച ഇടതു മുദ്രാവാക്യത്തിന്റെ മുനയാണ് ഒടിച്ചത്. 

Content Highlight: Kerala Lok Ayukta controversy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA