സിപിഎമ്മിന് വീണ്ടുവിചാരം; സമ്മേളനം ഇനി കോവിഡ് നോക്കി മാത്രം

HIGHLIGHTS
  • സംസ്ഥാന സമ്മേളനത്തിന്റെ കാര്യം ഫെബ്രുവരി 15ന് ശേഷം
1248-cpm
SHARE

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം പരിശോധിച്ചശേഷം മാത്രം മതി  ഇനി പാർട്ടി സമ്മേളനങ്ങളെന്ന് സിപിഎം തീരുമാനിച്ചു. മാർച്ച് ആദ്യം നിശ്ചയിച്ചിരിക്കുന്ന സംസ്ഥാന സമ്മേളനം അടക്കം ഇതു കണക്കിലെടുത്താവും  നടത്തുക. ഫെബ്രുവരി 15നു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇനി നടക്കാനുള്ളതും മാറ്റിവച്ചതുമായ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പുതിയ തീയതി പിന്നീട് നിശ്ചയിക്കുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. 

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമ്മേളനങ്ങളുമായി  മുന്നോട്ടു പോകുകയും ഒടുവിൽ ഹൈക്കോടതി തന്നെ ഇടപെടുകയും ചെയ്തതോടെയാണ് വീണ്ടുവിചാരം. പാർട്ടിയുടെ എല്ലാ പരിപാടികളും കോവിഡ് മാനദണ്ഡപ്രകാരമാകണമെന്ന് ജില്ലാ കമ്മിറ്റികൾക്കു നിർദേശം നൽകി. സംസ്ഥാന സമ്മേളനം നിശ്ചയിച്ചിരിക്കുന്ന എറണാകുളത്തും പാർട്ടി കോൺഗ്രസ് വേദിയായ കണ്ണൂരും കോവിഡ് ബാധിതരുടെ എണ്ണം കൂടുതൽ ആയതിനാൽ അതിനു മുന്നോടിയായുള്ള പരിപാടികൾ  ഓൺലൈൻ മുഖേനയായിരിക്കും.

കോവിഡ് സ്ഥിതി ഇതുപോലെ  തുടരുകയാണെങ്കിൽ സംസ്ഥാന സമ്മേളനം സംബന്ധിച്ചും തീരുമാനങ്ങൾ വേണ്ടിവരുമെന്നു കോടിയേരി പറഞ്ഞു. ഇപ്പോൾ മാറ്റിവയ്ക്കാൻ നിശ്ചയിച്ചിട്ടില്ല. സമ്മേളനത്തിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരിക്കുന്ന അത്രയും പ്രതിനിധികൾ അവിടെ ഒത്തുകൂടാൻ അനുവാദം ഉണ്ടെങ്കിലേ സമ്മേളനം നടത്താൻ സാധിക്കൂ.  അല്ലാത്തപക്ഷം  മാറ്റിവയ്ക്കേണ്ടതാണെങ്കിൽ അങ്ങനെ തീരുമാനിക്കും.

കോവിഡ് പ്രതിരോധത്തിനായി പാർട്ടി  ആകെ രംഗത്തിറങ്ങാൻ  സെക്രട്ടേറിയറ്റ് നിർദേശിച്ചു. ആശുപത്രികൾക്കു പകരം വീടുകളിലാണ് രോഗികൾ കൂടുതലും എന്നിരിക്കെ വേണ്ട  സഹായം വീടുകളിലും എത്തിക്കണം. സാമൂഹിക അടുക്കളകൾ ആരംഭിക്കണമെന്നും നിർദേശം നൽകി.

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കരുത്

∙ സമൂഹമാധ്യമങ്ങളിലൂടെ സിപിഎം പ്രവർത്തകർ ആരെയും അധിക്ഷേപിക്കരുതെന്നു കർശന നിർദേശം നൽ‍കിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. സിൽവർ ലൈൻ വിരുദ്ധ കവിത എഴുതിയതിന്റെ പേരിൽ കവി റഫീക്ക് അഹമ്മദിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചാണ് ഇതു വ്യക്തമാക്കിയത്. അഭിപ്രായം പറയാൻ ആർക്കും അവകാശമുണ്ട്. അതിന്റെ പേരിൽ സൈബർ ആക്രമണം അനുവദിക്കില്ല. പാർട്ടിയുമായി ബന്ധപ്പെട്ട ആരും അങ്ങനെ ചെയ്യില്ല. 

നമുക്കെല്ലാം എതിരെ എന്തെല്ലാം ആക്രമണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സോഷ്യൽ മീഡിയയിൽ പാർട്ടിക്കു വേണ്ടി നല്ല രീതിയിൽ ആശയപ്രചാരണം നടത്തണമെന്നാണ് സൈബർ മേഖലയിൽ ഇടപെടുന്നവരോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നു കോടിയേരി പറഞ്ഞു.

English Summary: CPM to postpone State conference 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA