ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ 7.32 ലക്ഷം കാർഡ് ഉടമകൾ റേഷൻ വാങ്ങി. ഇപോസ് സംവിധാനത്തിലെ സെർവർ തകരാർ മൂലം പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയ രണ്ടാഴ്ചത്തെ നിയന്ത്രണം പിൻവലിച്ചു കടകൾ സാധാരണ പ്രവർത്തനത്തിലേക്കു തിരിച്ചെത്തിയ ആദ്യ ദിനത്തിലാണു വൻ വിൽപന.

സാധാരണ 3.5 ലക്ഷം മുതൽ 4 ലക്ഷം വരെ പേരാണു ദിവസേന കടകളിൽ എത്തുന്നത്. മാസാവസാന ദിനങ്ങളായതും കൂടുതൽ പേർ എത്താൻ കാരണമായി. ആകെയുള്ള 91.81 ലക്ഷം കാർഡ് ഉടമകളിൽ 57.49 ലക്ഷം പേർ (62.61%) ഈ മാസം റേഷൻ വാങ്ങി.

അതേസമയം, ഇന്നലെ ഇപോസ് യന്ത്രം പ്രവർത്തിക്കാത്തതു സംബന്ധിച്ചു ചില ജില്ലകളിൽ പരാതികൾ ഉണ്ടായി. റേഷൻ കടയിൽ നെറ്റ്‌വർക് പ്രശ്നം കൊണ്ടു വിതരണത്തിൽ വേഗക്കുറവ് ഉണ്ടായിട്ടുണ്ടാവാം എന്നും ഇതു സെർവർ തകരാ‍ർ അല്ലെന്നും മന്ത്രി ജി.ആർ.അനിൽ വിശദീകരിച്ചു. റേഷൻ വിതരണത്തിനുള്ള സാങ്കേതിക സംവിധാനങ്ങൾ പൂർ‌ണതോതിൽ പ്രവർത്തിച്ചു വരുന്നതായി നാഷനൽ ഇൻഫർമാറ്റിക് സെന്ററും (എൻഐസി) സംസ്ഥാന ഐടി മിഷനും പരിശോധന നടത്തി ഉറപ്പാക്കിയിട്ടുണ്ട്. റേഷൻ വിതരണത്തിൽ ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ടെന്നു വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും കാർഡ് ഉടമകളെ റേഷൻ വാങ്ങുന്നതിൽ നിന്നു നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് ഇതെന്നും മന്ത്രി ആരോപിച്ചു.

അതേസമയം, ഭക്ഷ്യ വകുപ്പ് വ്യാപാരികൾക്കു നൽകിയ ഇപോസ് മെഷീനിലെ സിം കാർഡുകളിലെ നെറ്റ്‌വർക് സംവിധാനം കാര്യക്ഷമമല്ലാത്തതാണു പ്രശ്നങ്ങൾക്കു കാരണമെന്നു സൂചനയുണ്ട്. വിവിധ മൊബൈൽ സേവനദാതാക്കൾ വഴി പ്രശ്നം പരിഹരിക്കുമെന്നു മുൻപു വകുപ്പ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പായില്ല.

English Summary: Ration distribution, network complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com