ADVERTISEMENT

കോട്ടയം ∙ മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് (48) ജീവിതത്തിലേക്കു തിരിച്ചുവരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന സുരേഷിന്റെ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. ചോദ്യങ്ങൾക്ക് പ്രതികരണം ലഭിക്കുന്നുണ്ട്. കൈകാലുകളിലെ പേശികളുടെ ശേഷി പൂർണമായും തിരിച്ചുകിട്ടിയിട്ടില്ല. ദ്രവരൂപത്തിൽ ഭക്ഷണം നൽകുന്നുണ്ട്– ഡോ. ജയകുമാർ പറഞ്ഞു. 

വാവ സുരേഷ് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രാർഥനകളും വഴിപാടുകളും നടത്തി ഒരു വലിയ സമൂഹം കാത്തിരുന്നിരുന്നു. ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തിയതിന്റെ രസീതുകൾ പലരും സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചു. ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാൻ കോട്ടയത്തുള്ള ബന്ധുക്കളെയും പരിചയക്കാരെയും നിരന്തരം വിളിച്ചവരുമുണ്ട്. എന്താണ് സംഭവിച്ചത് എന്നറിയാൻ കുറിച്ചിയിലെ വീട്ടുടമയെയും സമീപവാസികളെയും വിളിച്ചവരും ഒട്ടേറെ. 

കുറിച്ചിയിൽ വീട്ടുവളപ്പിൽ കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകൾക്കിടയിൽ നിന്നു പിടികൂടിയ മൂർഖൻ പാമ്പിനെ ചാക്കിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തിങ്കളാഴ്ച സുരേഷിന്റെ വലതുകാലിന്റെ തുടയിൽ പാമ്പു കടിച്ചത്. കടിയേറ്റതോടെ പിടിവിട്ടു പോയ പാമ്പിനെ വീണ്ടും പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സുരേഷ് ആശുപത്രിയിലേക്കു പോയത്. കടിച്ച പാമ്പിനെ സുരേഷിന്റെ സഹായി തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. 

പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ സുരേഷിന് ഹൃദയാഘാതമുണ്ടായിരുന്നു. ഇതോടെ ശരീരത്തിലെ ഓക്സിജന്റെ അളവ് താഴ്ന്നു. ഇത് തലച്ചോറിന്റെയും ശരീരത്തിലെ പേശികളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. പാമ്പിന്റെ വിഷവും പേശികളുടെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു. 

ഒരു ദിവസം കൂടി വെന്റിലേറ്റർ സഹായം നൽകാനാണ് ഡോക്ടർമാരുടെ നിർദേശം. വെന്റിലേറ്റർ പൂർണമായും നീക്കിയ ശേഷം ആരോഗ്യനില വിലയിരുത്തിയാലേ അപകടാവസ്ഥ പൂർണമായും തരണം ചെയ്തുവെന്ന് പറയാൻ കഴിയൂ. മൂർഖന്റെ വിഷം നാഡീവ്യവസ്ഥയെയാണ് ബാധിക്കുക. ഞരമ്പുകൾ ദുർബലമാകുകയും ചെയ്യും. 

ഹൃദ്രോഗ വിഭാഗം മേധാവി ഡോ. വി.എൻ. ജയപ്രകാശ്, മെഡിസിൻ വിഭാഗം മേധാവി ഡോ. സംഗമിത്ര, തീവ്രപരിചരണ വിഭാഗം ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്കുമാർ, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. സുരേഷിന്റെ സഹോദരൻ സത്യദേവൻ, സഹോദരി ലാലി, സുഹൃത്തുക്കൾ എന്നിവരും ആശുപത്രിയിൽ ഉണ്ട്. 

English Summary: Vava Suresh health condition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com