ADVERTISEMENT

തിരുവനന്തപുരം∙ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനു ഗവർണറുടെ അംഗീകാരം വൈകുന്ന സാഹചര്യത്തിൽ നിയമസഭയുടെ ബജറ്റ് സമ്മേളനം സംബന്ധിച്ചു മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. സമ്മേളനം ചേരാൻ തീരുമാനിച്ചാൽ ഓർഡിനൻസ് ഇറക്കാൻ സാധിക്കില്ല.

യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ 6 ന് പുലർച്ചെ മടങ്ങിയെത്തും. തുടർന്ന് അദ്ദേഹം ഗവർണറുമായി നേരിട്ടോ ഫോണിലോ സംസാരിച്ചേക്കാം. 9 ന് ചേരുന്ന മന്ത്രിസഭാ യോഗം കോവിഡ് സാഹചര്യം കൂടി പരിഗണിച്ചു നിയമസഭ വിളിച്ചു ചേർക്കാൻ ഗവർണറോടു ശുപാർശ ചെയ്യുമെന്നാണു സൂചന.

നിയമസഭാ സമ്മേളനം 18 ന് ചേരാനാണ് ആലോചിക്കുന്നത്. സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ 4 വരെ കൊച്ചിയിൽ നിശ്ചയിച്ചിട്ടുണ്ട്. മാർച്ച് 31 ന് മുൻപു ബജറ്റ് അവതരിപ്പിക്കണം. പൂർണ ബജറ്റ് ഇത്തവണ പാസാക്കില്ല. മുൻ നിശ്ചയപ്രകാരം നിയമസഭ ചേർന്നാൽ മാർച്ച് 11 ന് ബജറ്റ് അവതരിപ്പിക്കാനാണു സാധ്യത. വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ തൽക്കാലത്തേക്കു പിരിയും. മാർച്ച് 24നും 25നും ദേശീയ പണിമുടക്കു നടക്കുന്നതിനാൽ അതിനു മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാധ്യതയുണ്ട്. ജൂണിലോ ജൂലൈയിലോ നിയമസഭ ചേർന്നു പൂർണ ബജറ്റ് പാസാക്കും.

നിയമസഭ ചേരാനുള്ള നടപടികൾ 15 ദിവസം മുൻപ് സ്വീകരിക്കണമെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ ഇളവു നൽകാം.18 ന് ചേരുന്നില്ലെങ്കിൽ 25 ന് വെള്ളിയാഴ്ച ആയിരിക്കും ഗവർണറുടെ നയപ്രഖ്യാപനത്തോടെ സഭ തുടങ്ങുക. തിങ്കളാഴ്ച പി.ടി.തോമസിന് ആദരാഞ്ജലി അർപ്പിച്ചു പിരിയും. കോവിഡ് സാഹചര്യത്തിൽ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. 

ഫെബ്രുവരി പകുതിയോടെ കോവിഡ് വ്യാപനം വിലയിരുത്തിയാകും അന്തിമ തീരുമാനമെന്നു സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചിരുന്നു. പാർട്ടി സമ്മേളനത്തിന്റെ തീയതി മാറിയാൽ നിയമസഭാ സമ്മേളന തീയതികളിലും മാറ്റം ഉണ്ടാകും.

English Summary: Kerala Budget date not yet decided

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com