ADVERTISEMENT

തിരുവനന്തപുരം ∙ വ്യാജ രേഖകൾ ഹാജരാക്കി സംസ്ഥാനത്തു കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്. ക്ലെയിം ലഭിക്കാൻ ഒരേ വാഹനം 8 കേസിലും മറ്റൊരു വാഹനം 11 കേസിലും ഹാജരാക്കി പണം കൈക്കലാക്കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. 50 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കേരളത്തിൽ ഇത്തരമൊരു തട്ടിപ്പ് പുറത്തുവരുന്നത് ആദ്യമായാണ്. വിവിധ കേസുകളിലെ അന്വേഷണത്തെത്തുടർന്ന് 11 എണ്ണത്തിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തു.

ഏജന്റുമാർ ഇടനിലക്കാരായിനിന്ന് ‘വ്യാജ അപകടം’ സൃഷ്ടിച്ചാണ് ഇൻഷുറൻസ് കമ്പനികളെ കബളിപ്പിക്കുന്നത്. ആവശ്യപ്പെട്ട ഇൻഷുറൻസ് തുകയെക്കാൾ 40 ലക്ഷം രൂപ അധികം നൽകിയതിന്റെ തെളിവും പൊലീസിനു ലഭിച്ചു. നാഷനൽ ഇൻഷുറൻസ് കമ്പനി, ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി എന്നിവയുടെ കേരളത്തിലെ ഇൻവെസ്റ്റിഗേറ്റർ സ്വയം അന്വേഷണം നടത്തി തെളിവു സഹിതം പൊലീസിനു പരാതി കൈമാറുകയായിരുന്നു.

2015 മുതലുള്ള ക്ലെയിം കേസുകൾ ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങൾ അന്വേഷിക്കുകയാണ്. തിരുവനന്തപുരം സിറ്റി ട്രാഫിക് സ്റ്റേഷനിലെ 5 കേസുകൾ, തമ്പാനൂർ, പൂജപ്പുര, മ്യൂസിയം, മംഗലപുരം, വിളപ്പിൽശാല സ്റ്റേഷനുകളിലെ 7 കേസുകൾ എന്നിവ ഇതിൽപെടും.

ഈ സ്റ്റേഷനുകളിലെ പതിനഞ്ചിലേറെ പൊലീസ് ഉദ്യോഗസ്ഥർ, 5 അഭിഭാഷകർ, അവരുടെ ഗുമസ്തന്മാർ, നഗരത്തിലെ 2 സ്വകാര്യ ആശുപത്രികളിലെ ചില ഡോക്ടർമാർ, ഇടനിലക്കാരായി പ്രവർത്തിക്കുന്ന അഭിഭാഷകരുടെ ഏജന്റുമാർ എന്നിവർ കേസുകളിൽ പ്രതികളാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വടക്കൻ കേരളത്തിലെ തട്ടിപ്പിൽ ചില ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. നിസ്സാര അപകടത്തിൽപെടുന്നവരിൽനിന്നു നിർബന്ധിച്ചു രേഖകളിൽ ഒപ്പിട്ടുവാങ്ങിയശേഷം അപകടം പെരുപ്പിച്ചുകാട്ടി വൻ തുക തട്ടിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. തുകയുടെ പകുതി നൽകാമെന്നാണു വാഹന ഉടമകളുമായുള്ള കരാർ.

11 കേസുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും നിലവിൽ വഞ്ചിയൂർ കോടതിയിലെ ഒരു അഭിഭാഷകനെ മാത്രമാണു പ്രതിയാക്കിയിരിക്കുന്നത്. കേസ് വിവരം അറിഞ്ഞയുടൻ ഈ അഭിഭാഷകൻ പുതിയ ക്ലെയിം അപേക്ഷകൾ കോടതിയിൽനിന്നു പിൻവലിച്ചു. ഈയിടെ യുപിയിൽ 27 അഭിഭാഷകരും പൊലീസും ഉൾപ്പെട്ട സമാന തട്ടിപ്പുകളിൽ പ്രത്യേക അന്വേഷണ സംഘം അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്നു സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഒറ്റ ഗ്യാങ്... ഒരു കേസിൽ പ്രതി, മറ്റൊന്നിൽ സാക്ഷി, വേറൊന്നിൽ ജാമ്യക്കാരൻ

കഴിഞ്ഞ ഓഗസ്റ്റിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ഇൻഷുറൻസ് കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പ്രാഥമിക അന്വേഷണം നടത്തിയത്. അപകടസ്ഥലം, സമയം, വാഹനം എന്നിവയിൽ മാറ്റം വരുത്തി വ്യാജ ചികിത്സാ സർട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പ് നടത്തിയതായി വ്യക്തമായി. അഭിഭാഷകർ ഉൾപ്പെട്ട സംഘം ഒരു കേസിൽ പ്രതികളായും മറ്റൊരു കേസിൽ സാക്ഷികളായും വേറെ ചിലതിൽ ജാമ്യക്കാരായും ആൾമാറാട്ടം നടത്തിയതായും കണ്ടെത്തി.

ഈ കേസുകളിൽ പുനരന്വേഷണം നടത്തി കേസെടുക്കണമെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.അനിൽകുമാർ റിപ്പോർട്ട് നൽകി. വാഹനാപകട ഇൻഷുറൻസ് ക്ലെയിം തട്ടിപ്പിനായി സംസ്ഥാനത്തു വൻ മാഫിയ പ്രവർത്തിക്കുന്നുവെന്നും അതിനെതിരെ പൊലീസ് ജാഗ്രത പുലർത്തണമെന്നും ഡിജിപി അനിൽ കാന്ത് ഉത്തരവു നൽകി. തുടർന്നാണ് കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറിയത്.

ആ സ്കൂട്ടർ അപകടകാരി

തിരുവനന്തപുരം ട്രാഫിക് സ്റ്റേഷനിൽ 2015ൽ നടന്ന ഇൻഷുറൻസ് തട്ടിപ്പു സംബന്ധിച്ച അന്വേഷണത്തിൽ ‘കെഎൽ 01 ബിആർ 1372’ എന്ന വാഹനം 2 വർഷത്തിനിടെ 11 വാഹനാപകടക്കേസുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തി. ഈ വാഹനം പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. നാഷനൽ ഇൻഷുറൻസ് കമ്പനിയുടെ 6 ക്ലെയിം കേസിലും ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ 5 ക്ലെയിം കേസിലും ഈ വാഹനത്തിന്റെ നമ്പർ വച്ചായിരുന്നു തട്ടിപ്പ്. 8 കേസുകളിൽ നഷ്ടപരിഹാരം കൈക്കലാക്കിക്കഴിഞ്ഞു.

English Summary: Vehicle insurance fraud worth crores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com