ADVERTISEMENT

ബത്തേരി∙ ഒടുവിൽ അമ്മയെത്തി! ഒരു ദിവസത്തിലധികമായി തള്ളക്കടുവയെ കാണാത്ത കടുവക്കുഞ്ഞിന്റെ തേങ്ങൽ നിറഞ്ഞ ശബ്ദത്തിന് കാട്ടിൽ നിന്ന് മുരൾച്ചയോടെ മറുപടി. ആ നിമിഷം വനപാലകർ കുട്ടിക്കടുവയുടെ കൂട് തുറന്നു. പുറത്തിറങ്ങിയ കടുവക്കുഞ്ഞ് അമ്മയുടെ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. അമ്മയുടെയും കുട്ടിയുടെയും മാറിമാറിയുള്ള മുരൾച്ചയായി പിന്നെ. അമ്മയുടെ സുരക്ഷിതത്വത്തിൽ കടുവക്കുഞ്ഞ് എത്തിയെന്നുറപ്പിച്ച് ഒരു ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ വനപാലക സംഘം സംതൃപ്തിയോടെ മടങ്ങി.

കഴിഞ്ഞ ദിവസം മന്ദംകൊല്ലിയിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സെപ്റ്റിക് ടാങ്കിനെടുത്ത കുഴിയിൽ വീണ 6 മാസം പ്രായമുള്ള പെൺകടുവക്കുഞ്ഞിനെയാണ് ഇന്നലെ പുലർച്ചെ നാലരയോടെ വനപാലകർ തള്ളക്കടുവ എത്തിയ വനമേഖലയിലേക്ക് തുറന്നു വിട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് കടുവ ജനവാസ കേന്ദ്രത്തിലെ കുഴിയിൽ വീണത്. ഇന്നലെ രാവിലെ വനപാലക സംഘമെത്തി മയക്കുവെടി വച്ച് വലയിലാക്കി രക്ഷിക്കുകയും വൈകുന്നേരത്തോടെ സമീപത്തുള്ള വനമേഖലയിൽ കൂട്ടിൽ എത്തിക്കുകയുമായിരുന്നു.

വീണ കുഴിയിൽ നിന്ന് ഒരു കിലോമീറ്ററോളം മാറി വനത്തിലാണ് തുറന്നുവിട്ടത്. വൈകിട്ടു മുതൽ രാത്രി മുഴുവൻ തള്ളക്കടുവയുടെ വരവിനായി വനപാലകർ കാത്തു. കടുവക്കുഞ്ഞ് തുടർച്ചയായി കരഞ്ഞു കൊണ്ടേയിരുന്നു. പുലർച്ചെ മൂന്നരയോടെ പ്രദേശത്തെ വനത്തിൽ നിന്ന് തള്ളക്കടുവയെത്തി. ശബ്ദം തുടർച്ചയായി കേട്ടതോടെ വനപാലകർ കൂടു തുറന്നു വിടുകയായിരുന്നു. തള്ളക്കടുവയുടെയും കുഞ്ഞിന്റെയും സഞ്ചാരം നിരീക്ഷിക്കാനായി വനത്തിൽ 20 ക്യാമറകൾ ഇന്നലെ വനം വകുപ്പ് പ്രത്യേകമായി സ്ഥാപിച്ചു.

English Summary: Cub back to forest with tiger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com