കൊച്ചി ∙ എഴുന്നൂറിലേറെ സിനിമകളിലും എണ്ണം പറഞ്ഞ നാടകങ്ങളിലും നിറഞ്ഞാടിയ അഭിനയപ്രതിഭ കെപിഎസി ലളിത (74) ഓർമയായി. സംഗീത നാടക അക്കാദമി അധ്യക്ഷയാണ്. തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്കൈലൈൻ അപ്പാർട്മെന്റ്സിൽ, മകനും സംവിധായകനുമായ സിദ്ധാർഥിന്റെ ഫ്ലാറ്റിൽ ഇന്നലെ രാത്രി 10.20നായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

ഏറെ നാളായി കരൾ രോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു. രണ്ടു മാസത്തിലേറെയുള്ള ആശുപത്രി വാസത്തിനു ശേഷം തൃശൂർ എങ്കക്കാട്ടെ സ്വവസതിയായ ‘ഒാർമ’യിലേക്കു ലളിതയുടെ ആഗ്രഹപ്രകാരം കൊണ്ടു പോയിരുന്നു. ആരോഗ്യ സ്ഥിതി മോശമായതോടെ കഴിഞ്ഞമാസം തിരികെ തൃപ്പൂണിത്തുറയിലേക്കു കൊണ്ടു വരികയായിരുന്നു.

ഇന്നു രാവിലെ 8 മുതൽ 11 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിനു ശേഷം മൃതദേഹം വടക്കാഞ്ചേരിയിലേക്കു കൊണ്ടുപോകും. തൃശൂർ സംഗീത നാടക അക്കാദമിയിൽ അരമണിക്കൂർ പൊതുദർശനമുണ്ടാകും.
കായംകുളത്ത് കടയ്ക്കൽത്തറയിൽ കെ.അനന്തൻ നായർക്കും ആലപ്പുഴ ഉപ്പുവീട്ടിൽ നാറാപിള്ളയുടെ മകൾ ഭാർഗവിയമ്മയ്ക്കും വിവാഹം കഴിഞ്ഞ് 5 കൊല്ലത്തിനുശേഷം ചെങ്ങന്നൂരമ്പലത്തിൽ ഭജനമിരുന്നുണ്ടായ മകൾക്ക് ‘മഹേശ്വരി’ എന്നാണു പേരിട്ടതെങ്കിലും ഭഗവതിയുടെ മറുപേരായ ലളിത ആണ് അരങ്ങിനുവേണ്ടി തിരഞ്ഞെടുത്തത്. 1964ൽ കെപിഎസിയുടെ നാടകങ്ങളിലൂടെ അരങ്ങത്തെത്തി. അശ്വമേധം, സർവേക്കല്ല്, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയഭൂമി എന്നിവയിൽ ശ്രദ്ധേയ വേഷമഭിനയിച്ചു.
1969ൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ‘കൂട്ടുകുടുംബം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. പ്രണയാതുരയായ കാമുകിയായും കണ്ണീർക്കുടമായ അമ്മയായും കുരുത്തക്കേടുകളുടെ അമ്മൂമ്മയായും പുരുഷനെ വിറപ്പിക്കുന്ന തന്റേടിയായും വ്യത്യസ്തവേഷങ്ങളിലൂടെ മികവുകാട്ടിയ ലളിതയോട്, മലയാളിക്ക് വീട്ടിലൊരാളോടെന്ന അടുപ്പമായിരുന്നു. മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ പോലുള്ള ടിവി സീരിയലുകളിലെ ശ്രദ്ധേയ വേഷങ്ങളും വീട്ടമ്മമാരുടെ പ്രിയങ്കരിയാക്കി.

1991ൽ അമരം, 2000ൽ ശാന്തം എന്നീ ചിത്രങ്ങളിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 1975,1978,1990,1991 വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു. വനിത ഫിലിം അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ്, ഫിലിം ഫെയർ അവാർഡ്, പ്രേംജി പുരസ്കാരം, തോപ്പിൽ ഭാസി പ്രതിഭ അവാർഡ്, ഭരത് മുരളി അവാർഡ്, ബഹദൂർ അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. കഥ തുടരും എന്ന ആത്മകഥയ്ക്ക് ചെറുകാട് പുരസ്കാരം ലഭിച്ചു. ഇടതുപക്ഷ സഹയാത്രികയായിരുന്നു. 1978ൽ സംവിധായകൻ ഭരതനുമായി വിവാഹം. സംവിധായകൻ സിദ്ധാർഥ്, ശ്രീക്കുട്ടി എന്നിവർ മക്കൾ. സഹോദരങ്ങൾ: ഇന്ദിര, ബാബു, രാജൻ, ശ്യാമള.

English Summary: Actress KPAC Lalitha passes away