ADVERTISEMENT

ആലപ്പുഴ ∙ സിപിഎം സംഘടനാ രീതിയനുസരിച്ച് പാർട്ടി വേദികളിൽ പറയേണ്ട അഭിപ്രായങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച യു.പ്രതിഭ എംഎൽഎയ്ക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്ന് സിപിഎം കായംകുളം ഏരിയ നേതൃത്വം സംസ്ഥാന, ജില്ലാ ഘടകങ്ങളോട് ആവശ്യപ്പെട്ടേക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൾ ചൂണ്ടിക്കാട്ടിയാകും ആവശ്യം ഉന്നയിക്കുക.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞിട്ടും വീണ്ടും ഈ വിഷയത്തിൽ എംഎൽഎ തുറന്നടിച്ചത് പാർട്ടിയെ അപകീർത്തിപ്പെടുത്തുമെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. പരാതികൾ ബന്ധപ്പെട്ട പാർട്ടി ഘടകത്തിൽ പറയുകയാണ് സംഘടനാ രീതിയെന്നും എംഎൽഎയോടു വിശദീകരണം ചോദിക്കുമെന്നും ജില്ലാ സെക്രട്ടറി പ്രതികരിച്ചിരുന്നു. വോട്ട് ചോർന്നെന്ന എംഎൽഎയുടെ പരാതിക്ക് അടിസ്ഥാനമില്ലെന്ന്  നേതൃത്വം കണക്കുകൾ ഉദ്ധരിച്ചു ചൂണ്ടിക്കാട്ടുന്നു. 

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പ്രതിഭയും കായംകുളം ഏരിയ നേതൃത്വവുമായി ചില വിഷയങ്ങളിൽ അകൽച്ചയുണ്ടായിരുന്നു. ഏരിയ സമ്മേളനത്തിൽ പ്രതിഭയെ പ്രതിനിധിയാക്കിയതുമില്ല. സ്വന്തം നാടായ തകഴിയിലെ ഏരിയ കമ്മിറ്റിയിലാണ് അവരെ ഉൾപ്പെടുത്തിയത്.

സ്ഥാനാർഥി നിർണയത്തിന് മുന്നോടിയായി ചേർന്ന പാ‍ർട്ടി മണ്ഡലം കമ്മിറ്റിയിൽ, പ്രതിഭയെ സ്ഥാനാർഥിയാക്കരുതെന്ന് ചിലർ ആവശ്യപ്പെട്ടിരുന്നു. കായംകുളത്ത് നിന്നുള്ള ജില്ലാ നേതാവിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ഇവരുടെ അഭിപ്രായം. എന്നാൽ, കീഴ്‌വഴക്കമനുസരിച്ച് ഒരിക്കൽ കൂടി പ്രതിഭയെ പാർട്ടി പരിഗണിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിനു പിന്നാലെ, വോട്ടുചോർച്ചയെപ്പറ്റിയുള്ള പരാതി അന്നത്തെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലക്കാരനായ എ.വിജയരാഘവന്റെ പക്കലെത്തിയതായും എംഎൽഎയെ അനുകൂലിക്കുന്നവർ പറയുന്നു. ഇത്തരമൊരു പരാതിയെപ്പറ്റി അറിയില്ലെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം തിരുവല്ലയിൽ പറഞ്ഞത്. പ്രതിഭയുടെ ഫെയ്സ്ബുക് കുറിപ്പ് കണ്ടില്ലെന്നും പരാതിയുണ്ടെങ്കിൽ പരിശോധിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

English Summary: CPM area committee to recommend strict action against U. Prathibha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com