പാർട്ടി നേതൃത്വത്തെ വിമർശിച്ച് പ്രതികരണം; യു.പ്രതിഭയോട് സിപിഎം വിശദീകരണം തേടി
Mail This Article
ആലപ്പുഴ ∙ പാർട്ടി നേതൃത്വത്തെ വിമർശിച്ച് സമൂഹ മാധ്യമത്തിൽ പ്രതികരിച്ച യു.പ്രതിഭ എംഎൽഎയോടു വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ അറിയിച്ചു. എംഎൽഎയുടെ മറുപടി ലഭിച്ചിട്ടില്ല. വിശദീകരണം നൽകിയില്ലെങ്കിൽ സംഘടനാ നടപടിയുണ്ടാകുമെന്നും ആർ.നാസർ പറഞ്ഞു.
കായംകുളത്ത് വോട്ട് ചോർന്നെന്ന എംഎൽഎയുടെ ആരോപണത്തെ ഖണ്ഡിക്കുന്ന വിശദമായ റിപ്പോർട്ട് കായംകുളം ഏരിയ കമ്മിറ്റി ജില്ലാ കമ്മിറ്റിക്കു നൽകി. എംഎൽഎ സംഘടനാ നടപടിക്രമങ്ങൾ ലംഘിച്ചെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എംഎൽഎയായിരുന്ന് പ്രതിഭ പാർട്ടിയെ പരസ്യമായി വിമർശിച്ചതിൽ നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ട്. കായംകുളത്ത് വോട്ട് ചോർന്നെന്നും അതു പാർട്ടി അന്വേഷിച്ചില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞ നേതാക്കൾ സർവസമ്മതരായി തുടരുന്നു എന്നുമാണ് ഫെയ്സ്ബുക് കുറിപ്പിൽ പ്രതിഭ പറയുന്നത്. 21ന് പ്രത്യക്ഷപ്പെട്ട കുറിപ്പ് ഇന്നലെ വരെ പിൻവലിച്ചിട്ടില്ലെന്നതും പാർട്ടി നേതൃത്വം ഗൗരവമായി കാണുന്നു.
പാർട്ടി കായംകുളം ഏരിയ കമ്മിറ്റിക്കും സിപിഎം നേതൃത്വത്തിലുള്ള കായംകുളം നഗരസഭാ ഭരണത്തിനും എതിരെ അതിൽ പരാമർശങ്ങളുണ്ട്. ഇതേത്തുടർന്നാണ് ജില്ലാ നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്.
വോട്ട് ചോർച്ചയെപ്പറ്റി സംസ്ഥാന നേതൃത്വത്തോടു നേരത്തെ പ്രതിഭ പരാതിപ്പെട്ടിരുന്നെന്ന് അറിയുന്നതിനാൽ ഫെയ്സ്ബുക് കുറിപ്പ് സംസ്ഥാന നേതൃത്വത്തിനും എതിരെയാണെന്നു വ്യാഖ്യാനിക്കാവുന്നതാണെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
എന്ത് നടപടി?
എംഎൽഎ വിശദീകരണം നൽകിയില്ലെങ്കിലോ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിലോ സാധ്യതയുള്ള നടപടി പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കൽ. ഇപ്പോൾ തകഴി ഏരിയ കമ്മിറ്റിയംഗമായ പ്രതിഭയെ അവിടെനിന്ന് ഒഴിവാക്കി സാധാരണ അംഗം മാത്രമായി നിലനിർത്താനാണ് പരമാവധി സാധ്യത. എംഎൽഎയായതിനാൽ പാർട്ടിയിൽനിന്നു പുറത്താക്കൽ പോലുള്ള കടുത്ത നടപടി ഉണ്ടാകില്ല. അതേസമയം, പ്രതിഭ ഏരിയ കമ്മിറ്റി അംഗമായതിനാൽ അവർക്കെതിരായ നടപടിക്ക് ജില്ലാ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്.
English Summary: CPM asks explanation from U. Prathibha