വായ്പയെടുക്കാത്ത കർഷകന് ജപ്തി നോട്ടിസ്
Mail This Article
പനമരം(വയനാട്)∙ വായ്പയെടുക്കാത്ത കർഷകനും ബാങ്കിൽനിന്നു ജപ്തി നോട്ടിസ്. മുണ്ടക്കുറ്റി ചേര്യംകൊല്ലി തോപ്പിൽ ഡെന്നിസിനാണ് റവന്യു റിക്കവറി നോട്ടിസ് ലഭിച്ചത്.
കേരള ഗ്രാമീൺ ബാങ്ക് കെല്ലൂർ ശാഖയിൽനിന്നു വായ്പയായി എടുത്ത 46,435 രൂപയും 13% പലിശയും ഉടൻ അടച്ചില്ലെങ്കിൽ ജപ്തി നടപടിയെടുക്കുമെന്നാണ് വൈത്തിരി റവന്യു റിക്കവറി തഹസിൽദാരുടെ അറിയിപ്പ്.
എന്നാൽ, ഇതുവരെ ഈ ബാങ്കിൽനിന്ന് ഒരു രൂപ പോലും വായ്പ എടുത്തിട്ടില്ലെന്ന് ഡെന്നിസ് പറയുന്നു.
2006 വരെ ബാങ്കുമായി ഇടപാടുണ്ടായിരുന്നു. എന്നാൽ, 2012ൽ ബാങ്കിൽ നിന്നെടുത്ത കാർഷിക വായ്പ 27-9-19 മുതൽ കുടിശിക വരുത്തിയെന്നും പലിശയടക്കം മാർച്ച് 2ന് കൽപറ്റ എസ്കെഎംജെ സ്കൂളിൽ നടക്കുന്ന അദാലത്തിൽ അടച്ചുതീർത്തില്ലെങ്കിൽ ജപ്തി നടപടിയിലേക്ക് കടക്കുമെന്നാണ് നോട്ടിസിലുള്ളത്.
നോട്ടിസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ഇന്നലെ ബാങ്കിൽ എത്തി കാര്യം തിരക്കിയപ്പോൾ ബാങ്കിൽ വായ്പ ഇല്ലെന്നും റവന്യു റിക്കവറിക്കായി നോട്ടിസ് അയച്ചിട്ടില്ലെന്നുമാണ് അധികൃതർ പറഞ്ഞത്.
തുടർന്ന് റവന്യു വകുപ്പിൽ ബന്ധപ്പെട്ടെങ്കിലും ഡെന്നിസിന്റെ പേരിൽ തന്നെ ബാങ്കിൽ നിന്ന് ലഭിച്ച രേഖകൾ പ്രകാരമാണ് നോട്ടിസ് നൽകിയതെന്നായിരുന്നു വിശദീകരണം. എടുക്കാത്ത വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്നറിയാതെ ഉഴലുകയാണ് ഈ കർഷകൻ.
English Summary: Foreclosure notice to farmer who does not take loan