ഗ്രീൻ റേറ്റിങ്ങുള്ള കെട്ടിടങ്ങൾക്ക് 50% വരെ നികുതി, വൈദ്യുതി നിരക്ക് ഇളവ്
Mail This Article
തിരുവനന്തപുരം ∙ ഹരിത മാനണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള കെട്ടിടങ്ങൾക്ക് ഗ്രീൻ റേറ്റിങ്ങും ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കേഷനും നൽകി 50% വരെ നികുതി, വൈദ്യുതി നിരക്ക് ഇളവുകളും ആനുകൂല്യങ്ങളും അനുവദിക്കും. ഗ്രീൻ റേറ്റിങ്ങിനായി കെട്ടിടങ്ങളെ ഏകകുടുംബ വാസഗൃഹങ്ങൾ, അപ്പാർട്മെന്റ്, വ്യവസായ കെട്ടിടങ്ങൾ, മറ്റ് കാറ്റഗറി കെട്ടിടങ്ങൾ എന്നിങ്ങനെ നാലായി തിരിക്കും എന്ന് മന്ത്രിസഭ അംഗീകരിച്ച മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു.
ഗ്രേഡ് എ, ബി എന്നിങ്ങനെ തരംതിരിച്ചു പുതിയതും നിലവിലുള്ളതുമായ കെട്ടിടങ്ങൾക്ക് റേറ്റിങ് നൽകും. വിവിധ സർട്ടിഫിക്കേഷനുള്ള കെട്ടിടങ്ങളെ ഈ പ്രക്രിയ അനുസരിച്ച് ഗ്രേഡ് എ ഹരിത കെട്ടിടങ്ങൾ ആയി കണക്കാക്കും.
മാർഗനിർദേശത്തിൽ പറയുന്നത്:
∙ഗ്രേഡ് എ കെട്ടിടങ്ങളുടെ പരിധിയിൽ വരുന്ന നാലു വിഭാഗങ്ങൾക്കും കെട്ടിട നികുതിയിൽ 50% ഇളവ്.
∙ബിയുടെ പരിധിയിൽ വരുന്ന നാല് വിഭാഗങ്ങൾക്കും നികുതിയിൽ 25% ഇളവ്. ഇത് ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതിക്കു ശേഷം പുതുതായി നിർമിച്ച കെട്ടിടങ്ങൾക്ക്.
∙ഗ്രേഡ് എയ്ക്കു സ്റ്റാംപ് ഡ്യൂട്ടിയിൽ 1%, ബിക്കു 0.5 % ഇളവ്.
∙വസ്തു ഇടപാട് നടന്ന ശേഷം ഹരിത കെട്ടിടങ്ങൾ നിർമിക്കുകയും ഗ്രീൻ സർട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്താൽ നിലവിലുള്ള ഹരിത കെട്ടിടത്തിന്റെ മൂല്യം കണക്കിലെടുത്ത് സിപിഡബ്ല്യുഡി നിരക്കിൽ തയാറാക്കിയ വാല്യുവേഷൻ സർട്ടിഫിക്കറ്റ് അടിസ്ഥാനപ്പെടുത്തിയാകും ഇൻസെന്റീവ്.
∙ഗ്രേഡ് എയ്ക്കു വൈദ്യുതി നിരക്കിൽ 10%, ഗ്രേഡ് ബിക്കു 5% ഇളവ്. ഹരിത കെട്ടിടമായി മാറ്റിയ നിലവിലുള്ള കെട്ടിടങ്ങൾക്കും പുതിയതിനും ഇതു ബാധകമാണ്.
∙ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കേഷൻ ലഭിക്കാൻ താൽപര്യമുള്ള കെട്ടിട ഉടമകൾ ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം എംപാനൽഡ് കൺസൽറ്റന്റ് മുൻപാകെ രേഖകൾ സഹിതം അപേക്ഷിക്കണം.
Content highlights: Green rating building tax