ADVERTISEMENT

കൊച്ചി ∙ വിവാഹമോചിതയായ അമ്മ മകളുടെ പാസ്പോർട്ട് പുതുക്കി നൽകാനുള്ള അപേക്ഷയോടൊപ്പം വിവാഹമോചനത്തിന്റെ കോടതി ഉത്തരവും ബന്ധപ്പെട്ട അപേക്ഷ ഫോമും ഹാജരാക്കിയിരുന്നെങ്കിലും പിതാവിന്റെ അനുമതിയോ കോടതി ഉത്തരവോ ഹാജരാക്കാൻ നിർദേശിച്ച പാസ്പോർട്ട് ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നു കോടതിച്ചെലവിലേക്ക് 25,000 രൂപ ഈടാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഏറ്റുമാനൂർ സ്വദേശി നൽകിയ ഹർജിയിൽ കോട്ടയം അസിസ്റ്റന്റ് പാസ്പോർട്ട് ഓഫിസറുടെ ശമ്പളത്തിൽനിന്നു തുക പിടിക്കാനാണു ജസ്റ്റിസ് അമിത് റാവൽ നിർദേശം നൽകിയത്.

ഇതുപോലെ, ഒരു കാരണവുമില്ലാതെ ബന്ധപ്പെട്ടവരെ കോടതിയെ സമീപിക്കാൻ നിർബന്ധിക്കുന്ന പാസ്പോർട്ട് ഉദ്യോഗസ്ഥർക്കായി ഉത്തരവിന്റെ പകർപ്പ് എല്ലാ പാസ്പോർട്ട് ഓഫിസുകളിലേക്കും അയയ്ക്കാനും ഹൈക്കോടതി നിർദേശിച്ചു. പാസ്പോർട്ട് നൽകുന്ന ഉദ്യോഗസ്ഥർ അപേക്ഷകൾ പ്രായോഗികവും യുക്തിസഹവുമായ രീതിയിൽ പരിഗണിക്കണമെന്നും തള്ളിക്കളയരുതെന്നും കോടതി പറഞ്ഞു.

വിവാഹ മോചന ഉത്തരവിൽ കുട്ടിയുടെ കസ്റ്റഡി ആർക്കാണെന്നു പരാമർശിച്ചിട്ടില്ലെന്നും സിംഗിൾ പേരന്റ് കേസാണെന്നും ഡി ഫോമിൽ പിതാവിന്റെ അനുമതിയോ കോടതി ഉത്തരവോ ലഭിക്കുന്നതുവരെ അപേക്ഷ മാറ്റിവയ്ക്കാനായിരുന്നു അസിസ്റ്റന്റ് പാസ്പോർട്ട് ഓഫിസർ രേഖപ്പെടുത്തിയത്. എന്നാൽ വിവാഹമോചിതയാണെന്നും സിംഗിൾ പേരന്റ് ആണെന്നും വിവാഹ മോചന ഉത്തരവ് ഹാജരാക്കിയിട്ടുണ്ടെന്നും ഹർജിക്കാരി അറിയിച്ചു. ഉത്തരവാദിത്തം പൂർണമായും തനിക്കാണെന്ന ഉറപ്പു നൽകുന്നതടക്കമുള്ള സി ഫോമും ഹാജരാക്കിയിരുന്നു. ഹർജി പരിഗണനയിലിരിക്കെ, കുട്ടിക്കു പാസ്പോർട്ട് നൽകാമെന്നു അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അറിയിച്ചു.

എന്നാൽ വിവാഹ ബന്ധത്തിലെ പ്രശ്നം, വിവാഹമോചനം തുടങ്ങിയവയുള്ള മാതാപിതാക്കൾ ഫോം സി നൽകിയാലും പാസ്പോർട്ട് പുതുക്കി ലഭിക്കാൻ ഉചിതമായ ഉത്തരവുതേടി സമാന പരാതികളുമായി എല്ലാദിവസവും ആളുകൾ എത്തുന്നുണ്ടെന്നു ഹൈക്കോടതി പറഞ്ഞു. പരാതിക്കു പ്രതിവിധിയെന്ന നിലയിൽ കോടതിച്ചെലവു നൽകണം. ഒരാഴ്ചയ്ക്കുള്ളിൽ പാസ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.

 

English Summary: Penalty for passport officer Kochi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com