ADVERTISEMENT

തിരുവനന്തപുരം ∙ കായിക ഉപകരണങ്ങളുടെ ഉൽപാദനം കൂട്ടാൻ സംരംഭകത്വം പ്രോത്സാഹിപ്പിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. കായിക മേഖലയിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉൽപാദനം ഒന്നിൽ നിന്ന് 4% ആക്കാനാണു ലക്ഷ്യം. നിലവിൽ പഞ്ചാബ്, യുപി കേന്ദ്രീകരിച്ചാണു രാജ്യത്തെ കായികോപകരണ ഉൽപാദനം നടക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യത, കുറഞ്ഞ കൂലി, സ്ഥല ലഭ്യത, സർക്കാർ ആനുകൂല്യങ്ങൾ എന്നിവയാണ് ഇതിനു കാരണം. കേരളത്തിലേക്ക് ഈ മേഖലയിലെ നിക്ഷേപകരെ ആകർഷിക്കാൻ പദ്ധതികളുണ്ടോ എന്നു ബജറ്റിലില്ല. വകയിരുത്തലുമില്ല. 

കായിക മേഖലയിൽ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്നു ബജറ്റ് വ്യക്തമാക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റേഡിയങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ കായിക അക്കാദമികൾ രൂപീകരിക്കുന്നതിനൊപ്പം സ്വകാര്യ കായിക അക്കാദമികളുടെ വികസനത്തിനായി സർക്കാർ ധനസഹായവും ഉറപ്പാക്കും. ഇതിനായി 2.50 കോടി രൂപ അനുവദിച്ചു. ‍‍ഗ്രാമീണ കളിസ്ഥല വികസന പദ്ധതിക്കും സ്വകാര്യ പങ്കാളിത്തം തേടും. ഇതിന് 4 കോടി വകയിരുത്തി. 

‘ഇ– സ്പോർട്സി’ൽ പരിശീലനം

 ‘ഇ-സ്പോർട്സ്’ പ്രചാരം നേടുന്ന സാഹചര്യത്തിൽ യുവാക്കൾക്ക് ഈ മേഖലയിൽ പരിശീലനം നൽകാൻ സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന പരിശീലന കേന്ദ്രങ്ങൾ തുടങ്ങും. 

പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് 92.88 കോടി

തിരുവനന്തപുരം ∙ പ്രളയത്തിൽ തകർന്നതോ കേടുപാടു സംഭവിച്ചതോ ആയ പാലങ്ങൾ 92.88 കോടി രൂപ ചെലവിൽ പുനർ നിർമിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട ഫയൽ നീക്കങ്ങൾ കൂടി പ്രൈസ് സോഫ്റ്റ്‌വെയറിൽ കൊണ്ടുവരും. വകുപ്പിലെ പദ്ധതികളുടെ അവലോകനത്തിനും മാനേജ്മെന്റിനും വേണ്ടി ഒരു പ്രോജക്ട് മോണിറ്ററിങ് സോഫ്റ്റ്‌വെയർ വികസിപ്പിക്കും.

സർക്കാർ വകുപ്പുകൾ നടത്തുന്ന എല്ലാ പ്രധാനപ്പെട്ട നിർമാണ പ്രവൃത്തികളുടെയും ഡിസൈൻ, സാങ്കേതികാനുമതി, നിർമാണം, പൂർത്തീകരണം എന്നീ ഘട്ടങ്ങളിൽ സ്വതന്ത്ര ഏജൻസികളെ ഉപയോഗപ്പെടുത്തി ടെക്നിക്കൽ ഇവാല്യുവേഷൻ നടത്തുമെന്നും പ്രഖ്യാപനമുണ്ട്.

5 വർഷത്തിനുളളിൽ 25 ടൂറിസം ഹബ്ബുകൾ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദവും സ്വയംപര്യാപ്തവുമായ 25 ടൂറിസം ഹബ്ബുകൾ 5 വർഷത്തിനുളളിൽ സജ്ജമാക്കും. ഇതിനായി 362.15 കോടി രൂപ വകയിരുത്തി. ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനും വികസനത്തിനും 1000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. ഇതിനു പലിശ ഇളവിനായി 20 കോടി രൂപ വകയിരുത്തി. വിപണന തന്ത്രങ്ങൾക്കും പ്രചാരണത്തിനും 81 കോടി രൂപ അനുവദിച്ചു. 

∙ ഒരു പഞ്ചായത്ത് - ഒരു ഡെസ്റ്റിനേഷൻ പദ്ധതി, സ്വകാര്യ സംരംഭകരെ ആകർഷിക്കാൻ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്, നിലവിലെ ടൂറിസം കേന്ദ്രങ്ങളുടെ നവീകരണം, ആകെ 132.14 കോടി. 

∙ സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിലായി ചാംപ്യൻസ് ബോട്ട് ലീഗ്, ആകെ 15 കോടി. 

∙ കാരവൻ ടൂറിസം പാർക്കുകൾ, ആകെ 5 കോടി.

∙ പരിശീലന പ്രവർത്തനങ്ങൾ, ആകെ 29.3 കോടി.

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com