ADVERTISEMENT

മൂല്യവർ‍ധിത കൃഷിയും ഉൽപന്നങ്ങളും പ്രോത്സാഹിപ്പിക്കാൻ 7 ജില്ലകളിൽ കൃഷി വകുപ്പിനു കീഴിൽ ഓരോ അഗ്രി‍ടെക് ഫെസിലിറ്റി കേന്ദ്രങ്ങൾ സ്ഥാപിക്കും. കിഫ്ബിയിൽനിന്ന് 175 കോടി രൂപ അനുവദിക്കും. ഈ കേന്ദ്രങ്ങളു‍ടെ നടത്തിപ്പ് ഫാർമർ കലക്ടീവുകളെ (കാർഷികോൽപാദന സംഘടനകൾ / കൃഷിക്കാരുടെ പ്രതിനിധികൾ അടങ്ങുന്ന സമിതികൾ) ഏൽപിക്കും. മൂല്യവർ‍ധിത ഉൽപന്നങ്ങൾക്കുള്ള ബൾക്ക് ‍ടെട്രാ പാ‍ക്കിങ് ഉൾപ്പെടെ പാക്കിങ് സൗകര്യങ്ങളും പരിശോധന – സർട്ടിഫിക്കേഷൻ ഉപകരണങ്ങളും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കും.

നാളികേര വികസനത്തിന് 73.90 കോടി അനുവദിച്ചു. നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 20 പൈസ വർധിപ്പിച്ച് 28.20 രൂപയാക്കുന്നതായി ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ വർഷം വെട്ടിക്കുറച്ച അതേ തുക പുനഃസ്ഥാപിച്ചു എന്നതാണു യാഥാർഥ്യം.

പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാൻ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോ‍ഷൻ കൗൺസിലിന്റെ അടങ്കൽ 14 കോടി രൂപയിൽനിന്ന് 25 കോടിയായി ഉയർത്തും. കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കാൻ ഇക്കോ ഷോപ് ശൃംഖല സ്ഥാപിക്കും. മലയോര മേഖലകളിൽ ഉൽപാദിപ്പിക്കുന്ന പഴവർ‍ഗങ്ങളും പച്ചക്കറികളും ക‌േടുകൂടാതെ ഉപഭോക്താ‍ക്ക‍ളിൽ എത്തിക്കാനുള്ള കോൾഡ് ചെയിൻ സൗകര്യം ശക്തിപ്പെടുത്താൻ 10 കോടി രൂപ വകയിരുത്തി.

റബർ വിലസ്ഥി‍ര‍ത ഫണ്ടിന് 500 കോടി; റോഡ് നിർമാണത്തിൽ റബർ മിശ്രിതം

റബർ വിലസ്ഥി‍ര‍ത ഫണ്ടിലേക്ക് (സബ്സിഡി) ബജറ്റിൽ 500 കോടി രൂപ അനുവദിച്ചു. നിലവിൽ വിലസ്ഥി‍ര‍ത ഫണ്ടിൽ അടിസ്ഥാനവില 170 രൂപയാണ്. വിപണിവില 170 രൂപയിൽ കുറഞ്ഞാൽ, കുറയുന്ന തുക കർഷകർക്കു സബ്സിഡിയായി നൽകും. കഴിഞ്ഞ വർഷവും ബജറ്റിൽ സബ്സിഡിക്കായി 500 കോടി രൂപ നീക്കിവച്ചെങ്കിലും കൂടുതൽ സമയവും റബർ വില 170 രൂപയ്ക്കു മുകളിലായിരുന്നതിനാൽ കാര്യമായി സബ്സിഡി നൽകേണ്ടിവന്നില്ല.

റബറിന്റെ താങ്ങുവില 200 രൂപയാക്കണ‍മെന്ന ആവശ്യം ബജറ്റിൽ പരിഗണി‍ക്കാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കി. റബർ മേഖല ഗുരുതര പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ റബറിന്റെ വിലയും ഉൽപാദനവും ഉപഭോഗവും ഒരേപോലെ വർ‍ധിപ്പിക്കാൻ നടപടികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. റബറൈസ്ഡ് റോഡുകൾ കൂടുതലായി നിർമിക്കും. പൊതുമരാമത്ത് വകുപ്പും കിഫ്ബിയും ഏറ്റെടുക്കുന്ന റോഡ് നിർ‍മാണങ്ങളിൽ ടാറി‍നൊപ്പം റബർ മിശ്രിതം കൂടി ചേർക്കുന്ന രീതി അവലംബിക്കും. ഇതിനായി 50 കോടി രൂപ അനുവദിച്ചു.

തോട്ടങ്ങളിൽ പുതിയ വിള; നിയമം പരിഷ്കരിക്കും

തിരുവനന്തപുരം ∙ തോട്ടങ്ങളിൽ പുതിയ വിളകൾ പരീക്ഷിക്കു‍ന്നതിനു തോട്ടഭൂമി നിയമം പരിഷ്കരിക്കും. ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യങ്ങൾ സംരക്ഷിച്ചു കൊണ്ട് ഇതിൽ തീരുമാനമെടു‍ക്കുമെന്നും ധനമന്ത്രി പറഞ്ഞു. പ്ലാന്റേഷൻ നിർവചനത്തിൽ ഉൾപ്പെടുന്ന റബർ, കാപ്പി, തേയില എന്നിവയ്ക്കൊപ്പം പുതിയ വിളകൾ കൂടി ചേർക്കണം. പഴവ‍ർഗ കൃഷികൾ ഉൾ‍പ്പെടെ പ്ലാന്റേ‍ഷന്റെ ഭാഗമാക്കി നിയമം ഭേദഗതി ചെയ്യണം. 

തോട്ടം മേഖലയിൽ പുതിയ ഇനം ഫലവർഗങ്ങൾ കൃഷി ചെയ്യാനും സംസ്കരണവും വിപണനവും നടത്താനും നടപടിയെടുക്കുമെന്നു കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് കരട് തോട്ടം നയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്. തോട്ടങ്ങളിൽ ഇടവിള, മിശ്രവിള കൃഷിയും അനുവദിക്കു‍മെന്നായിരുന്നു കരടു നയത്തിലെ പരാമർശം.

ഫാം ടൂറിസത്തിനും ഗുണകരം

സംസ്ഥാനത്തിന്റെ മൊത്തം കാർഷിക വിസ്തൃതിയുടെ 27.5 ശ‍തമാനവും തോട്ടം മേഖലയാണ്. വൻകിട, ചെറുകിട തോട്ടം ഉടമകൾക്കും കർഷകർക്കും മാത്രമല്ല, ഭക്ഷ്യസംസ്കരണ–വിപണന–സംരംഭകർക്കും വ്യവസായിക‍ൾക്കുമെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാൻ ഫലവർഗക്കൃഷി വികസനത്തിലൂടെ സാധ്യമാകുമെന്നാണ് കരുതുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഫാം ടൂറിസം മേഖലയുടെ വികസനത്തിനും ഇതു വഴിവയ്ക്കും.

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com