ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസന നയരേഖയുടെ ചുവടുപിടിച്ചുള്ള ധനകാര്യരേഖയാണ് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ആദ്യ പൂർണ ബജറ്റ്. അതിൽ പാ‍ർട്ടി മുന്നിൽക്കാണുന്ന 25 വർഷം തന്നെയാണ് ബജറ്റിലെ 25 വർഷം. കാൽനൂറ്റാണ്ടു കൊണ്ട് മലയാളിയുടെ ജീവിതം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തണമെന്ന അഭിലാഷമാണ് പാർട്ടി രേഖയിലുള്ളത്. പ്രത്യയശാസ്ത്ര കാർക്കശ്യങ്ങൾ ഉപേക്ഷിച്ചു ഭാവി ലക്ഷ്യമിട്ടു നീങ്ങണമെന്ന പാർട്ടി തീരുമാനമാണ് ബജറ്റിലെ പല വമ്പൻ തീരുമാനങ്ങളിലും പ്രതിഫലിക്കുന്നത്.

‘ക്ഷേമം പിന്നോട്ട്, വികസനം മുന്നോട്ട്’ എന്ന തോന്നൽ ഒറ്റനോട്ടത്തിൽ ബജറ്റ് നൽകും. ‘ക്ഷേമം’ എന്ന ഇടതു മുദ്രാവാക്യത്തിന് ആവശ്യമായ ഊന്നൽ ബജറ്റിൽ നൽകാൻ കഴിയാതെ പോയത് സാമ്പത്തിക നിലയുടെ പരിതാപകരമായ ചിത്രം തന്നെയാണു വരച്ചുകാട്ടുന്നത്. കേരളത്തിന് ഇങ്ങനെ പോകാൻ കഴിയില്ലെന്നു സർക്കാരും ധനമന്ത്രിയും തിരിച്ചറിഞ്ഞുവെന്നു നൂതനമായ ചില ആശയങ്ങളിലും പ്രഖ്യാപനങ്ങളിലും പ്രകടം. ഉൽപാദനവും തൊഴിലവസരവും കൂട്ടാതെ വഴിയില്ല. അതിലൂടെ ആത്യന്തികമായി സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുക, ഭാവി ഭദ്രമാക്കുക എന്ന പ്രതീക്ഷയോടെയാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്.

പ്രതീക്ഷകൾ നിറവേറ്റാൻ സ്വകാര്യ മൂലധനത്തെ രണ്ടുകയ്യും നീട്ടി ഇടതുപക്ഷം വരവേൽക്കുമെന്നു ബജറ്റ് വ്യക്തമാക്കുന്നു. സയൻസ് പാർക്ക് അടക്കമുളള പല വമ്പൻ പ്രഖ്യാപനങ്ങളും സർക്കാരിനു മാത്രമായി നടപ്പാക്കാൻ കഴിയുന്നതല്ല. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഇത്രയും ഊന്നൽ കൊടുത്ത ബജറ്റ് സമീപകാലത്ത് ഉണ്ടായിട്ടില്ല. കേരളത്തെ ഉന്നത വിദ്യാഭ്യാസമേഖലയുടെ ധിഷണ കേന്ദ്രമാക്കി മാറ്റുമെന്നു കൊച്ചി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖ പ്രഖ്യാപിച്ചപ്പോൾ അതിനുള്ള മാർഗങ്ങളും പരീക്ഷണങ്ങളും ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നു. സ്വകാര്യ മേഖലയെ ആശ്രയിക്കാതെ വഴിയില്ലെന്നു ബജറ്റിനു ശേഷമുള്ള വാർത്താസമ്മേളനത്തിലും മന്ത്രി സ്ഥിരീകരിച്ചു.

വികസന പ്രതീക്ഷകൾ പങ്കുവയ്ക്കുമ്പോൾ ഉയർന്നുവരുന്ന ചോദ്യം ഭൂമിയുടെ വിനിയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളും കടുംപിടിത്തങ്ങളും മാറ്റാതെ ആ വിപ്ലവം സാധ്യമാകുമോ എന്നതു തന്നെ. തോട്ടങ്ങളിൽ പഴവും പച്ചക്കറിയും കൃഷി ചെയ്തുള്ള മൂല്യവർധനയ്ക്കായി ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വേണ്ടിവരുമെന്ന സൂചന ബജറ്റ് പ്രസംഗം നൽകി. ഭൂപരിഷ്കരണ നിയമത്തെ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ സിപിഐ അയവുവരുത്തുമോ എന്നതാണ് ഇനി അറിയേണ്ടത്. സിപിഐയുടെ കൃഷി വകുപ്പ് ആവശ്യപ്പെടുന്ന പഴം കൃഷിയെ ആ പാർട്ടിയുടെ തന്നെ റവന്യു വകുപ്പ് നിർദയം എതിർക്കുന്നതുമൂലമാണു 3 വർഷത്തോളമായി ഈ ആശയം അവതാളത്തിലായിരിക്കുന്നത്.

ജിഎസ്ടി നഷ്ടപരിഹാരത്തുകയുടെ കാലാവധി മേയ് മാസത്തിനു ശേഷവും നീട്ടുമെന്ന പ്രതീക്ഷയിലാണ് ബജറ്റ് കണക്കുകൾ തയാറാക്കിയിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിച്ച സാഹചര്യത്തിൽ അതു  പരിഗണിക്കുമെന്ന പ്രതീക്ഷ ഉണ്ടെങ്കിലും നിഷേധിക്കപ്പെട്ടാൽ കേന്ദ്രത്തിനെതിരെ ശക്തമായ പോർമുഖം തുറക്കുന്നതിലേക്കു കേരളത്തിനു നീങ്ങേണ്ടി വരും. അപകടം മുന്നിൽക്കണ്ടുള്ള കേന്ദ്രവിരുദ്ധ സ്വരം ബജറ്റിൽ വായിച്ചെടുക്കാം. 

ജിഎസ്ടിയുടെ കാലത്ത് നികുതി വരുമാന വർധനയ്ക്കായി ഭൂമിയുടെ ന്യായവില കൂട്ടുന്നതു പോലെയുള്ള ചില പരിമിതമായ സാധ്യതകൾ മാത്രമേ സർക്കാരിനു മുന്നിലുള്ളൂ. അതിനിടയിലും മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മുൻഗണനാ പദ്ധതിയായ കാരവൻ ടൂറിസത്തിനായി കാരവനുകളുടെ നികുതി കുറയ്ക്കാൻ മന്ത്രി തയാറായി. ടൂറിസം വകുപ്പിന്റെ പിപിപി മോഡൽ എയർ സ്ട്രിപ് ‘ടേക്ക് ഓഫ്’ ചെയ്യാനും സ്വകാര്യ മൂലധനം കൂടിയേ തീരൂ. എൽഡിഎഫിനകത്ത്  ഉയരുന്ന ആശങ്കകൾക്കിടയിലും 2000 കോടി സിൽവർലൈനിനു വേണ്ടി നീക്കിവച്ചതോടെ പദ്ധതിയോടുള്ള സിപിഎമ്മിന്റെ പ്രതിബദ്ധതയും പ്രകടമായി.

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com