ADVERTISEMENT

തിരുവനന്തപുരം ∙ പുതിയ ഡീസൽ വാഹനങ്ങൾ വാങ്ങുമ്പോൾ 500– 2000 രൂപ ഹരിത നികുതി അധികമായി ചുമത്തുമെന്നു സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ഇവയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണു ലക്ഷ്യം. പുതിയ ഡീസൽ വാഹനങ്ങൾക്ക് ആദ്യമായാണ് ഹരിത നികുതി.

15 വർഷം കഴിഞ്ഞ വാഹനങ്ങൾക്കു നിലവിൽ ചുമത്തുന്ന ഹരിത നികുതിയുടെ 50% കൂടി ഏർപ്പെടുത്തും. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ അനുമതി നൽകുന്ന കേന്ദ്രനയത്തിന്റെ തുടർച്ചയായാണിത്.

കാർ, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടർ വാഹനങ്ങൾക്കു നിലവിലെ 200 രൂപ നികുതി 300 ആകും. മീഡിയം വാഹനങ്ങൾക്കു 400 രൂപയിൽനിന്ന് 600 രൂപ, ഹെവി മോട്ടർ വാഹനങ്ങൾക്ക് 600 ൽനിന്ന് 900 എന്നിങ്ങനെയാണു വർധന. 2 നികുതി വർധനയിലൂടെയും 10 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

മോട്ടർ വാഹന നികുതി കുടിശിക അടയ്ക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഈ വർഷവും തുടരും. 2 കോടിയോളം രൂപയുടെ അധിക വരുമാനമാണു പ്രതീക്ഷിക്കുന്നത്.

പുതിയ ഡീസൽ വാഹനം: ഹരിതനികുതി ഇങ്ങനെ

ഓട്ടോറിക്ഷ, ഗുഡ്സ് ഓട്ടോ 500 രൂപ

കാർ, ജീപ്പ് 1000 രൂപ

മീഡിയം മോട്ടർ വാഹനം 1500 രൂപ

ഹെവി മോട്ടർ വാഹനം 2000 രൂപ

ബൈക്കിന് വില കൂടും

2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടർസൈക്കിളുകളുടെ ഒറ്റത്തവണ മോട്ടർ വാഹന നികുതി 1% കൂട്ടി. ഒരു ലക്ഷം രൂപ വരെ വിലയുള്ള ബൈക്കിനു 11% നികുതിയെന്നത് 12% ആകും. 1–2 ലക്ഷം വിലയുള്ളതിനു നിലവിലെ 12% നികുതി 13% ആകും. പ്രതിവർഷം 60 കോടിയോളം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.

10,000 ഇ-ഓട്ടോകൾക്ക് സഹായം

തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ 25,000– 30,000 രൂപ വീതം ഇൻസെന്റീവ് നൽകി 10,000 ഇ-ഓട്ടോകൾ പുറത്തിറക്കും. സാധാരണ ഇന്ധനത്തിലോടുന്ന ഓട്ടോ ഇ– ഓട്ടോയാക്കാൻ 15,000 രൂപ റെട്രോ ഫിറ്റ്മെന്റ് സബ്സിഡി നൽകും. ഗുണഭോക്താക്കളിൽ 50% വനിതകളായിരിക്കും. ഇതിനായി 15.55 കോടി രൂപ വകയിരുത്തി.

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com