ADVERTISEMENT

ചെറിയ അളവിൽ ഭൂമി കൈവശമുള്ളവരൊഴികെ എല്ലാ ഭൂവുടമകളും കൂടുതൽ ഭൂനികുതി അടയ്ക്കേണ്ടി വരും. ഒരു ഏക്കറിൽ (40.47 ആർ) കൂടുതൽ ഭൂമി ഉള്ളവർക്കായി പുതിയ സ്ലാബ് ഏർപ്പെടുത്തി നികുതി പരിഷ്കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. 2018 ഏപ്രിലിലാണ് മുൻപു ഭൂനികുതി പരിഷ്കരിച്ചത്. ഇതു പ്രകാരം കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിലായി 2 സ്ലാബുകൾ അടിസ്ഥാനമാക്കിയാണു നികുതി. ഇനി കൂടുതൽ സ്ലാബുകൾ ഉണ്ടാകാനാണു സാധ്യത.

നിലവിലെ ഭൂനികുതി സ്ലാബുകൾ

∙ കോർപറേഷൻ

4 സെന്റ് (1.62 ആർ) വരെ: 10 രൂപ/ആർ

4 സെന്റിൽ കൂടുതൽ: 20 രൂപ/ആർ

∙ മുനിസിപ്പാലിറ്റി

6 ‌‌‌സെന്റ് (2.43 ആർ) വരെ: 5 രൂപ/ആർ

6 സെന്റിൽ കൂടുതൽ: 10 രൂപ/ആർ

∙ പഞ്ചായത്ത്

20 സെന്റ് (8.1 ആർ) വരെ: 2.50 രൂപ/ആർ

20 സെന്റിൽ കൂടുതൽ: 5 രൂപ/ആർ

പുതിയ സ്ലാബ് ശുപാർശ

∙ കോർപറേഷൻ

4 സെന്റ് (1.62 ആർ) വരെ: 10 രൂപ/ആർ

4–50 സെന്റ് (1.62–20 ആർ) വരെ: 20 രൂപ/ആർ

50–100 സെന്റ് (20–40.47 ആർ) വരെ: 30 രൂപ/ആർ

100 സെന്റിൽ (40.47 ആർ) കൂടുതൽ: 40 രൂപ/ആർ

∙ മുനിസിപ്പാലിറ്റി

6 സെന്റ് (2.43 ആർ) വരെ 5 രൂപ/ആർ

6 –50 സെന്റ് (2.43–20 ആർ) വരെ 10 രൂപ/ആർ

50– 100 സെന്റ് (20 –40.47 ആർ) വരെ: 15 രൂപ/ആർ

ഒരേക്കറിൽ (40.47 ആർ) കൂടുതൽ: 20 രൂപ/ആർ

∙ പഞ്ചായത്ത്

20 സെന്റ് (8.1 ആർ) വരെ: 2.50 രൂപ/ആർ

20–50 സെന്റ് (8.‌1–20.23 ആർ) വരെ: 5 രൂപ/ആർ

50–100 സെന്റ് (20.23–40.47 ആർ) വരെ: 7.50 രൂപ/ആർ

100 സെന്റിൽ (40.47 ആർ) കൂടുതൽ: 10 രൂപ/ആർ

രണ്ടാം കുട്ടനാട് പാക്കേജിന് 140 കോടി

രണ്ടാം കുട്ടനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനും അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്കുമായി 140 കോടി രൂപ വകയിരുത്തി. ഇടുക്കി, വയനാട്, കാസർകോട് പാക്കേജു‍കൾക്കായി 75 കോടി രൂപ വീതം അനുവദിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനുളള പദ്ധതികൾ നടപ്പിലാക്കാൻ 33 കോടി രൂപ നീക്കിവച്ചു.

കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വിളനാശം കുറച്ച് നെ‍ല്ലുൽപാദനം വർ‍ധിപ്പിക്കാൻ 54 കോടി രൂപ അനുവദിച്ചു. ലോവർ‍ കുട്ടനാട് മേഖലകളിലെ കാർഷികോൽപാദന വിപുലീകരണം ലക്ഷ്യമിട്ട് കനാൽ ആഴംകൂട്ടലിനും പുറംബണ്ട്, സംരക്ഷണഭിത്തി, എൻജിൻ തറ, എ‍ൻജിൻ ഷെഡ് എന്നിവയുടെ നിർമാണത്തിനുമായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതിന് 20 കോടി രൂപ വകയിരുത്തി.

ശബരിമല മാസ്റ്റർ പ്ലാൻ: 30 കോടി

ശബരിമല മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾക്കായി 30 കോടി രൂപ വകയിരുത്തി. പ്രകൃതിസംരക്ഷണം ഉറപ്പുവരുത്തിയും പ്രദേശവാസികളുടെ ജീവനോപാധികൾ സംരക്ഷിച്ചുമാണു പദ്ധതികൾ നടപ്പാക്കുന്നത്.

സോളർ പാനലിന് പലിശയിളവ്

വീടുകളിൽ സോളർ പാനലുകൾ സ്ഥാപിക്കുന്നതിനായി ഉപയോക്താക്കൾ എടുക്കുന്ന വായ്പയ്ക്കു പലിശയിളവ്. 500 കോടി രൂപയുടെ വായ്പയ്ക്ക് പലിശ ഇളവു നൽകാൻ 15 കോടി രൂപ അനുവദിച്ചു.

രാത്രികാല വെറ്ററിനറി സേവനത്തിന് 9.8 കോടി

അടിയന്തര വെറ്ററിനറി സേവനങ്ങൾ രാത്രിയിൽ കർഷകരുടെ വീട്ടിൽ എത്തിക്കുന്നതിനു മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്കായി 9.80 കോടി രൂപ അനുവദിച്ചു. എല്ലാ ബ്ലോക്കുകളിലും രാത്രി സേവനം നിലവിലുണ്ട്. അതു മെച്ചപ്പെടുത്താനാണു കൂടുതൽ തുക നീക്കിവച്ചത്.

മറക്കില്ല ലാറ്റിനമേരിക്കയെ

ലാറ്റിനമേരിക്കയെ ആശ്ലേഷിച്ച് ധനമന്ത്രി കെഎൻ.ബാലഗോപാൽ. കേരള സർവകലാശാലയുടെ സെന്റർ ഫോർ ലാറ്റിനമേരിക്കൻ സ്റ്റഡീസിനു 2 കോടി രൂപയാണ് അനുവദിച്ചത്. ബാലഗോപാൽ രാജ്യസഭാംഗമായിരുന്നപ്പോൾ അനുവദിച്ച 25 ലക്ഷം രൂപകൊണ്ടായിരുന്നു പഠനകേന്ദ്രത്തിന്റെ തുടക്കം.

പോർച്ചുഗീസുകാർ കേരളത്തിലെത്തിയ കാലം മുതൽ ലാറ്റിനമേരിക്കൻ വിളകൾ ഇവിടെ കൃഷി ചെയ്യുന്നുണ്ടെന്നും ലാറ്റിനമേരിക്കയുടെ കൃഷിയും സംസ്കാരവും സംബന്ധിച്ച താരതമ്യ പഠനങ്ങൾക്കാണ് ഇപ്പോൾ 2 കോടി നൽകിയതെന്നുമാണു വിശദീകരണം.

വന്യജീവി ആക്രമണം: പരിഹാരപദ്ധതികൾക്ക് 25 കോടി

മനുഷ്യ – വന്യജീവി സംഘർഷ മേഖലകളിലെ പ്രശ്നങ്ങൾക്കു പരിഹാര പദ്ധതികൾ തയാറാക്കാൻ 25 കോടി രൂപ വകയിരുത്തി. ഇതിൽ 7 കോടി വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടു‍ന്നവർക്കും പരുക്കേൽക്കുന്നവർക്കും നഷ്ടപരിഹാരം നൽകാനാണ്.

വനപരിധി‍യിലെ പ്രദേശങ്ങളുടെ സർവേ, അതിർത്തി തിരിക്കൽ, വനവൽക്കരണം, വനാതിർത്തിയിൽ താമസിക്കുന്നവരെ വനസംരക്ഷ‍ണത്തിൽ പങ്കാളി‍യാക്കൽ തുടങ്ങി വിവിധ പദ്ധതികൾക്കായി 26 കോടി രൂപ അനുവദിച്ചു. ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും പരിപാലനത്തി‍നുമായി 10 കോടി നീക്കിവച്ചു.

കശുവണ്ടി മേഖലയ്ക്ക് ആശ്വാസ പദ്ധതികൾ

കോവിഡിൽ താളം തെറ്റിയ ചെറുകിട-ഇടത്തരം കശുവണ്ടി ഫാക്ടറികൾക്ക് ആശ്വാസ പദ്ധതി. ഇവയ്ക്കു പ്രവർത്തന മൂലധനം, ആധുനികീകരണ സഹായം, പലിശ സഹായം എന്നിവ നൽകുന്നതിനും പുനരുദ്ധാരണത്തിനും 7 കോടി വകയിരുത്തി.

കേരള സ്റ്റേറ്റ് കാഷ്യു ഡവലപ്മെന്റ് കോർപറേഷന് 6 കോടി, കാപ്പെക്സിന് 4 കോടി, കേരള സ്റ്റേറ്റ് ഏജൻസി ഫോർ എക്സ്പാൻഷൻ ഓഫ് കാഷ്യു കൾട്ടിവേഷന് 7.15 കോടി, കേരള കാഷ്യു ബോർഡിന് 40.85 കോടി എന്നിവ ഉൾപ്പെടെ ആകെ 58 കോടി രൂപ വകയിരുത്തി.

നൂതനമായ അൾട്രാ-ഹൈ ഡെൻസിറ്റി കശുമാവ് നടീൽ രീതി അവലംബിച്ച് പൈലറ്റ് പ്രോജക്ട് നടപ്പിലാക്കാൻ 7 ലക്ഷം രൂപ അനുവദിക്കും. കശുവണ്ടി വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനു ബാങ്ക് വായ്പകൾക്കു പലിശ ഇളവു നൽകാനും മറ്റുമായി 30 കോടി രൂപ അനുവദിച്ചു.

കേന്ദ്രത്തിന് വിമർശനം

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കു സംസ്ഥാന ബജറ്റിൽ രൂക്ഷവിമർശനം. കേന്ദ്ര ബജറ്റ് നിരാശാജനകമായിരുന്നെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്ര നയങ്ങൾ സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടുകയാണ്. അർഹമായ വിഹിതം നിഷേധിച്ചും പരോക്ഷ നികുതികൾ വർധിപ്പിച്ചും സംസ്ഥാനങ്ങൾക്കുമേൽ ഭാരം അടിച്ചേൽപിക്കുന്നു. കോവിഡ് കാലത്തുണ്ടായ ക്ഷീണവും നഷ്ടവും പരിഹരിക്കാൻ ജനങ്ങളുടെ കയ്യിലേക്കു പണം എത്തിക്കണം. കേന്ദ്രം അതിനു തയാറാകുന്നില്ലെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.

ലോക സമാധാനത്തിന് 2 കോടി

ലോക സമാധാനത്തിനും സംസ്ഥാന ബജറ്റിൽ പണം. ലോകമെങ്ങുമുള്ള പ്രഗല്ഭരായ സമാധാനപ്രവർത്തകരെയും ചിന്തകരെയും സംഘടിപ്പിച്ച് ഓൺലൈൻ ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കാനും സമാധാന പ്രസ്ഥാനങ്ങൾക്കു ശക്തി പകരുന്നതിനുമായി 2 കോടി രൂപ നീക്കിവച്ചു. യാത്രാ നിയന്ത്രണങ്ങൾ നീങ്ങുന്ന മുറയ്ക്ക് പ്രതിനിധികൾ നേരിട്ടു പങ്കെടുക്കുന്ന ലോക സമാധാന സമ്മേളനം വിളിച്ചുചേർക്കാൻ മുൻകയ്യെടുക്കും.

കാർഷിക ഉപകരണങ്ങൾക്ക് അരക്കോടി വായ്പ

കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങാൻ സ്വയംതൊഴിൽ കാർഷിക ഗ്രൂപ്പുകൾക്ക് 50 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. ഇതിൽ 25 ശതമാനമോ 10 ലക്ഷം രൂപയോ സബ്സിഡിയായി നൽകും. 20 കോടി രൂപ അനുവദിച്ചു. വിദേശത്തെയും രാജ്യത്തെയും നൂതന കൃഷിമാർഗങ്ങൾ പഠിക്കാൻ കർഷകർക്ക് അവസരം നൽകുന്നതിനു 2 കോടി രൂപ വകയിരുത്തി.

നിർ‍മാണ മേഖലയിൽ നൂതന യന്ത്രങ്ങൾ വാങ്ങാൻ ഒരു കോടി രൂപ വരെ വായ്പ അനുവദിക്കും. ഇതിൽ 25 ശതമാനമോ 20 ലക്ഷം രൂപയോ സബ്സിഡിയായി നൽകും. ത‍ദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി‍ക്കായി 20 കോടി അനുവദിച്ചു. കാർഷിക സേവന കേന്ദ്രങ്ങളും കാർഷിക കർമസേനകളും ശക്തിപ്പെടുത്തി കൃ‍ഷിശ്രീ കേന്ദ്രങ്ങൾ എന്ന പേരിൽ ഏകജാലക വിതരണ സംവിധാനം വികസിപ്പിക്കാൻ 19.81 കോടി വകയിരുത്തി.

അവസാന വർഷ വിഎച്ച്എസ്ഇ അഗ്രികൾചർ-ഓർഗാനിക് ഫാ‍മിങ് വിദ്യാർഥികൾക്കും കോഴ്സ് പൂർത്തീ‍കരിച്ചവർക്കും 2500 രൂപ പ്രതിമാസ ഇൻ‍സെന്റീവോടെ 6 മാസ പ്രായോഗിക പരിശീലന പരിപാടി നടപ്പിലാക്കാൻ 2.8 കോടി രൂപ അനുവദിച്ചു.

വിള ഇൻഷുറൻസിന് 30 കോടി; കൃഷി ജനകീയമാക്കാൻ ക്യാംപെയ്ൻ

കർഷകർക്കും വിളകൾ‍ക്കുമുള്ള ഇൻഷുറൻസ് വിഹിതം 30 കോടിയായി ഉയർത്തി. പ്രകൃതിക്ഷോ‍ഭത്തിലും മറ്റും വിളനാശം സംഭവിച്ചാ‍ൽ അടിയന്തര സഹായം നൽകാൻ 7.5 കോടി രൂപയും അനുവദിച്ചു. കൃഷി ജനകീയമാക്കു‍ന്നതിന് ‘ഞങ്ങളും കൃഷിയിലേക്ക്’ പ്രചാരണ പരിപാടി ആരംഭിക്കും. കാലാവസ്ഥ വ്യതിയാനത്തിന്റെ സ്വാധീനം കണക്കിലെടുത്ത് ശാസ്ത്രീയ രീതിയിൽ കാർബൺ തുല്യതാ കൃഷി രീതികൾക്കു പ്രോത്സാഹനം നൽകാൻ 6 കോടി രൂപ വകയിരുത്തി.

കൃഷിരംഗത്ത് സംഭരണം, വിപണനം, മൂല്യവർധന എന്നിവയിൽ സഹകരണ സംഘങ്ങൾ കൂടുതൽ ഇടപെടാൻ പദ്ധതി നടപ്പാക്കുന്നു. ഇതിനായി 22.5 കോടി വകയിരുത്തി. ആധുനിക സൗകര്യങ്ങളോടെ സംഭരണം, നിലവാരമനുസരിച്ചു തരംതിരിക്കൽ, മൂല്യവർധന തുടങ്ങിയ സൗകര്യങ്ങളുള്ള വിപണി ഒരു പഞ്ചായത്തിൽ ഒന്ന് എന്ന കണക്കിൽ സ്ഥാപിക്കുകയാണു ലക്ഷ്യം.

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com