ADVERTISEMENT

മന്ത്രി കെ.എൻ.ബാലഗോപാൽ പുതിയ ബജറ്റിൽ പല പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. തൊഴിൽരഹിതരായ യുവാക്കൾക്കു പ്രതീക്ഷ നൽകുന്ന ഉന്നതവിദ്യാഭ്യാസരംഗത്തെ ചില സ്വപ്നപദ്ധതികൾ ഇതിൽ പെടുന്നു. പക്ഷേ, എല്ലാ പദ്ധതികളും ഊന്നി നിൽക്കുന്നതു കിഫ്ബി എന്ന ഫണ്ടിങ് ഏജൻസിയിലാണ്. അതുകൊണ്ട് ഇതിനെ‘ടു ഇൻ വൺ ബജറ്റ്’ എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഇഡ്ഡലി കൊള്ളാമോ എന്ന് അറിയുന്നത് കഴിച്ചു നോക്കുമ്പോഴാണ്. എങ്ങനെ എപ്പോൾ നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ബജറ്റിലെ പദ്ധതികളെ വിലയിരുത്തേണ്ടത്. നമ്മുടെ പകുതിയിലേറെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിലെന്നപോലെ ഇതൊന്നും പിന്നീടു സംസ്ഥാന ഖജനാവിനു ബാധ്യത ആവരുത് എന്നു പറയേണ്ടിയിരിക്കുന്നു.

ഈ പദ്ധതികൾക്കെല്ലാം പണം നൽകുന്നത് കിഫ്ബിയാണ്. കിഫ്ബിയുടെ സ്ഥാനമാകട്ടെ നിയമ നിർമാണ സഭയുടെ പരിധിക്കു പുറത്തും. വികസനപദ്ധതികൾ ഏറ്റെടുക്കുന്നതിൽ സർക്കാരിന്റെ കഴിവുകേടു തുറന്നുകാട്ടുന്നതാണിത്. പിരിഞ്ഞു കിട്ടാനുള്ള നികുതിയും നികുതിയേതര വരുമാനവും കൃത്യമായി പിരിച്ചെടുത്തിരുന്നുവെങ്കിൽ സർക്കാരിന് ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല. 1975-86 ൽ സർക്കാരിന്റെ നികുതി ശേഖരണ മികവ് 100 രൂപയ്ക്ക് 12.4 രൂപയായിരുന്നെങ്കിൽ കഴിഞ്ഞ വർഷം അത് 6.5 രൂപയായി കുറഞ്ഞു.

ബജറ്റിൽ പ്രഖ്യാപിച്ചതും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ നടപ്പാക്കിയതുമായ പദ്ധതികളുടെ കണക്കു കൂടി സഭയിൽ അവതരിപ്പിച്ചിരുന്നെങ്കിൽ ബജറ്റിന്റെ വിശ്വാസ്യത കൂടിയേനെ. സർക്കാർ വിദേശവായ്പ എടുത്തു നടപ്പാക്കുന്ന റീബിൽഡ് കേരള പദ്ധതിയുടെ പുരോഗതിയെ കുറിച്ചു ബജറ്റ് പ്രസംഗത്തിൽ ഒന്നും പറയുന്നില്ല. രാജ്യത്തു ലഭ്യമല്ലാത്ത സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാനാണു വിദേശവായ്പ എങ്കിൽ അത് അംഗീകരിക്കപ്പെടും. എന്നാൽ അങ്ങനെ ഒന്ന് ആണെന്നതിനു സൂചനയില്ല.

630 കോടി രൂപ മാത്രം അധികവരുമാനം പ്രതീക്ഷിക്കുന്ന പുതിയ നികുതി നിർദേശങ്ങൾ വെറും മുഖംമിനുക്കൽ മാത്രം. സാധാരണക്കാരുടെ വാഹനങ്ങൾക്കു പകരം ആഡംബര വാഹനങ്ങൾക്ക് അധിക നികുതി ചുമത്തിയിരുന്നെങ്കിൽ അതിനു ന്യായമുണ്ടായിരുന്നു.

നഷ്ടം കൂട്ടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സാമൂഹിക ഉത്തരവാദിത്തങ്ങളുടെ പേരിൽ ന്യായീകരിക്കുന്നതിനു പകരം സാമൂഹിക ആവശ്യങ്ങൾക്കുള്ള നഷ്ടം നികത്താനുള്ള പണം മാത്രം നൽകിയ ശേഷം അവരോടു സർക്കാർ ഖജനാവിലേക്ക് മിനിമം വരുമാനം എങ്കിലും ഉണ്ടാക്കാൻ ആവശ്യപ്പെടുകയാണ് വേണ്ടത്. അങ്ങനെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആ സ്ഥാപനങ്ങൾക്കു കഴിയണം. നിലവിൽ പ്രതിവർഷം 2500 കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന നഷ്ടം. 

6 വർഷത്തിനുള്ളിൽ 15,000 കോടി രൂപയാണു സർക്കാർ ഖജനാവിൽനിന്ന് ഇവയ്ക്കായി ഒഴുകിയത്. സാധാരണ ജനത്തിന്റെ നികുതിപ്പണംകൊണ്ട് ഇത്തരം വെള്ളാനകളെ എക്കാലവും നിലനിർത്താമെന്നുള്ള കണക്കുകൂട്ടൽ ഒരു സർക്കാരിനും ഭൂഷണമല്ല. കെഎസ്ആർടിസിയെ പുനരുദ്ധരിക്കാൻ സുശീൽ ഖന്ന കമ്മിറ്റി നൽകിയ ശുപാർശകൾക്ക് എന്ത് സംഭവിച്ചു എന്നു ധനമന്ത്രി പറയണം. എന്നിട്ട് വേണമായിരുന്നു കെഎസ്ആർടിസിക്ക് വീണ്ടും 1000 കോടി രൂപ കൂടി അനുവദിക്കാൻ.

കാലം തെളിയിക്കേണ്ട ചില നല്ല നിർദേശങ്ങൾ ബജറ്റിൽ ഉണ്ടെന്നു ഞാൻ മറക്കുന്നില്ല. 2 ദിവസം വീതം നഴ്സറി സ്കൂൾ കുട്ടികൾക്കു പാലും മുട്ടയും നൽകാനുള്ള തീരുമാനം മനസ്സിനെ സ്പർശിച്ചു. കടത്തിൽ ഓടുന്ന കേരളത്തിന്റെ ധനസ്ഥിതിയുടെ കാർമേഘങ്ങൾക്കിടയിൽ ഇത്തരം ചില സാമൂഹിക പരിഗണനകൾ വെള്ളി വെളിച്ചമായി ഞാൻ കാണുന്നു.

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com