ADVERTISEMENT

തിരുവനന്തപുരം ∙ ‘അകലമില്ലാതെ’ നിയമസഭാംഗങ്ങൾ. മാസ്ക് മാറ്റി ‘ടാബ്‍ലറ്റിൽ’ നോക്കി ബജറ്റ് അവതരണം. ധനമന്ത്രി കെ.എൻ.ബാലഗോപാൽ എത്തിയത് വ്യവസായ മന്ത്രി പി.രാജീവ് ആവശ്യപ്പെട്ട പ്രകാരം കൈത്തറി ഷർട്ടണിഞ്ഞ്. സാഹിത്യശക‍ലങ്ങളുടെ പൊട്ടും പൊടി‍യുമില്ലാത്ത രണ്ടേകാൽ മണിക്കൂർ. ഭരണപക്ഷത്തെ ‘ബെഞ്ചിലടി’ നിർത്താതെ മുഴങ്ങിയപ്പോൾ പ്രതിപക്ഷത്തിന്റെ പ്രതിഷേധസ്വരം നേർ‍ത്തതുമായി. 

15–ാം നിയമസഭാ സമ്മേളനത്തിലെ ബജറ്റ് അവതരണത്തിന് പുതുമയും കൗതുകങ്ങളും ഏറെയായിരുന്നു. കന്നി ബജറ്റ് അവതരണം പുസ്തകത്തിലായിരുന്നെങ്കിൽ രണ്ടാം ബജറ്റ് ‘ടാബ്‍ലറ്റിലാണ്’ മന്ത്രി വായിച്ചത്. കടലാസുരഹിത അവതരണത്തെ സ്പീക്കർ എം.ബി.രാജേഷ് അഭിനന്ദിക്കുകയും ചെയ്തു. 

ഒൻപതിന് സഭ സമ്മേളിച്ച ഉടൻ, ഇരിപ്പിടത്തിലെ ക്രമീകരണത്തെക്കുറിച്ചു സ്പീക്കർ വിശദീകരിച്ചു. കോവിഡിനെ തുടർന്ന് അകലം പാലിച്ചായിരുന്നു അംഗങ്ങൾ ഇരുന്നിരുന്നത്. നിയന്ത്രണങ്ങളിൽ അയവു വരുത്തി. ‘‘ഇപ്പോൾ അകൽച്ചയിൽ ഗണ്യമായ കുറവുണ്ടാകും അടുപ്പവും സൗഹൃദവും വളർത്തും’’– സ്പീക്കറുടെ കമന്റ്. അകലം കുറച്ചെങ്കിലും മുഖാവരണം കരുതണമെന്നു സ്പീക്കർ പറഞ്ഞു 

സാമ്പത്തിക അവലോകനം മുൻകൂട്ടി ലഭ്യമാക്കിയില്ലെന്ന പരാതിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എഴുന്നേറ്റു. ഇത് കീഴ്‌വഴക്കമല്ലെന്നു പറഞ്ഞ് സ്പീക്കർ ക്രമപ്രശ്നം തീർപ്പാക്കി. 9.07 നാണ് ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രിയെ സ്പീക്കർ ക്ഷണിച്ചത്. മാസ്ക് മാറ്റി ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കണമെന്ന മന്ത്രിയുടെ അഭ്യർഥന സ്പീക്കർ അനുവദിച്ചു. 

മുൻഗാമി തോമസ് ഐസക്കിനെ പോലെ കവിതകളും ഉദ്ധരണികളുമൊക്കെയായി ബജറ്റ് അവതരണം ബാലഗോപാൽ ആഘോഷമാ‍ക്കിയില്ല. നല്ല സ്പീഡിലായിരുന്നു പോക്ക്. കൈത്തറിമേഖലയുടെ പ്രോത്സാഹനം പ്രഖ്യാപനത്തിൽ മാത്രമല്ലെന്നു പറഞ്ഞ മന്ത്രി ഹാന്റക്സ് ഷർട്ടാണ് താൻ ധരിച്ചിരിക്കുന്നതെന്നു വ്യക്തമാക്കി. 

പ്രചാരണത്തിനു വേണ്ടി ഇക്കാര്യം സഭയിൽ പറയണമെന്നു വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞതിനാലാണ് വെളിപ്പെടുത്തിയതെന്നും പറഞ്ഞതോടെ സഭയിൽ കൂട്ടിച്ചിരിയായി. മുഖ്യമന്ത്രി പിണറായി വിജയനും തമാശ ആസ്വദിച്ചു. ഇത് കമാൻഡോ ഷർട്ടാണെന്ന് അംഗങ്ങളിലൊരാൾ പറഞ്ഞതോടെ ചിരിമഴ. 

പ്രതിപക്ഷത്തുനിന്ന് ഇന്നലെ കാര്യമായ പ്രതിഷേധം ഉയർന്നില്ല. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തിരിച്ചടിയുടെ ക്ഷീണത്തിലായിരുന്നു പ്രതിപക്ഷം. സമയം കുറയ്ക്കാനാണ് സാഹിത്യം ഒഴിവാക്കിയതെന്നും അടുത്തവർഷം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഭാര്യ ആശ പ്രഭാകരൻ, മകൾ കല്യാണി എന്നിവരും പ്രസംഗം കേൾക്കാൻ സഭയിലെത്തി. 

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com