ADVERTISEMENT

തിരുവനന്തപുരം ∙ മഹാരാഷ്ട്രയിൽ മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ശബ്ദമുയർത്തുന്ന ഇടതു മുന്നണി തന്നെയാണു കേരളത്തിൽ അതിവേഗ റെയിൽപാത പദ്ധതിക്കു നേതൃത്വം നൽകുന്നതെന്ന് പരിസ്ഥിതി, സാമൂഹിക പ്രവർത്തക മേധ പട്കർ.  കെ–റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കാസർകോട്ടു നിന്ന് ഒന്നിന് ആരംഭിച്ച  സമരജാഥയുടെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കത്തുന്ന ചൂടിനെ വകവയ്ക്കാതെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിൽ അണിനിരന്ന ജാഥയിൽ ‘വികസനം വേണം; വിനാശം വേണ്ട’ എന്നു മേധ പട്കർ മുഴക്കിയ മുദ്രാവാക്യം ചുറ്റും കൂടിയവർ ഏറ്റുവിളിച്ചു. 

കേരളത്തെ തുടർച്ചയായി വലയ്ക്കുന്ന പ്രളയങ്ങളും  മണ്ണിടിച്ചിലുകളും  തടയാനുള്ള മാർഗം സ്വീകരിച്ച് ജീവിക്കാനുള്ള അടിസ്ഥാന ഭരണഘടനാവകാശം നേടിയെടുക്കേണ്ട സമയം സിൽവർലൈൻ പോലുള്ള നിയോ ലിബറൽ നയങ്ങൾ നടപ്പാക്കുകയാണ് സർക്കാരെന്ന് മേധ പട്കർ ആരോപിച്ചു.  530 കിലോമീറ്റർ നീളത്തിൽ പോകുന്ന ഈ ട്രെയിൻ ഇരുപതിനായിരത്തിലധികം കുടുംബങ്ങളെയും തണ്ണീർത്തടങ്ങളെയും കൃഷിയിടങ്ങളെയും ഉഴുതുമറിക്കും. വെള്ളത്തിന്റെ പ്രകൃതിദത്തമായ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത പ്രകൃതി ദുരന്തങ്ങൾ കേരളത്തിൽ ഉണ്ടാകുകയും ചെയ്യും.

കെ–റെയിലിനെ എതിർക്കുന്നവർ മുഖ്യമന്ത്രിയുമായി ചർച്ചയ്ക്കു വരുമ്പോൾ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പോയിരിക്കുകയാണ്. അവർക്കു രണ്ടു പേർക്കും ഒരേ വികസന നയമാണോ എന്നു സംശയിക്കണം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആറന്മുള വിമാനത്താവളം വരുമെന്നു പറഞ്ഞപ്പോൾ, ഇപ്പോഴത്തെ കൃഷി മന്ത്രി പി.പ്രസാദ് അടക്കമുള്ളവർ പ്രതിഷേധിച്ചതിനെ തുടർന്ന് അന്നതു പിൻവലിച്ചു. അതാണു ജനാധിപത്യമെന്ന് അവർ പറഞ്ഞു. 

സമിതിയുടെ സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. പൊലീസ് നടപടിയെ അതിജീവിച്ച സിന്ധു ജയിംസ് ചെങ്ങന്നൂർ, റോസിലിൻ ഫിലിപ് മാടപ്പള്ളി തുടങ്ങിയവർ ചേർന്ന് സമരജ്വാല തെളിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, മോൻസ് ജോസഫ് എംഎൽഎ, സി.ആർ.നീലകണ്ഠൻ, ജനറൽ കൺവീനർ എസ്.രാജീവൻ, ജോസഫ് എം.പുതുശ്ശേരി, തുടങ്ങിയവർ പ്രസംഗിച്ചു.

English Summary: Medha Patkar about silver line project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com