ADVERTISEMENT

കൊച്ചി∙ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കിൽ സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ചു ശാരീരിക ബന്ധത്തിനു മുതിരുകയോ ഇക്കാര്യത്തിൽ സ്ത്രീക്കു തീരുമാനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യണമെന്നു ഹൈക്കോടതി. ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം ഇൗ കുറ്റം ചുമത്താൻ കഴിയില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരെ പ്രതിയായ വണ്ടിപ്പെരിയാർ സ്വദേശി നൽകിയ അപ്പീൽ അനുവദിച്ചാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. ശിക്ഷ റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേർപ്പെടുകയും വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാത്തതിനെ തുടർന്നു മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു. 

ശാരീരിക ബന്ധത്തിനു യുവതിയുടെ അനുമതിയുണ്ടെന്നു വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. അനുമതി നേടിയതു വ്യാജ വാഗ്ദാനം നൽകിയോ വസ്തുതകൾ മറച്ചു വച്ചോ ആണെന്നു പ്രോസിക്യൂഷനു തെളിയിക്കാനായില്ല. ലൈംഗികതയുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അധികാരം സംരക്ഷിക്കണം എന്നാണു നിയമം ലക്ഷ്യമിടുന്നത്. ശാരീരിക ബന്ധത്തിനു മുൻപു പ്രതി തനിക്ക് അറിവുള്ള കാര്യങ്ങൾ മറച്ചുവയ്ക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താൽ സ്ത്രീയുടെ തീരുമാനത്തെ സ്വാധീനിക്കും. സാഹചര്യങ്ങൾ കൂടി വിലയിരുത്തി കേസിൽ തീരുമാനമെടുക്കണമെന്നു കോടതി പറഞ്ഞു. 

പ്രതി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനു തൊട്ടുമുൻപാണു കേസിന് ആധാരമായ സംഭവം നടന്നത്. പ്രതിയും യുവതിയും 10 വർഷത്തിലേറെ പ്രണയത്തിൽ ആയിരുന്നുവെന്നും സ്ത്രീധനം ഇല്ലാതെ വിവാഹം നടത്താൻ പ്രതിയുടെ മാതാപിതാക്കൾക്കു സമ്മതമായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യുവതിയെ വിവാഹം ചെയ്യണമെന്നു പ്രതിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പു മൂലം വാഗ്ദാനം പാലിക്കാനായില്ലെന്നും വ്യക്തമാണ്. ഇവിടെ വാഗ്ദാനം ലംഘിച്ചു എന്നു പറയാം; പക്ഷേ വിവാഹം കഴിക്കുമെന്നു വ്യാജ വാഗ്ദാനം നൽകിയെന്നു കരുതാനാവില്ല. വസ്തുതകൾ മറച്ചു വച്ചു യുവതിയുടെ അനുമതി നേടിയെന്നും കരുതാനാവില്ല. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രതിയെ വിട്ടയയ്ക്കുന്നതെന്നു കോടതി വ്യക്തമാക്കി.

English Summary: Rape case verdict in High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com