ADVERTISEMENT

കണ്ണൂർ ∙ അടിസ്ഥാന സൗകര്യ വികസനത്തിനായി കുടിയൊഴിപ്പിക്കുന്നവർക്കു നല്ല നഷ്ടപരിഹാരം നൽകി നീതി ഉറപ്പാക്കണമെന്ന കാഴ്ചപ്പാടാണു സംസ്ഥാന സർക്കാരിന്റേതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ ഈ സന്ദേശം സിപിഎം ഓരോ വീടുകളിലും എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ സാമ്പത്തിക വളർച്ച, സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കു തുല്യ പ്രാധാന്യം ഉറപ്പാക്കും. സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരുകളുടെ 1980 മുതലുള്ള പ്രവർത്തനമാണു മനുഷ്യശേഷി വികസനത്തിന്റെ കാര്യത്തിൽ കേരളത്തെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അർധ അതിവേഗ റെയിൽപാത പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ കഴിയാവുന്നതൊക്കെ ചെയ്യുന്നുണ്ട്. കേന്ദ്രാനുമതി വാങ്ങിയെടുക്കാൻ എല്ലാ ശ്രമവും നടത്തുമ്പോൾ അതിനു തടസ്സം നിൽക്കുകയാണു പ്രതിപക്ഷ പാർട്ടികൾ. 

ചുവടുകൾ കൃത്യം... കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്‌ഘാടന വേദിയിൽ നൃത്തം അവതരിപ്പിച്ചവരോട് കുശലം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ
ചുവടുകൾ കൃത്യം... കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്‌ഘാടന വേദിയിൽ നൃത്തം അവതരിപ്പിച്ചവരോട് കുശലം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ

1956 ൽ തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയമാണു പിന്നീട് ആദ്യ ഇടതുപക്ഷ സർക്കാരിനു ഭൂപരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗനിർദേശമായത്. ഇതേ മാതൃകയിലാണ് കേരളത്തിന്റെ ദീർഘകാല വികസനം മുന്നിൽക്കണ്ടു പാർട്ടിയുടെ കൊച്ചി സംസ്ഥാന സമ്മേളനത്തിൽ പ്രത്യേക രേഖ അവതരിപ്പിച്ചത്. അധഃസ്ഥിതരുടെ ദുരിതങ്ങൾ പരിഹരിക്കുന്നതിനൊപ്പം തന്നെ കേരളത്തെ ആധുനിക, വികസിത സംസ്ഥാനമാക്കി മാറ്റുകയുമാണു രേഖയുടെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു. 

സമരങ്ങളിൽ മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ പരിമിതമായ അധികാരങ്ങൾക്കുള്ളിൽനിന്നു ബദൽ നയങ്ങൾ നടപ്പാക്കുന്നതിലും പാർട്ടി വിജയിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ്, വെല്ലുവിളികൾക്കിടയിലും കേരളത്തിന്റെ അതിദ്രുതമായ വികസനത്തിൽ സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദാരിദ്ര്യ നിർമാർജനം, ഭക്ഷ്യസുരക്ഷ, വീടില്ലാത്ത കുടുംബങ്ങൾക്ക് വീട്, വൃത്തിയുള്ള പരിസ്ഥിതി, എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യത, എളുപ്പത്തിൽ ലഭ്യമാകുന്ന സർക്കാർ സേവനം, കൃഷിമേഖലയെ പുനരുജ്ജീവിപ്പിച്ചു തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ചെറുകിട– ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കൽ എന്നിവയാണു സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും പിണറായി പറഞ്ഞു. 

cartoon

English Summary: CM Pinarayi Vijayan Explains Silverline Project in CPM Party Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com