ADVERTISEMENT

ഉള്ളിവട, കിണ്ണത്തപ്പം, പഴംപൊരി, കായ്പോള, ജ്യൂസ്, പുഡിങ്, കട്‌ലറ്റ്, തരിക്കഞ്ഞി.. അതും കഴിഞ്ഞ് പിന്നെ പത്തിരിയോ കോഴിക്കറിയോ മറ്റോ. പിന്നെയും ഏറെ വൈകി മരുന്നു കഞ്ഞി.. ഹോ! ഭക്ഷണം കഴിച്ച് വല്ലാതാകുന്ന സമയങ്ങളായിരുന്നു അവളെ സംബന്ധിച്ച് ഒരു കാലം വരെ നോമ്പുതുറകൾ. ആ ഭക്ഷണമൊരുക്കൽ, ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ, തീൻമേശയിൽ നിറ‍ഞ്ഞിരിക്കുന്ന വിഭവങ്ങളുടെ ഭംഗി എല്ലാം കൗതുകമാണെങ്കിലും ഉള്ളിലൊരു ചോദ്യം എപ്പോഴും ഇങ്ങനെ നുരഞ്ഞു പൊങ്ങാറുണ്ട്.

നമ്മളെന്തിനാണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത്. രാത്രിയിൽ എന്തെങ്കിലുമൊന്നു കഴിച്ചാലും മതിയാവില്ലേ? അടുത്തിടെ ഒരു വാട്സാപ് സ്റ്റാറ്റസിൽ കണ്ടതു പോലെ പകൽഭക്ഷണം ഒഴിവാക്കാൻ പറഞ്ഞ പടച്ചോനോടുള്ള പ്രതികാരം പോലെതന്നെയാണ് ആളുകൾ ഭക്ഷണം കഴിക്കുന്നതെന്ന് അവൾക്കും തോന്നി. ആ ചിന്ത ഇങ്ങനെ നുരഞ്ഞു പൊങ്ങുന്ന സമയത്താണ് ഉമ്മൂമ അവൾക്കരികിലേക്കെത്തുന്നത്.

നോമ്പിന്റെ പേര് പറഞ്ഞ് നമ്മളെന്തിനാ ഇങ്ങനെ ഭക്ഷണം കഴിക്കുന്നതെന്ന് അവളൊരു ചോദ്യം ഉമ്മൂമയുടെ മുന്നിലേക്ക് അൽപം ദേഷ്യത്തോടെയെങ്കിലും എറിഞ്ഞു. സാധാരണ ഗതിയിൽ ഭക്തി നിറഞ്ഞ ഒരു മറുപടിയാണ് ഉമ്മൂമയിൽ നിന്നുണ്ടാകുക. അതുമല്ലെങ്കിൽ ഇക്കാര്യത്തിൽ അവൾക്കൊപ്പം നിൽക്കും ഉമ്മൂമയെന്നാണ് അവൾക്ക് തോന്നിയത്. ഉമ്മൂമയെ സ്വാധീനിച്ച് വീട്ടിലെ ഭക്ഷണകാര്യത്തിൽ ഒരു തീരുമാനമെടുക്കണമെന്ന് അന്നവൾ തീരുമാനിക്കുകയും ചെയ്തു. 

പക്ഷേ ഉമ്മൂമ അവൾക്കരികിലേക്ക് ചേർന്നു നിന്നു. വിസ്തരിച്ച് ഒരു കഥ പറയാനെന്ന മട്ടിൽ അവളെ നോക്കി. പിന്നെ ഒരു ദീർഘനിശ്വാസം.

പണ്ടൊന്നും ഇത്രയ്ക്കധികം വിഭവങ്ങളുണ്ടായിരുന്നില്ല നോമ്പുതുറക്കാൻ. പക്ഷേ അന്നൊക്കെ നോമ്പിനാണ് പല വിഭവങ്ങളും കഴിക്കാൻ നമുക്ക് അവസരമുണ്ടാകുന്നത്. ഇന്നത്തെപ്പോലെ തോന്നുന്ന എല്ലാ സമയത്തും ഇഷ്ടമുള്ളതൊക്കെ കഴിക്കാനുള്ള അവസരമൊന്നും അന്നുണ്ടായിരുന്നില്ല. ഇല്ലായ്മയ്ക്കും വല്ലായ്മയ്ക്കും മനുഷ്യൻ യാത്ര പറയുന്ന സമയമായിരുന്നു നോമ്പുകാലം. എത്ര സാമ്പത്തിക ബുദ്ധിമുട്ടുള്ളവനും നോമ്പുതുറക്കാൻ കഴിയുംവിധം വിഭവങ്ങൾ കരുതുമായിരുന്നു. ഇതൊക്കെ ആ ഓർമകളിലേക്കാണ് എന്നെ കൊണ്ടുപോകുന്നത്. എന്നു കരുതി അനാവശ്യമായി ഭക്ഷണം പാഴാക്കുന്നതിനോട് എനിക്കൊരു യോജിപ്പുമില്ല കേട്ടോ. മാത്രമല്ല അതു പടച്ചോൻ പൊറുക്കുകയുമില്ല. മഗ്‌രിബ് ബാങ്ക് വിളിച്ചു കഴിഞ്ഞാൽ പിന്നെ കുറച്ചു പഴവർഗങ്ങൾ. ഇത്തിരി ജ്യൂസും കാണും. പിന്നെ എന്തെങ്കിലും ഒരു പലഹാരം. അതിന്റെയൊന്നും പേരും കൂടി പറ‍ഞ്ഞാൽ ഇപ്പോഴത്തെ കുട്ടികൾക്ക് മനസ്സിലാകില്ല. 

അതു കഴിഞ്ഞ് എല്ലാവരും കൂട്ടമായി നമസ്കരിക്കും. ഇപ്പോൾ നമ്മളുണ്ടോ വിശപ്പ് അറിയേണ്ട പോലെ അറിയുന്നു. അന്നു പക്ഷേ നമസ്കാരം കഴിയുമ്പോഴേക്കും  വിശപ്പ് വരും. പിന്നെ കുറച്ച് ഭക്ഷണം കഴിക്കും. ഞങ്ങളുടെ കറികളിലെ കൂട്ടുകൾക്കു വരെ ആരോഗ്യം സംരക്ഷിക്കാൻ കഴിയുമായിരുന്നു.  പിന്നെന്തിനാ ഈ മരുന്നുകഞ്ഞി കൂടി കഴിക്കുന്നതത് എന്നല്ലേ? ഇതിനിടയ്ക്ക് നമ്മൾ തറാവീഹ് കൂടി നമസ്കരിക്കുമല്ലോ? അതിലും വലിയ എന്ത് വ്യായാമമാണ് നോമ്പുകാലത്ത് വേണ്ടത് ? ഉമ്മൂമ ചിരിച്ചു കൊണ്ടു പറഞ്ഞു.

സംഗതി നേരാണല്ലോ എന്നും അവളും  ചിന്തിക്കാതിരുന്നില്ല. ചെയ്യേണ്ട പോലെ ചെയ്താൽ തറാവീഹ് കഴിയുമ്പോഴേക്കും വിശപ്പ് നമുക്ക് താനേ വരും. അതാണ് മുത്താഴത്തിന് ഇത്തിരി കഞ്ഞി കൂടി കുടിക്കുന്നേ. പിന്നെ ഇന്നത്തെപ്പോലെ അത്താഴത്തിന് ( പുലർച്ചെ സമയം) നമ്മൾ അത്രയ്ക്കധികമൊന്നും ഭക്ഷിക്കില്ല. ഒരു ഈന്തപ്പഴമൊക്കെത്തന്നെ അന്നു ധാരാളമായിരുന്നു. ചിലപ്പോൾ ഒരു കട്ടൻ ചായ മാത്രം. അതുകൊണ്ടുതന്നെ നോമ്പ് സമയത്ത് വിശപ്പ് നല്ലവണ്ണം അറിയുമായിരുന്നു. നോമ്പുതുറക്കാൻ ഇങ്ങനെ വിഭവങ്ങൾ കാണുന്നതിന്റെ സന്തോഷവും ഒന്നും വേറെ തന്നെയായിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്കുണ്ടോ ഇതു വല്ലതും പറഞ്ഞാൽ മനസ്സിലാകുന്നു. 

നോക്കേണ്ടതു പോലെ നോക്കിയാൽ നോമ്പും നോമ്പുകാലത്തെ ഭക്ഷണവും നമസ്കാരവുമെല്ലാം ആരോഗ്യത്തിന് അത്ര നല്ലതാ. പക്ഷേ എന്തു കഴിക്കണം എന്നു പണ്ടുകാലത്തെ ആളുകളെപ്പോലെ ഇപ്പോഴുള്ളവർക്ക് അറിയുമോയെന്നു സംശയമാണ്. പാതിയിൽ ഉത്തരം നിർത്തിയിട്ടെന്ന പോലെ ഉമ്മൂമ എഴുന്നേറ്റ് പോയി. നോമ്പ് ആരോഗ്യപ്രദമാക്കണമെന്ന ചിന്തയിൽ അവളും. 

English Summary: Ramzan fasting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com