ADVERTISEMENT

കണ്ണൂർ ∙ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ കൂട്ടായ്മയ്ക്ക് സിപിഎം മുൻകൈയെടുത്തുള്ള ആദ്യ ചുവടുകൂടിയായി എം.കെ.സ്റ്റാലിനും പിണറായി വിജയനും പങ്കെടുത്ത സെമിനാർ. 1980 കളുടെ ആദ്യം ഇന്ദിര സർക്കാരിനെതിരെ ഇത്തരത്തിൽ കൂട്ടായ്മയുണ്ടായിരുന്നു. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ചു പഠിക്കാൻ സർക്കാരിയ കമ്മിഷൻ രൂപീകരിക്കാൻ‍ ഇന്ദിര ഗാന്ധി നിർബന്ധിതയാവുകയും ചെയ്തു.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബിജെപി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്മയുടെ സ്വയം പ്രഖ്യാപിത നേതാവാകുന്നതു തടയാൻ കൂടിയാണ് സിപിഎം സ്റ്റാലിനെ ഇറക്കി കളിക്കുന്നത്. പ്രതിപക്ഷത്ത് സ്റ്റാലിനാണ് രാജ്യത്തെ ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രിയെന്നു കഴിഞ്ഞ മാസം സീതാറാം യച്ചൂരിയും രാജ്യം ഉറ്റുനോക്കുന്ന ശ്രദ്ധേയനായ മുഖ്യമന്ത്രിയെന്ന് ഇന്നലെ കോടിയേരി ബാലകൃഷ്ണനും പറഞ്ഞത് മമതയുടെ പ്രതിഛായയെ ചോദ്യം ചെയ്യാൻ കൂടിയാണ്.

ഇത്തരത്തിൽ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരിയിൽ ആലോചന നടന്നപ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പുകൾ‍ കഴിഞ്ഞിട്ടു നിലപാടു പറയാം എന്നാണ് കോൺഗ്രസ് സൂചിപ്പിച്ചത്. എന്നാൽ, കോൺഗ്രസ് ഇനിയും നിലപാടു പറഞ്ഞിട്ടില്ല. 

ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ ഏതാനും മാസം മുൻപു താൽപര്യം പറഞ്ഞത് മമതയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമാണ്. ഇതിനോട് സ്റ്റാലിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും യോജിച്ചെങ്കിലും കോൺഗ്രസും വേണമെന്ന് നിലപാടെടുത്തിട്ടുണ്ട്.

ഇപ്പോൾ, സ്റ്റാലിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനാണ് സിപിഎം മുൻകൈയെടുത്തുള്ള നീക്കം. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ‍ പരിശോധിക്കാൻ കമ്മിഷനെ നിയോഗിക്കണമെന്ന ആവശ്യമുന്നയിച്ച് യോഗത്തിൽ പ്രമേയം പാസാക്കണമെന്ന ആലോചനയുമുണ്ട്. കരട് പ്രമേയം ഏതൊക്കെ മുഖ്യമന്ത്രിമാർക്ക് അയയ്ക്കണമെന്ന കാര്യത്തിലുൾപ്പെടെ വ്യക്തതയായിട്ടില്ല.

അന്ന് ഇന്ദിരയ്ക്കെതിരെ പ്രതിപക്ഷ കൂട്ടായ്മ

1983 ജനുവരിയിൽ കർണാടകയിലും ആന്ധ്രപ്രദേശിലും കോൺഗ്രസ് വിരുദ്ധ കക്ഷികൾ വിജയം നേടിയതിനു പിന്നാലെയാണു ദക്ഷിണേന്ത്യയിലെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ‍ കർണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെ മുൻകൈയെടുത്തത്. ബെംഗളുരുവിൽ 1983 മാർ‍ച്ച് 20നു നടന്ന യോഗത്തിൽ ആന്ധ്ര മുഖ്യമന്ത്രി എൻ.ടി.രാമറാവുവും തമിഴ്നാട് മുഖ്യമന്ത്രി എം.ജി.രാമചന്ദ്രനും പോണ്ടിച്ചേരി മുഖ്യമന്ത്രി ഡി.രാമചന്ദ്രനും പങ്കെടുത്തു. യോഗം രാജ്യദ്രോഹപരം എന്നു വിലയിരുത്തി കെ.കരുണാകരൻ ബഹിഷ്കരിച്ചു.

ബെംഗളുരുവിലെ യോഗം കഴിഞ്ഞ് 4 ദിവസത്തിനുള്ളിൽ, കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പഠിക്കുന്നതിന് സുപ്രീം കോടതി മുൻ ജഡ്ജി രഞ്ജിത് സിങ് സർക്കാരിയയുടെ നേതൃത്വത്തിൽ കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എന്നാൽ, 1984 ഫെബ്രുവരിയിൽ മാത്രമാണ് കമ്മിഷൻ പ്രവർത്തനം തുടങ്ങിയത്.

ഇതിനിടെ, 1983 മേയിൽ‍ എൻടിആർ 14 പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു. അതിൽ സിപിഎം നേതാവ് എം. ബസവപുന്നയ്യയും ബിജെപി നേതാവ് എൽ.കെ.അഡ്വാനിയുമൊക്കെ പങ്കെടുത്തു. 1983 ഒക്ടോബറിൽ‍ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ശ്രീനഗറിൽ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടി.

Content Highlight: CPM Party Congress 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com