ADVERTISEMENT

വേനലവധിക്കാലത്ത് നോമ്പു വരുന്നത് ഒരു തരത്തിൽ അവൾക്ക് ആശ്വാസമായിരുന്നു. സ്കൂളില്ല. രാവിലെ മുതൽ സുഹൃത്തുക്കളോടൊപ്പം വർത്തമാനം പറഞ്ഞും കളിച്ചും സമയം അത്രവേഗമങ്ങു പോകും. ആ സമയം പക്ഷേ വെയിലിന്റെ ചൂടോ ദാഹമോ തളർത്താറില്ല. ഉച്ചനീങ്ങുന്നതോടെ ശരീരം തളർന്നു തുടങ്ങും. പാചകത്തെക്കുറിച്ചൊന്നും വലിയ ധാരണയില്ലാത്തതിനാൽ ആ ഭാഗത്തേക്കൊന്നും അക്കാലത്ത് അവളെത്തിപ്പോലും നോക്കാറില്ല. പലപ്പോഴും അവൾക്ക് വല്ലാതെ മടുക്കുമായിരുന്നു. ദൈവവചനങ്ങൾ ഉരുവിട്ടും പ്രാർഥിച്ചും സമയം നീക്കണമെന്നായിരുന്നു മുതിർന്നവർ പലപ്പോഴും പറയുക. പക്ഷേ ഒരു പകൽ മുഴുവൻ പ്രാർഥിച്ചിരിക്കാൻ സാധിക്കുമോ മനുഷ്യർക്കെന്ന് അവൾ ആലോചിക്കുന്നുണ്ടായിരുന്നു.

നോമ്പിന്റെ പകലുകൾ എങ്ങനെ ചെലവഴിക്കണമെന്നു കൂലങ്കഷമായി ചിന്തിക്കുന്ന സമയത്താണ് ഉമ്മൂമ അവൾക്കരികിലേക്ക് വരുന്നത്. പതിവു പോലെ ആ ചോദ്യവും അവൾ ഉമ്മൂമയുടെ തലയിലിട്ടു. മടിയിൽ പിടിച്ചിരുത്തി ഉമ്മൂമ പറഞ്ഞു: നോമ്പിന് ചെയ്യുന്ന പുണ്യകർമങ്ങൾക്ക് ദൈവം പോലും അത്രത്തോളം വില കൽപിക്കുന്നുണ്ട്. അതു കൊണ്ട് പരമാവധി നല്ല കാര്യങ്ങൾ ചെയ്യണം. ആളുകളെ സഹായിക്കണം. നമസ്കരിക്കണം. പ്രാർഥിക്കണം.

പിന്നെയോ, പിന്നെയോ എന്നവൾ ചോദിച്ചു കൊണ്ടിരുന്നപ്പോൾ ഉമ്മൂമ അവളോട് പറഞ്ഞു. നിങ്ങൾ കുട്ടികൾക്ക് ഈ സമയത്ത് വായനയ്ക്ക് ഒരുപാട് സമയം ലഭിക്കും. ശരീരം ക്ഷീണിക്കില്ല. സുഖായിട്ട്  വായിച്ചിരിക്കാം. അറിവും നേടാം. ജിബിരീൽഎന്ന മലക്ക് (ഗബ്രിയേൽ മാലാഖ) പ്രവാചകനെ അറിയിച്ച ആദ്യ ഖുർആൻ വാക്യം തന്നെ അതാണ്– ഇഖ്റഅ്. വായിക്കുക എന്നർഥം. അതിൽപിന്നെ അവധിക്കാലത്തെ നോമ്പുകളെല്ലാം അവൾ വായനയോടൊപ്പമാണ് ചെലവഴിച്ചത്. ഖുർആൻ പഠിക്കുന്നതിനൊപ്പം മറ്റു പുസ്തകങ്ങളും അവൾ വായിച്ചു. ചരിത്രം വായിച്ചു, കഥകൾ വായിച്ചു. അങ്ങനെയങ്ങനെ അവളുടെ വായനാശീലത്തെ വളർത്തിയതിൽ നോമ്പുകാലത്തിന് അത്ര വലിയ പങ്കാണ് ഉള്ളത്. ഓരോ നോമ്പും വായനയുടെ ആഘോഷം കൂടിയാണെന്ന് അവൾ വിശ്വസിച്ചു. പകൽ വിരസമാണെന്നു പറയുന്ന സുഹൃത്തുക്കളോടെല്ലാം പിന്നീടവൾ വായന നിർദേശിക്കാനും തുടങ്ങി.

 

English Summary: Ramadan fasting and reading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com