കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ഇന്നുമുതൽ

ksrtc-volvo
SHARE

തിരുവനന്തപുരം∙ കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനിയുടെ സർവീസുകൾ ഇന്നാരംഭിക്കും. ബൈപാസുകളിലൂടെ യാത്ര ചെയ്യുന്ന ദീർഘദൂര സർവീസുകളും ഒപ്പം തുടങ്ങുന്നുണ്ട്. വൈകിട്ട് 5ന് തമ്പാനൂർ െസൻട്രൽ ഡിപ്പോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിഫ്റ്റ് ആദ്യ സർവീസിന് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷനാവും.

മന്ത്രി എം.വി. ഗോവിന്ദൻ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനവും മന്ത്രി വി.ശിവൻകുട്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനവും മന്ത്രി ജി.ആർ.അനിൽ കെഎസ്ആർടിസി - സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസർവേഷൻ ചെയ്തവർക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിർവഹിക്കും. 5.30 മുതൽ ബെംഗളൂരുവിലേക്കുളള എസി വോൾവോയുടെ 4 സ്ലീപ്പർ സർവീസുകളും 6 നു ശേഷം തിരുവനന്തപുരത്ത് നിന്നു കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള 6 ബൈപാസ് റൈഡർ സർവീസുകളുമാണ് ആദ്യദിനം നടത്തുക. 12ന് വൈകിട്ട് 5.30നു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള മടക്ക സർവീസ് ബെംഗളൂരുവിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും.

ബെംഗളൂരുവിൽ നിന്നുള്ള കേരളയാത്രയ്ക്ക് ആദ്യദിനം തന്നെ മുഴുവൻ സീറ്റുകളിലേക്കും ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം ടിക്കറ്റ് തീർന്നു. 12, 13 തീയതികളിൽ െബംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം, എറണാകുളം സർവീസുകളുടെ ടിക്കറ്റുകളാണു പൂർണമായും ബുക്ക് ചെയ്യപ്പെട്ടത്. വിഷു, ഇൗസ്റ്റർ തിരക്കനുസരിച്ചു കൂടുതൽ സർവീസുകൾ ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു നടത്തും. 34 സൂപ്പർ ക്ലാസ് ബസുകൾ സാധാരണ സർവീസ് നടത്തുന്നതിൽ അധികമായി ഈ അവധിക്കാലത്ത് കൂടുതൽ സർവീസുകളും നടത്തും. 11 മുതൽ 18 വരെ ടിക്കറ്റുകൾ ഓൺലൈൻ റിസർവേഷൻ വഴി ലഭിക്കും. പ്രധാന റൂട്ടുകളിൽ അധികസർവീസുകളും ഹ്രസ്വദൂര - ദീർഘദൂര സർവീസുകൾ യാത്രക്കാരുടെ തിരക്ക് അനുസരിച്ചും 12,13 തീയതികളിലും 17,18 തീയതികളിലും ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേകപരിശീലനം ലഭിച്ച ഡ്രൈവർ കം കണ്ടക്ടർമാരാണ് ഈ സർവീസുകൾ നിയന്ത്രിക്കുന്നത്.

ലഗേജ്‌ വയ്ക്കുന്നതിന് കൂടുതൽ സ്ഥലവും, ലഗേജ് കൈകാര്യം ചെയ്യുന്നതിന് ക്രൂവിന്റെ സഹായവും ലഭിക്കും. സുരക്ഷയ്ക്കും വൃത്തിക്കും മുൻതൂക്കം നൽകി സർവീസുകൾ നടത്തുന്നതിനാണു സ്വിഫ്റ്റ് ലക്ഷ്യമിടുന്നത്. റിസർവേഷൻ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആർടിസി) എന്ന mobile app വഴിയും ലഭ്യമാണ്.

പ്രത്യേക യൂണിഫോം

തിരുവനന്തപുരം∙ കെഎസ്ആർടിസി - സ്വിഫ്റ്റ് ബസിന്റെ നിറത്തിനോടു യോജിക്കുന്ന ഇളം ഓറഞ്ച് ഷർട്ടും കറുത്ത പാന്റും ആണ് ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരുടെ യൂണിഫോം. ഇതിൽ ബസ് ഡ്രൈവ് ചെയ്യുന്നവർ പി - ക്യാപ്പും ധരിക്കും. ജീവനക്കാരുടെ നെയിംബോർഡിനൊപ്പം കെഎസ്ആർടിസി - സ്വിഫ്റ്റിന്റെ ചിഹ്നവും യൂണിഫോം സ്പോൺസർ ചെയ്ത കമ്പനിയുടെ ലോഗോയും കാണും. ഇന്ത്യൻ ഓയിൽ കോർപറേഷനാണ്  യൂണിഫോം സ്പോൺസർ ചെയ്തിരിക്കുന്നത്.

English Summary: KSRTC SWIFT service begins

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS