ADVERTISEMENT

തിരുവനന്തപുരം ∙ ഗതാഗതനിയമം തുടർച്ചയായി ലംഘിച്ച് 3 തവണ ശിക്ഷിക്കപ്പെടുന്നവർക്ക് ഇനി പൊലീസിൽ നിയമനം നൽകരുതെന്ന് എഡിജിപിമാരുടെ യോഗത്തിൽ ആവശ്യമുയർന്നു. ഇതു സംബന്ധിച്ച ചട്ടഭേദഗതിക്കായുള്ള റിപ്പോർട്ട് നൽകാൻ ബറ്റാലിയൻ എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയെ ഡിജിപി നിയോഗിച്ചു. 

പൊലീസ് ഡ്രൈവറായി യോഗ്യത നേടിയവരിൽ മിക്കവരും മദ്യപിച്ചോ അമിതവേഗത്തിലോ വാഹനമോടിച്ചതിനു ശിക്ഷിക്കപ്പെട്ടവരാണെന്ന് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. 

യോഗ്യത നേടിയ 59 പേരെക്കുറിച്ച് അന്വേഷണം നടത്തിയപ്പോൾ 39 പേർ ഇപ്രകാരം ഒന്നിലേറെത്തവണ പിഴയടച്ചതായി കണ്ടെത്തിയെന്ന് ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ് കുമാർ യോഗത്തിൽ അറിയിച്ചു. ഇത്തരക്കാർക്കു നിയമനം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മോട്ടർ വാഹന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടാൽ പൊലീസിൽ നിയമനം പാടില്ലെന്നു കേരള പൊലീസ് നിയമത്തിന്റെ ചട്ടത്തിൽ വ്യവസ്ഥയില്ല. അതിനാലാണ് ഇവർക്കെല്ലാം നിയമനം ലഭിച്ചതെന്നു മറ്റ് എഡിജിപിമാർ പറഞ്ഞു. ഇക്കാരണത്താലാണു ചട്ടഭേദഗതി ആലോചിക്കുന്നത്. 

പൊലീസ് കോൺസ്റ്റബിൾ, പൊലീസ് ഡ്രൈവർ തസ്തികയിലേക്കു യോഗ്യത നേടിയാൽ ഉദ്യോഗാർഥിയെക്കുറിച്ചു സ്പെഷൽ ബ്രാഞ്ച് ആദ്യം അന്വേഷിക്കും. രണ്ടാമതു സംസ്ഥാന ഇന്റലിജൻസും അന്വേഷിക്കും. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ നിയമനം നൽകില്ല. ഗതാഗത നിയമലംഘനത്തിനു ശിക്ഷിക്കപ്പെട്ടവരെ ജോലിക്കെടുക്കില്ലെന്നു തീരുമാനിച്ചാൽ സർവീസിൽ ആളെ കിട്ടാതെ വരുമെന്ന് ഉന്നതർ പറഞ്ഞു. 

‘മറ്റു ഡ്യൂട്ടിക്ക് ഫീസ് ഈടാക്കണം’

പൊലീസിന്റെ മറ്റു ഡ്യൂട്ടികൾക്കു നിശ്ചിത ഫീസ് ഈടാക്കണമെന്ന ആവശ്യവും എഡിജിപിമാരുടെ യോഗത്തിൽ ഉയർന്നു. ഓൺലൈൻ ടിക്കറ്റ് വിൽപന, ഉത്സവ സീസണിൽ കെഎസ്ആർടിസി ടിക്കറ്റ് വിൽപന, ഉത്സവത്തിനും പെരുന്നാളിനും മറ്റും കൂടുതൽ പൊലീസ്, സ്വകാര്യ ചടങ്ങുകൾക്ക് അശ്വാരൂഢ സേന, സെക്യൂരിറ്റി എന്നിങ്ങനെയുള്ള സേവനങ്ങൾക്കു ഫീസ് ചുമത്തണമെന്നാണ് ആവശ്യം. ക്രമസമാധാനപാലനം ഒഴികെയുള്ള ആവശ്യങ്ങൾക്ക് ഇത്തരത്തിൽ സേനയെ നിയോഗിക്കുന്നത് ആൾക്ഷാമത്തിനും ഇടയാക്കുന്നു. എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി ഇക്കാര്യവും പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ യോഗം ചുമതലപ്പെടുത്തി. 

English Summary: Traffic offenders ineligible for police posting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com