ADVERTISEMENT

ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ മേൽനോട്ടസമിതി ഭാവിയിൽ ഇല്ലാതാകുന്നതോടെ, കൂടുതൽ തിരിച്ചടിയാകുക കേരളത്തിന്. 2014 ലെ സുപ്രീം കോടതി ഉത്തരവുപ്രകാരം രൂപംകൊണ്ട സമിതിക്കു പുതിയ ദേശീയ ഡാം സേഫ്റ്റി അതോറിറ്റി നിലവിൽ വരുന്നതോടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമോ എന്നതിലാണ് ആശങ്ക. പുതിയ അതോറിറ്റി വരുമ്പോൾ സമിതി പിരിച്ചുവിടാമെന്നു കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഡാമിന്റെ ദൈനംദിനകാര്യങ്ങൾക്കു സമിതി തുടരുന്നതാണ് ഉചിതമെന്ന അഭിപ്രായം കേരളം കോടതിയെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ ഡാമിന്റെ നിയന്ത്രണം കേരളത്തിൽ നിന്നു കൈവിട്ടു പോകുന്ന സ്ഥിതിയുണ്ടാകും. സുരക്ഷ സംബന്ധിച്ചു കേരളം ഉയർത്തുന്ന വാദങ്ങൾക്കും ഇതോടെ ബലമില്ലാതാകും. 

എന്തുകൊണ്ട് സമിതി ? 

‍ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്തിയാൽ പ്രശ്‌നമുണ്ടാകില്ലെങ്കിലും കേരളത്തിന്റെ ആശങ്കയകറ്റാനാണ് 2014 ൽ മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്. കൃത്യമായ ചുമതലകളും സമിതിക്കു കോടതി നൽകിയിരുന്നു. ഇതുപ്രകാരം, ജലനിരപ്പ് നിശ്ചയിക്കൽ, നിശ്‌ചിത ഇടവേളകളിലെ പരിശോധന, സുരക്ഷാ നടപടികൾ, കരുതൽ നടപടികൾ തുടങ്ങി ഡാമിന്റെ ദൈനംദിന കാര്യങ്ങളിൽ സമിതി നിർണായകമാണ്. കേന്ദ്രത്തിന്റെ പുതിയ ഡാം സുരക്ഷാ നിയമപ്രകാരം രൂപീകരിക്കപ്പെടുന്ന അതോറിറ്റിക്കും വിപുലമായ അധികാരങ്ങളുണ്ടെങ്കിലും പല ഡാമുകളിൽ ഒന്നു മാത്രമാകും മുല്ലപ്പെരിയാർ.

ദൈനംദിന മേൽനോട്ടമോ ശ്രദ്ധയോ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കിട്ടണമെന്നില്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കിൽ കോടതിയുടെ ഇടപെടൽ ഉണ്ടാകണം. കേസിൽ വാദം കേൾക്കുന്ന ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ ജൂലൈയിൽ വിരമിക്കാനിരിക്കെ, കേസിൽ അന്തിമവിധിയുണ്ടാകുമെന്നും സൂചനയുണ്ട്. ഇതിൽ സമിതിയുടെ ഭാവി വ്യക്തമാക്കപ്പെടുമെന്നാണു കരുതുന്നത്. മേയ് 11ന് തൽസ്ഥിതി റിപ്പോർട്ട് നൽകാനാണു കോടതി നിർദേശിച്ചിരിക്കുന്നത്. 

∙ ‘കേരളത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ നിയോഗിക്കപ്പെട്ട സമിതിയിൽ കേരളത്തിന്റെ പ്രതിനിധി ഉണ്ടെന്നതു പ്രധാനമാണ്. ഈ സമിതി ശരിയാംവണ്ണം പ്രവർത്തിക്കുന്നില്ലെന്നാണു ഹർജികളിൽ ചൂണ്ടിക്കാട്ടിയത്. സമിതി ഇല്ലാതാകുന്നതു കേരളത്തിനു ഗുണകരമാകില്ല.’ – ജോ ജോസഫ് (പ്രധാന ഹർജിക്കാരൻ)

Content Highlight: Mullaperiyar Dam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com