ADVERTISEMENT

ഇഫ്താർ സമയം

∙നോമ്പുതുറ: 6.39

∙അത്താഴവിരാമം: 4.48

കേവലം ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കലല്ല നോമ്പ് എന്നതാണ് റമസാന്റെ ആദ്യപാഠം. നമ്മുടെ ഇഷ്ടങ്ങളെ മാറ്റിനിർത്തി അല്ലാഹുവിന്റെ ഇഷ്ടത്തെ തിരഞ്ഞെടുക്കുന്ന ദിവസങ്ങളാണിത്. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നേർക്കാഴ്ചകളെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാനും അവശത അനുഭവിക്കുന്നവരുടെയും വിശപ്പ് സഹിക്കുന്നവരുടെയും വേദനയും കഷ്ടപ്പാടും മനസ്സിലാക്കാനും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാനും പ്രവൃത്തികൾ നവീകരിക്കാനും ഇതിലും മികച്ച ഒരവസരം വരാനില്ല. അടുത്ത 11 മാസം എങ്ങനെ ജീവിക്കണം എന്നതിന്റെ പരിശീലനക്കളരി തന്നെയാണ് റമസാൻ.

പ്രാർഥനയിലും ആരാധനയിലും കഴിയുന്നത്ര സമയം ചെലവഴിക്കുക എന്നതാണ് റമസാനിലെ മതപരമായ രീതി. എന്നാൽ, സ്ത്രീകൾക്ക് ഇത് എത്രത്തോളം സാധ്യമാകുന്നുണ്ട് എന്ന് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നില്ല. സ്ത്രീക്കും പുരുഷനും ഒരുപോലെ റമസാന്റെ ആത്മീയതയെ പുണർന്നു മുന്നോട്ടു പോകാൻ സാധിക്കുന്നുണ്ടോ എന്നതാണ് ആശങ്ക.

റമസാനിലെ ആത്മീയ അവസരങ്ങളിൽ ശ്രദ്ധാലുവാണെങ്കിൽ കൂടുതൽ ആരാധനയും കുറച്ചു പാചകവും എന്നതാവേണ്ടിയിരുന്നു രീതി. എന്നാൽ, സ്ത്രീകളുടെ വീട്ടുജോലിയുടെ ചുമതല ഇരട്ടിയാക്കപ്പെടുന്ന മാസമായി റമസാൻ മാറുകയാണോ എന്നു സംശയിക്കണം. നോമ്പുതുറകൾ ഇഫ്താർ പാർട്ടികളായതും വിഭവങ്ങളിലേക്കു കടന്നുവന്ന പുതിയ രുചികളും ഇതിനു കാരണമായോ എന്നും അന്വേഷിക്കേണ്ടതാണ്. കുടുംബത്തെയും കുട്ടികളെയും പരിപാലിക്കുന്നതും അവർക്ക് ഭക്ഷണം തയാറാക്കി നൽകുന്നതും പ്രതിഫലം ലഭിക്കുന്ന ആരാധനയാണെന്നതിൽ സംശയമില്ല.

സ്ത്രീകളുടെ പ്രത്യേകതകളെ പരിഗണിക്കുകയും അവർക്ക് ഒട്ടേറെ ഇളവുകൾ നിശ്ചയിച്ചു നൽകുകയും ചെയ്ത മതമാണ്‌ ഇസ്‌ലാം. ആർത്തവകാരികൾക്കും പ്രസവരക്തമുള്ളവർക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും നോമ്പിൽ ഇളവുണ്ട്.

വിശുദ്ധ മാസത്തിലെ ആത്മീയ നിമിഷങ്ങളെ വിലമതിക്കാൻ സ്ത്രീകളെക്കൂടി അനുവദിക്കുന്നതിൽ കുടുംബാംഗങ്ങളും സഹകരിക്കേണ്ടതുണ്ട്. റമസാന്റെ ചൈതന്യം ശരിയായി അനുഭവിക്കാൻ എല്ലാവർക്കും സാധിക്കുന്ന കുടുംബാന്തരീക്ഷം വീടുകളിൽ സൃഷ്ടിക്കണം.

 

English Summary: Ramadan special story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com