ADVERTISEMENT

എന്തോ വലിയ കള്ളം കണ്ടു പിടിച്ചതു പോലെയാണ് അവൾ ഉപ്പയ്ക്കരികിലേക്ക് ഓടിയെത്തിയത്. ചെടികൾക്ക് നനയ്ക്കുകയായിരുന്നു ഉപ്പയപ്പോൾ. കിതച്ചു കൊണ്ട് അവൾ ഉപ്പയോട് പറഞ്ഞു: ‘‘താത്ത നോമ്പുണ്ടെന്നു നുണ പറഞ്ഞതാണ് ഉപ്പ. അവര് ആരും കാണാതെ ഭക്ഷണം കഴിക്കുന്നത് ഞാൻ കണ്ടു. സത്യായിട്ടും കണ്ടു.’’ ഉപ്പ താത്തയോട് അക്കാര്യം ചോദിക്കണം എന്നു അവൾ പറഞ്ഞു കൊണ്ടിരുന്നു. ഉപ്പ അടുത്തുനിന്നിരുന്ന ഉമ്മൂമയുടെ മുഖത്തേക്ക് നോക്കിയതല്ലാതെ ഒരക്ഷരവും പറഞ്ഞില്ല. അവളുടെ തലയിൽ തലോടി ജോലിയിൽ വ്യാപൃതനായി. ഉമ്മൂമ ഉപ്പയോട് ഒന്നും പറയാതെ തന്നെ എന്തോ പറഞ്ഞതു പോലെ അവൾക്ക് തോന്നി. അവൾ ഉമ്മൂമയെ ദേഷ്യത്തോടെ നോക്കി.

ഉമ്മൂമ അവളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു: ‘‘പെണ്ണുങ്ങൾക്കൊക്കെ ഒരേഴു ദിവസമൊക്കെ നോമ്പുണ്ടാവില്ല. അതു പടച്ചവൻ അനുവദിച്ചതാ. അതിങ്ങനെ എല്ലാരോടും പറഞ്ഞു നടക്ക്ണതാ തെറ്റ്.’’

ആ മറുപടിയിൽ അവൾക്ക് സം‍തൃപ്തിയുണ്ടായില്ലെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു. അവളുടെ വായിൽനിന്നു തുരുതുരെ ചോദ്യങ്ങൾ അടർന്നു വീണു. 

ഞാനും പെണ്ണല്ലേ ? എന്നിട്ട് എനിക്കെന്നും നോമ്പുണ്ടല്ലോ? നോമ്പില്ലാഞ്ഞിട്ടും താത്തയെന്തിനാ ആളുകളുടെ മുന്നിലൊക്കെ നോമ്പുള്ളതു പോലെ നടിക്കുന്നത്. അതു കള്ളം പറയുന്നതു പോലെ തന്നെയല്ലേ? 

ചെയ്തിരുന്ന പണി പാതിവഴിയിലിട്ട് അവളേയും കൊണ്ട് ഉമ്മൂമ ഉ മ്മറപ്പടിയിലിരുന്നു.പിന്നെ പറഞ്ഞു: ‘‘മോളും വലുതായാൽ ഇങ്ങനെ തന്നെ സംഭവിക്കും. മുതിർന്ന പെണ്ണുങ്ങൾക്ക് മാത്രമാണ് ദൈവം ഇളവു നൽകിയിട്ടുള്ളത്’’. 

‘‘അതെന്താ വലിയവർക്ക് ഇളവ്? കുട്ടികൾക്കല്ലേ ശരിക്കും ഇളവ് നൽകേണ്ടത്?’’ അവൾ ചോദിച്ചു.

‘‘പെണ്ണുങ്ങളോട് പടച്ചവന് വലിയ സ്നേഹമാണ്. വലിയ അനുഗ്രഹങ്ങളാണ് അതുകൊണ്ട് സ്ത്രീകൾക്ക് നൽകിയിട്ടുള്ളത്. പ്രസവിക്കാനുള്ള കഴിവൊക്കെ അവർക്കല്ലേ നൽകിയത്. അതിന്റെയൊക്കെ ഭാഗമായി മാസം തോറും വയറുവേദന പോലുള്ള ചില അസുഖങ്ങളും വരും. അപ്പോഴവരുടെ ശരീരത്തിൽനിന്നു കുറച്ചു രക്തമൊക്കെ പോകും. അവർക്ക് വയറുവേദനയുണ്ടാകും. അവർക്ക് വെറുതേ ദേഷ്യം വരിക, സങ്കടം വരിക ഒക്കെ ചെയ്യും. അവർക്കപ്പോൾ വലിയ ക്ഷീണവുമായിരിക്കും. അന്നേരം അവരോട് നോമ്പെടുക്കേണ്ടെന്നാ പടച്ചവൻ പറഞ്ഞത്. പക്ഷേ, നോമ്പില്ലെങ്കിലും നോമ്പുകാരനെ പോലെ തന്നെ നോമ്പുകാലത്ത് ജീവിക്കണമെന്നാണ് പണ്ട്ള്ളവരൊക്കെ പറയാ. ബാക്കി നോമ്പുകാരുടെ മുൻപിൽ വച്ചൊന്നും ഭക്ഷണം കഴിക്കാൻ പാടില്ല. അതുകൊണ്ട് നോമ്പും നമസ്കാരവുമൊന്നുമില്ലെങ്കിലും അവർ ഭക്ഷണം കഴിക്കില്ല. ആ സമയത്ത് പെണ്ണുങ്ങള് ആരോഗ്യക്കെ ശ്രദ്ധിക്കണം.

ചിലർക്കൊക്കെ വല്ലാത്ത ക്ഷീണവും ചർദിലുമൊക്കെ വരും. അപ്പോൾ ഭക്ഷണം കഴിക്കാണ്ടിരിക്കാൻ പറ്റുമോ? നോമ്പില്ലാത്ത സമയാന്ന് പറയാൻ പണ്ടൊക്കെ പെണ്ണുങ്ങള്ക്ക് വല്യ മടിയാർന്ന്. അതുകൊണ്ട് നോമ്പില്ലെങ്കിലും അവർ ഭക്ഷണമൊന്നും കഴിക്കാതെ തന്നെയാണ് ഇരിക്കുക. അതുകൊണ്ടാ ഇതിങ്ങനെ രഹസ്യാക്കി വച്ചിരുന്നത്. ഇപ്പോൾ ആളുകൾക്ക് ആർത്തവത്തെക്കുറിച്ച് പറയാനുള്ള മടി പണ്ടത്തെ അപേക്ഷിച്ചു കുറേ മാറിയിരിക്കുന്നു. ആളുകൾക്ക് ഇക്കാര്യങ്ങളൊക്കെ തുറന്നു സംസാരിക്കുന്ന കാലം വരുമ്പോൾ ഇതും മാറുമായിരിക്കും.’’ (ഇന്നായിരുന്നെങ്കിൽ ഉമ്മൂമ എങ്ങനെ സംസാരിക്കുമെന്നാലോചിച്ചപ്പോൾ അവളുടെ ഉള്ളിൽ ഒരു കൗതുകമുണ്ടായി) വീട്ടിലെല്ലാർക്കും നോമ്പുള്ളപ്പോൾ നോമ്പില്ലാതെയാവുന്ന ദിവസങ്ങൾ തന്നെ പെണ്ണുങ്ങൾക്ക് വല്ലാത്ത സങ്കടമുള്ളതാണ്.. അതിന്റെ കൂടെ പരിഹസിക്കുക കൂടി ചെയ്യരുത്ട്ടോ.. ഉമ്മൂമ ഓർമപ്പെടുത്തി.

അവൾ സമ്മതിച്ചു. ഇപ്പോൾ നോക്കാത്ത നോമ്പെല്ലാം അവർ പിന്നീടൊരു ദിവസം എടുത്തു വീട്ടുമെന്നും ഉമ്മൂമ പറഞ്ഞു. ഒരിക്കലും മുഴുവൻ നോമ്പെടുക്കാൻ ഭാഗ്യമില്ലാത്ത മുതിർന്ന സ്ത്രീകളോട് അവൾക്ക് സഹതാപം തോന്നി. അവരുടെ വയറുവേദനയിൽ അവളും സങ്കടപ്പെട്ടു. പിന്നെ ആ ദിവസങ്ങളിൽ പടച്ചവൻ അവരോട് കാണിച്ച കരുതലിനെ കുറിച്ചോർത്ത് അന്ന് അവൾ ദൈവത്തിന് നന്ദിയും പറഞ്ഞു. 

 

English Summary: Ramadan fasting for womens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com