ADVERTISEMENT

തിരുവനന്തപുരം/കണ്ണൂർ ∙ വ്യാപക പ്രതിഷേധത്തെത്തുടർന്നു നിർത്തിവച്ച സിൽവർലൈൻ സർവേ 20 ദിവസത്തിനു ശേഷം പുനരാരംഭിച്ചതോടെ സംഘർഷം. തിരുവനന്തപുരം ജില്ലയിൽ മുരുക്കുംപുഴയ്ക്കു സമീപം കരിച്ചാറയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് വളഞ്ഞിട്ടു മർദിച്ചു; ബൂട്ടിട്ടു ചവിട്ടി. നടുറോഡിൽ ഒരാളെ ചവിട്ടുകയും കഴുത്തിനു കുത്തിപ്പിടിക്കുകയും മറ്റൊരാളെ കാൽമുട്ടു കൊണ്ടു വയറ്റിൽ ഇടിച്ചു വീഴ്ത്തുകയും ചെയ്തു. വനിതാ പഞ്ചായത്തംഗം ഉൾപ്പെടെ 7 പേർക്കു മർദനമേറ്റു. 

അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമുയർന്നു. തുടർന്ന്, സംഭവം അന്വേഷിക്കാൻ തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ എസ്.ഗോപിനാഥ് ഉത്തരവിട്ടു. കോൺഗ്രസ് പ്രവർത്തകൻ ജോയിയെ ചവിട്ടുന്നതായി ദൃശ്യങ്ങളിൽ കാണുന്ന മംഗലപുരം സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെ കടുത്ത നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധത്തെത്തുടർന്ന് സർവേ നിർത്തിവച്ച് ഉദ്യോഗസ്ഥർ മടങ്ങി.

കണ്ണൂർ ചാല ഭാഗത്ത് സ്ഥാപിച്ച 13 സർവേക്കല്ലുകൾ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്നു പിഴുതെറിഞ്ഞു. കിഴുത്തള്ളി മുതൽ ചാല വരെയുള്ള ഭാഗത്തെ റെയിൽവേ ഭൂമിയിൽ ഇന്നലെ രാവിലെ കനത്ത പൊലീസ് കാവലിലാണു സർവേ തുടങ്ങിയത്. സർവേ സംഘം ചാല ഭഗവതി ക്ഷേത്രത്തിനു സമീപം എത്തിയതോടെ സംഘർഷാവസ്ഥയായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമരസമിതി പ്രവർത്തകരും പ്രതിഷേധിച്ചു. 

സർവേക്കല്ലുകളുമായി എത്തിയ വാഹനം പ്രവർത്തകർ തടഞ്ഞു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതോടെ ഉന്തും തള്ളുമുണ്ടായി. സ്ത്രീകളടക്കം 20 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ഉദ്യോഗസ്ഥർ കല്ലിടൽ തുടർന്നു. ഇവയാണ് വൈകുന്നേരത്തോടെ പിഴുതുമാറ്റിയത്. 

നടപടിക്കു സാധ്യത

പ്രകോപനപരമായ നടപടികളെടുക്കാതെ പൊലീസ് സംയമനം പാലിക്കണമെന്നു ഡിജിപി കഴിഞ്ഞ ദിവസം നിർദേശിച്ചതിനു പിന്നാലെയാണു തിരുവനന്തപുരത്തു പൊലീസിന്റെ നിലവിട്ട നടപടികൾ ഉണ്ടായത്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയാണ് ഉന്നത പൊലീസ് വൃത്തങ്ങൾ നൽകുന്നത്. 

കാലുയർത്തുംമുൻപ് ആലോചിക്കണം

‘മേലിൽ സമരക്കാരെ ചവിട്ടാൻ കാലുയർത്തുന്നതിനു മുൻപ് പൊലീസ് മൂന്നുവട്ടം ആലോചിക്കണം. ഇതു ഭീഷണിയായി വ്യാഖ്യാനിച്ചാലും കുഴപ്പമില്ല. അതിക്രമം നടത്തിയ പൊലീസുകാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ അപ്പോൾ കാണാം’ – പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

എവിടെ കുറ്റിയിട്ടാലും പിഴുതെറിയും

‘എവിടെ കുറ്റിയിട്ടാലും ഇന്നാട്ടിലെ ജനങ്ങൾ പിഴുതെറിയും. പൊലീസ് നല്ല നിലയിൽ പെരുമാറിയാൽ പൊലീസിനു നല്ലതെന്ന് അവരോടു പറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ കരുത്തിനെ ചോദ്യം ചെയ്യാൻ ഒരു പൊലീസുകാരനെയും അനുവദിക്കില്ല.’ – കെ. സുധാകരൻ (കെപിസിസി പ്രസിഡന്റ്)

English Summary: Silverline survey resumes; police brutally attack protestors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com