ADVERTISEMENT

കൊച്ചി ∙ മലയാള ചലച്ചിത്ര, സാംസ്കാരിക രംഗത്തു പ്രതിഭയുടെ ചാമരം വീശിയ തിരക്കഥാകൃത്ത് ജോൺ പോളിനു (71) യാത്രാമൊഴി. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു. കഴിഞ്ഞ 3 മാസം നഗരത്തിലെ 3 ആശുപത്രികളിലായി ചികിത്സയിലായിരുന്നു ജോൺ പോൾ. വ്രണങ്ങളിൽനിന്നുള്ള അണുബാധ ആന്തരിക അവയവങ്ങളെ ബാധിച്ചിരുന്നു. 

ഇന്നു രാവിലെ 8 മുതൽ 11 വരെ എറണാകുളം ടൗൺ ഹാളിലും തുടർന്ന് കാരിക്കാമുറി ചാവറ കൾചറൽ സെന്ററിലും പൊതുദർശനമുണ്ടാകും. പിന്നീട് മരട് സെന്റ് ആന്റണീസ് റോഡിലെ വസതിയായ കൊട്ടാരം എൻക്ലേവിലേക്കു കൊണ്ടുപോകും. എളംകുളം സെന്റ് മേരീസ് സുനോറോ സിംഹാസനപ്പള്ളിയിൽ വൈകിട്ടു നാലിനു ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. ഭാര്യ: തിരുവാങ്കുളം ഞാളിയേത്ത് ഐഷ എലിസബത്ത്. മകൾ: ജിഷ. മരുമകൻ: പിറവം അഞ്ചൽപെട്ടി നടുവിലേടത്ത് ജിബി എൻ.ഏബ്രഹാം. 

എറണാകുളം മഹാരാജാസ് കോളജ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവിയായി വിരമിച്ച ചെറായി പുതുശ്ശേരി പി.വി.പൗലോസിന്റെയും റബേക്കയുടെയും 5 മക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് ആയിരുന്നു ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടിയശേഷം ബാങ്കിൽ ഉദ്യോഗസ്ഥനായി. 

john-paul-old-pic
ജോൺ പോൾ. ഒരു പഴയകാല ചിത്രം. – മനോരമ ആർക്കൈവ്‌സ്

ഭരതൻ സംവിധാനം ചെയ്ത ‘ചാമരം’ (1980) ആണു ജോൺ പോളിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ആദ്യ സിനിമ. യാത്ര, വിടപറയും മുൻപേ, കാതോടു കാതോരം, അതിരാത്രം, ഓർമയ്ക്കായ്, രചന, ഇണ, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാളൂട്ടി, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങൾ ആ തൂലികയിൽ പിറന്നു. സിനിമയിൽ സജീവമായപ്പോൾ ജോലി രാജിവച്ചു. കമൽ സംവിധാനം ചെയ്ത ‘പ്രണയമീനുകളുടെ കടൽ’ ആണ് ഒടുവിൽ തിരക്കഥയെഴുതിയ ചിത്രം. 

എം.ടി.വാസുദേവൻനായർ സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’യുടെ നിർമാതാവായിരുന്നു. ‘ഗ്യാങ്സ്റ്റർ’, ‘കെയർഓഫ് സൈറാബാനു’ എന്നീ സിനിമകളിൽ അഭിനയിച്ചു. സംസ്ഥാന അവാർഡ് നേടിയ ‘എംടി ഒരു അനുയാത്ര’ ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. ചലച്ചിത്ര സംഘടന ‘മാക്ട’യുടെ സ്ഥാപക ജനറൽ സെക്രട്ടറിയായ ജോൺ പോൾ കഴിഞ്ഞ 2 പതിറ്റാണ്ടുകാലം പ്രഭാഷകൻ, ചലച്ചിത്ര അധ്യാപകൻ, ടിവി അവതാരകൻ തുടങ്ങിയ നിലകളിലും മലയാളിയുടെ ജീവിതത്തിൽ നിറഞ്ഞുനിന്നു. വെണ്ണല ആലിൻചുവട്ടിലെ വസതിയിലായിരുന്നു അവസാനകാലത്തു താമസം. 

john-paul-2
ജോൺ പോൾ.

English Summary: John Paul Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com