ADVERTISEMENT

പാലക്കാട് ∙ മുതി‍ർന്ന കോൺഗ്രസ് നേതാവും 6 സംസ്ഥാനങ്ങളിൽ ഗവർണറായ ഏകമലയാളിയും മന്ത്രിയും ഒന്നര പതിറ്റാണ്ട് യുഡിഎഫ് കൺവീനറുമായിരുന്ന കെ.ശങ്കരനാരായണൻ (90) അന്തരിച്ചു. 

പക്ഷാഘാതത്തെത്തുടർന്ന് ഒന്നര വർഷത്തിലേറെയായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി 8.55ന് പാലക്കാട് ശേഖരീപുരം കാവ് സ്ട്രീറ്റിൽ ‘അനുരാധ’യിലാണ് വിടവാങ്ങിയത്. മരണസമയത്ത് മകളും മരുമകനും പേരക്കുട്ടികളും വി.കെ.ശ്രീകണ്ഠൻ എംപിയും ഒപ്പമുണ്ടായിരുന്നു. 

കോൺഗ്രസ് രാഷ്ട്രീയത്തിലെ വിവിധ തലമുറകളിലുള്ളവരുടെ ഗുരുനാഥനായ ശങ്കരനാരായണൻ നാഗാലാൻഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, അസം, അരുണാചൽപ്രദേശ്, ഗോവ സംസ്‌ഥാനങ്ങളുടെ ഗവർണറായിരുന്നു. കേരളത്തിൽ വിവിധ മന്ത്രിസഭകളിലായി കൃഷി, ധനം, എക്‌സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തു. തൃത്താല, ശ്രീകൃഷ്‌ണപുരം, ഒറ്റപ്പാലം, പാലക്കാട് മണ്ഡലങ്ങളിൽനിന്നു നിയമസഭയിലെത്തി. സംഘടനാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു.

ഷൊർണൂർ അണിയത്ത് ശങ്കരൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനായി 1932 ഒക്ടോബർ 15നായിരുന്നു ജനനം. വിദ്യാഭ്യാസകാലത്തു തന്നെ രാഷ്ട്രീയത്തിലെത്തി. ഷൊർണൂരിൽ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി തുടക്കം. പട്ടാമ്പി നിയോജക മണ്ഡലം സെക്രട്ടറിയും തുടർന്നു പാലക്കാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായി. 1964ൽ പാലക്കാട് ഡിസിസി പ്രസിഡന്റുമായി. 

1968ൽ 36ാം വയസ്സിൽ കെപിസിസി ജനറൽ സെക്രട്ടറി പദത്തിലെത്തി. കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിനൊപ്പം നിലകൊണ്ടു. അശോക് മേത്ത പ്രസിഡന്റായിരിക്കേ അതുല്യഘോഷ്, എസ്.കെ. പാട്ടീൽ, കാമരാജ് എന്നിവരോടൊപ്പം സംഘടനാ കോൺഗ്രസിന്റെ പ്രവർത്തക സമിതിയംഗമായിരുന്നു. 1971 മുതൽ 76 സംഘടനാ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ശങ്കരനാരായണൻ അടിയന്തരാവസ്ഥക്കാലത്തു ജയിലിലായി. അന്നു കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. തന്നെ ജയിലിലേക്ക് അയച്ച കരുണാകരൻ അടുത്ത തിരഞ്ഞെടുപ്പിൽ ജയിച്ചു മുഖ്യമന്ത്രിയായപ്പോൾ തന്നെ മന്ത്രിയാക്കി എന്നു ശങ്കരനാരായണൻ പിന്നീട് പറഞ്. 

1976ൽ ശങ്കരനാരായണന്റെ നേതൃത്വത്തിലുള്ള വിഭാഗം കോൺഗ്രസിൽ ലയിച്ചു. 1977ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താലയിൽനിന്നു വിജയിച്ചു. കരുണാകരൻ മന്ത്രിസഭയിലും രാജൻ കേസിൽ കരുണാകരൻ രാജിവച്ചതിനെത്തുടർന്ന് എ.കെ. ആന്റണി മന്ത്രിസഭയിലും കൃഷി മന്ത്രിയായി. 2001ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ ധനകാര്യ, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തു.

1986 മുതൽ 2001 വരെയുള്ള കാലയളവിൽ യുഡിഎഫ് കൺവീനറായിരുന്നു. 2007ൽ നാഗാലാൻഡ് ഗവർണറായി. 2009ൽ ജാർഖണ്ഡിലും 2010ൽ മഹാരാഷ്ട്രയിലും  നിയമിക്കപ്പെട്ടു. കാലാവധി തികച്ച ശേഷം 2012ൽ മഹാരാഷ്ട്രയിൽ രണ്ടാമതും നിയമിക്കപ്പെട്ടു. 2014ൽ മിസോറമിലേക്കു മാറ്റിയതിനു പിന്നാലെ സ്ഥാനം രാജിവച്ചു. പരേതയായ രാധയാണു ഭാര്യ. മകൾ: അനുപമ. മരുമകൻ: അജിത് ഭാസ്കർ (ബിസിനസ്, കൊച്ചി).

 

English Summary: Senior Congress leader K Sankaranarayanan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com