ADVERTISEMENT

തിരുവനന്തപുരം ∙ 1996 ലെ വാമനപുരം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎമ്മിലെ മുതിർന്ന നേതാക്കളായ കോലിയക്കോട് കൃഷ്ണൻ നായരും പിരപ്പൻകോട് മുരളിയും ഏറ്റുമുട്ടുമ്പോൾ പിരപ്പൻകോടിന്റെ ആരോപണങ്ങൾ പാർട്ടി രേഖകൾ ശരിവയ്ക്കുന്നു. പച്ചക്കള്ളമെന്ന് കോലിയക്കോട് തള്ളിക്കളഞ്ഞ ആക്ഷേപങ്ങൾ പക്ഷേ, 26 വർഷങ്ങൾ മുൻപുള്ള സിപിഎം രേഖകളിൽ ഇടം പിടിച്ചതാണ്. 

കോലിയക്കോടിനു പകരം വാമനപുരത്ത് സിപിഎം സ്ഥാനാർഥി ആക്കിയതോടെ തന്നെ പരാജയപ്പെടുത്താൻ എല്ലാ അടവും കോലിയക്കോട് പയറ്റിയെന്ന പിരപ്പൻകോടിന്റെ ആരോപണവും അതിന്റെ പേരിൽ ഇരു നേതാക്കളും തമ്മിലെ വാക്പോരും വാർത്തകളിൽ നിറയുമ്പോഴാണു പാർട്ടി രേഖകൾ വീണ്ടും പ്രസക്തമാകുന്നത്. 

അന്ന് പാർട്ടിക്കുള്ളിലാണ് പിരപ്പൻകോട് ആക്ഷേപം ഉന്നയിച്ചത്. തുടർന്ന് സി.ജയൻ ബാബു, ആനാവൂർ നാഗപ്പൻ, എസ്.കെ.ആശാരി എന്നിവർ ഇക്കാര്യം അന്വേഷിച്ചു. മാപ്പർഹിക്കാത്ത കുറ്റമാണ് കൃഷ്ണൻനായർ ചെയ്തതെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ. എൽഡിഎഫ് സ്ഥാനാർഥിയെക്കുറിച്ച് അസംതൃപ്തി ഉളവാക്കുന്ന വിധത്തിൽ പ്രചാരണം ഇളക്കി വിട്ടതിൽ പാർട്ടി നേതാക്കൾക്കുള്ള പങ്ക്, കോലിയക്കോട് കൃഷ്ണൻനായർ പാർട്ടി ധാരണയ്ക്ക് വിരുദ്ധമായ പ്രവർത്തനം നടത്തി എന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി എന്നിവയാണ് കമ്മിഷൻ അന്വേഷിച്ചത്. 

സിപിഎം ജില്ലാക്കമ്മിറ്റിയുടെ അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ 147–ാം പേജിൽ കമ്മിഷന്റെ നിഗമനം ഇങ്ങനെ വ്യക്തമാക്കുന്നു: ‘അസംബ്ലി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ കോലിയക്കോട് കൃഷ്ണൻനായർ ഗൂഢമായി പ്രവർത്തിച്ചെന്ന് സാഹചര്യത്തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ സംശയരഹിതമായി തെളിഞ്ഞിരിക്കുകയാണ്. പരസ്യമായി കൃഷ്ണൻനായർ പാർട്ടിക്കൊപ്പമാണെന്നു വരുത്തിത്തീർക്കുകയും രഹസ്യമായി മണ്ഡലത്തിൽ തനിക്ക് സ്വാധീനിക്കാൻ കഴിയുന്ന മേഖലകളിൽ ഒറ്റയ്ക്കും തന്നോടു വിധേയത്വമുള്ളവരെ ഉപയോഗപ്പെടുത്തിയും പിരപ്പൻകോട് മുരളിക്കെതിരെ പ്രവർത്തിക്കുകയുമാണു ചെയ്തത്. പാർട്ടി സഖാവിന് ഒരിക്കലും യോജിക്കാത്ത നടപടി വഴി മാപ്പർഹിക്കാത്ത കുറ്റമാണ് അദ്ദേഹം ചെയ്തത്.’ 

koliyakodu-vs-pirappankodu-cpm-party-note
1996 ലെ വാമനപുരം തിര‍ഞ്ഞെടുപ്പിനെക്കുറിച്ച് സിപിഎം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലിന്റെ ഭാഗം

വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ആയിരുന്ന, കോലിയക്കോടിന്റെ വിശ്വസ്തൻ ആലിയാട് മാധവൻപിള്ള തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ കയറാൻ പോലും തുനിഞ്ഞില്ലെന്നും കമ്മിഷൻ കണ്ടെത്തി. തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ തന്നെ അദ്ദേഹം വിമുഖത കാട്ടി. തിരഞ്ഞെടുപ്പിനു വേണ്ട ഫണ്ട് ശേഖരിക്കുക, ജില്ലാക്കമ്മിറ്റി അംഗങ്ങളോടും സ്ഥാനാർഥിയോടും കൂടിയാലോചിച്ച് ദൈനംദിന സംഘടനാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുക തുടങ്ങിയവയൊന്നും അദ്ദേഹം ചെയ്തില്ലെന്നും റിപ്പോർട്ടിലുണ്ട്. ആലിയാട് മാധവൻ പിള്ളയ്ക്കെതിരെയും പിരപ്പൻകോട് പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. 

അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചർച്ച ചെയ്ത ജില്ലാക്കമ്മിറ്റി കോലിയക്കോടിനെതിരെ കടുത്ത നടപടിക്കു തുനിഞ്ഞെങ്കിലും സംസ്ഥാന കമ്മിറ്റി ഇടപെട്ടു വിലക്കി. തുടർന്ന് കോലിയക്കോട് പാർട്ടിയിൽ കൂടുതൽ ശക്തനാകുകയും വിഎസ് പക്ഷത്തോടു ചേർന്നു നിന്ന പിരപ്പൻകോട് ഒതുക്കപ്പെടുകയും ചെയ്തു. 

അസംബന്ധം: കോലിയക്കോട്

തിരുവനന്തപുരം ∙ പിരപ്പൻകോടിന്റെ ആരോപണങ്ങൾ അസംബന്ധമാണെന്ന് ആവർത്തിച്ച് കോലിയക്കോട് കൃഷ്ണൻ നായർ. വിശദമായ മറുപടി ഉടൻ നൽകുമെന്നും കോലിയക്കോട് പ്രതികരിച്ചു. 

കോലിയക്കോട് ജില്ലാ കമ്മിറ്റിയിൽ; പിരപ്പൻകോട് ഏരിയ കമ്മിറ്റിയിൽ

തിരുവനന്തപുരം ∙ ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ വച്ച് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കോലിയക്കോട് കൃഷ്ണൻനായരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കി. അതേസമയം, മുൻ ജില്ലാ സെക്രട്ടറിയും മുൻ സംസ്ഥാനകമ്മിറ്റി അംഗവുമായ പിരപ്പൻകോട് മുരളിയെ പാർട്ടി ഉൾപ്പെടുത്തിയത് വഞ്ചിയൂർ ഏരിയ കമ്മിറ്റിയിലാണ്. 

അഞ്ചു വട്ടം എംഎൽഎ ആയിരുന്ന കോലിയക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്. രണ്ടു തവണ എംഎൽഎ ആയിട്ടുള്ള പിരപ്പൻകോട് മുൻമുഖ്യമന്ത്രി വിഎസിന്റെ ഉറ്റ അനുയായിയും. കവിയും നാടകകൃത്തുമായ പിരപ്പൻകോടിനെ 2018 ലെ തൃശൂർ സമ്മേളനത്തിൽ വച്ചാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. പ്രായക്കൂടുതൽ കാരണമായി ചൂണ്ടിക്കാട്ടിയപ്പോൾ തന്നെക്കാൾ പ്രായമുള്ള കോലിയക്കോടിനെ എന്തുകൊണ്ട് സംസ്ഥാന കമ്മിറ്റിയിൽ നിലനിർത്തുന്നുവെന്ന് പിരപ്പൻകോട് ചോദിച്ചിരുന്നു. അന്നു മുതൽ പിരപ്പൻകോട് പാർട്ടി വേദികളിൽ നിന്നു പിൻവാങ്ങി. 84–ാം വയസ്സിലും കോലിയക്കോട് സജീവം. 

Content Highlights: CPM, Koliyakodu Krishnan Nair, Pirappankodu Murali, Vamanapuram assembly election 1996

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com