‘മൂന്നാറിൽ വില്ല, അബുദാബിയിൽ റസ്റ്ററന്റ്; മറയാക്കി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ’

HIGHLIGHTS
  • എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാം കുറ്റപത്രം സമർപ്പിച്ചു
enforcement-directorate
SHARE

ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ലക്നൗവിൽ അറസ്റ്റിലായ 2 മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മൂന്നാറിലെ വില്ല പദ്ധതിയും അബുദാബിയിലെ റസ്റ്ററന്റും മതമൗലിക പ്രവർത്തനങ്ങൾക്കു പണം നൽകാനുപയോഗിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കുറ്റപത്രം. ലക്നൗവിലെ പിഎംഎൽഎ കോടതിയിൽ കഴിഞ്ഞദിവസം നൽകിയ രണ്ടാമത്തെ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.

മലപ്പുറം സ്വദേശി അബ്ദുൽ റസാക്ക് പീടിയാക്കൽ, എറണാകുളം സ്വദേശി അഷ്റഫ് ഖാദിർ എന്നിവർ ഈ സ്ഥാപനങ്ങൾ വഴി 22 കോടിയോളം രൂപ ഇന്ത്യയിലെത്തിച്ചതായി പറയുന്നു. പോപ്പുലർ ഫ്രണ്ടിനും ബന്ധപ്പെട്ട സംഘടനകൾക്കും നൽകാനാണു പണം ഉപയോഗിച്ചത്.

വിദേശത്തുള്ള ചിലരുമായി ചേർന്നാണു വില്ല പ്രോജക്ടിനായി ധനസമാഹരണം നടത്തിയത്. അബുദാബിയിൽ റസ്റ്ററന്റ് നടത്തിയ അഷ്റഫ് അതു പണം കടത്താനുള്ള മറയാക്കി. അബ്ദുൽ റസാക്ക് ഇടപാടുകൾക്കു സഹായിച്ചു. റസ്റ്ററന്റ് എംഡിയായിരുന്ന സഹോദരൻ വഴി അഷ്റഫിന് 48 ലക്ഷം രൂപ കിട്ടി. സ്പൈസസ് കമ്പനി വഴിയും പണമിടപാടുകൾ നടത്തി.

പോപ്പുലർ ഫ്രണ്ടിന്റെ എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന അഷ്റഫ് കൈവെട്ടു കേസിലും പ്രതിയായിരുന്നുവെന്നു കുറ്റപത്രത്തിൽ പറയുന്നു. എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് എന്നിവയിലും പ്രവർത്തിച്ചിരുന്നു. ഗൾഫിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനകളെയാണ് അബ്ദുൽ റസാക്ക് പ്രതിനിധീകരിച്ചിരുന്നത്. മലപ്പുറം പെരുമ്പടപ്പിൽ പിഎഫ്ഐ ഡിവിഷനൽ പ്രസിഡന്റായിരുന്നു. അനധികൃതമായി 18 കോടി രൂപയോളം ഇയാൾ കൈമാറിയിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്.

മൂന്നാർ വില്ല പ്രോജക്ടിന്റെ വിവിധ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചിരുന്നു. ഇത് മതമൗലിക പ്രവർത്തനങ്ങൾക്കുപയോഗിച്ചു. യുപി പൊലീസ് 2021ൽ അറസ്റ്റ് ചെയ്ത അൻഷാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവർക്കും ഇവർ മുഖേന പണം ലഭിച്ചതായും ഇഡി പറഞ്ഞു.

Content Highlights: Enforcement Directorate, Popular Front of India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA