തൃശൂർ ∙ റേഷൻ മട്ടയരി കഴുകിയാൽ എണ്ണമയം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത വെള്ള അരിയിൽ എണ്ണയും തവിടും ഫുഡ് കളറും ചേർത്തു ‘പോളിഷ്’ ചെയ്തെടുക്കുന്നതാണ് എണ്ണമയത്തിനു കാരണമെന്നു വിവരം. 10 ദിവസത്തിലേറെ റേഷൻ കടയിലിരിക്കുമ്പോൾ അരിയുടെ നിറംമാറുന്നതായി റേഷൻ വ്യാപാരികൾ സിവിൽ സപ്ലൈസ് വകുപ്പിനെ അറിയിച്ചെങ്കിലും അന്വേഷണമോ ഗുണനിലവാര പരിശോധനയോ ഉണ്ടായിട്ടില്ല.
കേരളത്തിലെ കർഷകർ വിളയിക്കുന്ന ഉമ, ജ്യോതി ഇനങ്ങളിൽ പെട്ട നെല്ല് സ്വകാര്യ മില്ലുകളിലെത്തിച്ചു കുത്തി അരിയാക്കി തിരികെ റേഷൻ കടകളിലെത്തിക്കുന്നതാണു സപ്ലൈകോയുടെ രീതി. പാലക്കാട്, തൃശൂർ, ആലപ്പുഴ, എറണാകുളം ജില്ലകളിലായി 42 മില്ലുകളെയാണു നെല്ല് കുത്താൻ ഏൽപ്പിച്ചിട്ടുള്ളത്. എന്നാൽ, ചില മില്ലുകളിൽ ഈ അരി വച്ചുമാറ്റപ്പെടുകയും പകരം ഇതര സംസ്ഥാന അരി നിറംമാറ്റി റേഷൻ വിതരണത്തിന് അയയ്ക്കുകയും ചെയ്യുന്നുവെന്നാണു വിവരം. കാലപ്പഴക്കം മൂലവും മറ്റും എഫ്സിഐ ഗോഡൗണുകളിൽ നിന്ന് ഓരോ വർഷവും മോശം അരി ലേലം ചെയ്യാറുണ്ട്. കാലിത്തീറ്റ നിർമാണത്തിനായി കിലോയ്ക്ക് ഒരു രൂപ നിരക്കിൽ തമിഴ്നാട്ടിലെ ചില ഏജൻസികൾ ഈ അരി മൊത്തമായി വാങ്ങും.
ഭക്ഷ്യയോഗ്യമല്ലാത്ത ഈ അരിയും ആന്ധ്രയിൽ നിന്നു തുച്ഛവിലയ്ക്കെത്തുന്ന വെളുത്ത അരിയും കൂട്ടിക്കലർത്തിയ ശേഷം പോളിഷ് ചെയ്തെടുക്കുന്നതായാണു വിവരം. ബോയിലറുകളിൽ തവിടും എണ്ണയും ഫുഡ് കളറും ചേർത്തു പാകപ്പെടുത്തി വെള്ളമട്ട എന്ന പേരിൽ റേഷൻ കടകളിലേക്കു കയറ്റിവിടുന്നു. മില്ലുകളിൽ നിന്നു കയറ്റിവിടുന്ന അരിയുടെ ഗുണനിലവാരം സപ്ലൈകോ കൃത്യമായി പരിശോധിക്കാത്തതും വ്യാജമട്ടയുടെ ഒഴുക്കു കൂട്ടുന്നു.
നമ്മുടെ അരി ‘കയറ്റുമതി’ക്ക്
എണ്ണയും കൃത്രിമ നിറവും ചേർത്ത വ്യാജമട്ട റേഷൻ കടകളിലെത്തുമ്പോൾ നമ്മുടെ കർഷകരുടെ അരി എവിടെപ്പോകുന്നു? ഈ ചോദ്യത്തിനുത്തരമാണ്, ഒന്നാന്തരം പായ്ക്കറ്റുകളിലെത്തുന്ന ചില മട്ടയരി ബ്രാൻഡുകൾ. ഉമ, ജ്യോതി നെല്ലിനങ്ങളാണു കേരളത്തിലെ കർഷകർ വിളയിക്കുന്നതിലേറെയും. ഇവ കുത്തിയെടുക്കുന്ന വടിമട്ട, ഉണ്ടമട്ട (കുത്തരി) എന്നിവയ്ക്ക് ആവശ്യക്കാരേറെ. റേഷൻ കടകൾ വഴി ജനത്തിനു ലഭിക്കേണ്ട ഈ അരി ചില മില്ലുകളിൽ നിന്നു ബ്രാൻഡഡ് അരിയായി പുറത്തേക്കു കടക്കുന്നു. പകരം നമുക്കു മറുനാടനരി ലഭിക്കുന്നു.
English Summary: Ration Rice Matta