ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി അയവില്ലാതെ തുടരുന്നു. ശമ്പളം എന്നു കൊടുക്കാനാകുമെന്ന ഉറപ്പ് സർക്കാരിനോ മാനേജ്മെന്റിനോ ഇല്ല. ഇന്നലെ അവധി ദിവസമായിരുന്നതിനാൽ കൂടുതൽ ചർച്ചകളും നടന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട മന്ത്രിമാർ അവിടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രശ്നപരിഹാരം നീളുമെന്നാണു സൂചന.

യൂണിയനുകൾക്കെതിരെ മന്ത്രി ആന്റണി രാജു ഇന്നലെയും ശക്തമായ വിമർശനം ഉന്നയിച്ചതോടെ സംഘടനകൾ കൂടുതൽ പ്രതിരോധത്തിലായി.  ജീവനക്കാർ കൂട്ടത്തോടെ സംഘടനകൾ വിട്ടു പോയേക്കുമോ എന്ന ഭീതിയും യൂണിയനുകൾക്കുണ്ട്. 

തിരുവനന്തപുരത്തു നടക്കുന്ന സിഐടിയു സംസ്ഥാന ജനറൽ കൗൺസിലിൽ ശമ്പള പ്രതിസന്ധി ചർച്ചയായേക്കുമെന്നു സൂചനയുണ്ട്. സിപിഎം അനുകൂല സംഘടനയായ കെഎസ്ആർടിഇഎ സമ്മേളനത്തിൽ പ്രശ്നങ്ങൾ  ഉന്നയിക്കും. ഗതാഗതമന്ത്രി ജീവനക്കാർക്കെതിരെ നടത്തിയ വിമർശനങ്ങളെപ്പറ്റിയും മുതിർന്ന സിപിഎം നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ ചർച്ചയാക്കുവാനാണ് തീരുമാനം.

പ്രതിസന്ധി തീർക്കാൻ ബാങ്ക് വായ്പ എടുക്കാനുള്ള നീക്കത്തിനും കടമ്പകളേറെയാണ്. 3000 കോടിയുടെ ബാങ്ക് വായ്പ നിലവിൽ കെഎസ്ആർടിസിക്ക് ഉള്ളതിനാൽ ലോൺ എടുത്ത് ശമ്പളം കൊടുക്കുന്നത് പ്രായോഗികമാവില്ലെന്നാണു വിലയിരുത്തൽ. കൺസോർഷ്യം വായ്പയുടെ കാലാവധിയിൽ മറ്റു വായ്പകൾ എടുക്കരുതെന്നും വ്യവസ്ഥയുണ്ട്.

വിദേശത്തുള്ള സിഎംഡി എത്തിയാൽ മാത്രമേ ഇതു സംബന്ധിച്ച നീക്കങ്ങൾക്ക്  സാധ്യതയുള്ളൂ. നേരത്തേ ശമ്പള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ ഭരണപക്ഷ സംഘടനകൾ മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

‘‘ കെഎസ്ആർടിസിയിലെ യൂണിയനുകൾക്ക് ധിക്കാരമാണ്. ജീവനക്കാരെ തെറ്റായ വഴിയിൽ എത്തിച്ചത് യൂണിയനുകളാണ്. ശമ്പളം ലഭിക്കാനുള്ള ഒറ്റമൂലി പണിമുടക്കല്ല. കെഎസ്ആർടിസിയിലെ വരവും ചെലവും തമ്മിൽ വലിയ അന്തരമാണ്. ശമ്പളം കൊടുക്കില്ലെന്ന് മാനേജ്മെന്റോ സർക്കാരോ പറഞ്ഞിട്ടില്ല. പ്രതിസന്ധിയുണ്ടായപ്പോൾ സർക്കാർ ഇടപെട്ടു. പക്ഷേ, യൂണിയനുകൾ സർക്കാരിനെ വിശ്വസിച്ചില്ല. സർക്കാരിനെ ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന നേതാക്കളുടെ മനോഭാവം മാറ്റാതെ പ്രതിസന്ധിക്കു പരിഹാരമുണ്ടാകില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പണിമുടക്കു രീതി മാറ്റണം.’’

മന്ത്രി ആന്റണി രാജു

 

English Summary: KSRTC salary crisis 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com