ADVERTISEMENT

കോഴിക്കോട് ∙ സംസ്ഥാനത്തെ പൊലീസുകാരിൽനിന്നു കോവി‍ഡ് കാലത്ത് സ്പോർട്സ് ഫണ്ട് ഇനത്തിൽ പിരിച്ചെടുത്ത രണ്ടേകാൽ കോടി രൂപയുടെ കണക്കുകൾ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച. ഇതു സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയില്ല.

2020, 21 വർഷങ്ങളിലായി 2.27 കോടി രൂപയാണു സ്പോർട്സ് ഫണ്ട് ഇനത്തിൽ ശമ്പളത്തിൽനിന്നു പിരിച്ചെടുത്തത്; 2020ൽ 80.22 ലക്ഷവും 2021ൽ 1.47 കോടിയും. രണ്ടു വർഷത്തിനിടെ ഇതിൽ 2.05 കോടി രൂപ ചെലവാക്കിയതായി പറയുന്നു. എന്നാൽ തുക എന്തിനു ചെലവാക്കി എന്നതു സംബന്ധിച്ചാണ് ആക്ഷേപമുയരുന്നത്. 

മുൻ കാലങ്ങളിൽ സംസ്ഥാന – ജില്ലാ തലങ്ങളിൽ പൊലീസ് കായികമേളകൾ നടത്താറുണ്ടായിരുന്നെങ്കിൽ 2020, 21 വർഷങ്ങളിൽ കോവിഡ് മൂലം എല്ലാ കായിക പരിപാടികളും റദ്ദാക്കിയിരുന്നു. എന്നിട്ടും കോടികൾ ചെലവിട്ടതിലാണ് ആക്ഷേപം.

തുക എന്ത് ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചത് എന്നു വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ സ്പോർട്സുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു ചെലവാക്കി എന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള മറുപടി. രണ്ടു വർഷമായിട്ടും ഇതു സംബന്ധിച്ച ഓഡിറ്റും പൂർത്തിയാക്കിയിട്ടില്ല. 

സ്പോർട്സ് ഫണ്ട് കായികമേളകൾക്കു മാത്രമല്ല, മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട് എന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വിശദീകരണം. കായികോപകരണങ്ങൾ വാങ്ങാനും മൈതാനങ്ങളും നീന്തൽക്കുളങ്ങളും നവീകരിക്കാനുമൊക്കെ ഈ ഫണ്ട് ഉപയോഗിക്കാറുണ്ട്. കോവിഡ് കാലത്ത് മേളകൾ നടത്തിയില്ലെങ്കിലും ഇത്തരം ആവശ്യങ്ങൾക്കു തുക വിനിയോഗിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇന്റേണൽ ഓഡിറ്റ് നടത്തിയിരുന്നെങ്കിലും ഓഡിറ്റ് വകുപ്പിന്റേതു പൂർത്തിയാക്കിയിട്ടില്ല. ഓഡിറ്റ് വകുപ്പിന്റെ തിരക്കു മൂലമാണു നീണ്ടുപോകുന്നതെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

വെൽഫെയർ ഫണ്ടിനും ഓഡിറ്റ് ഇല്ല

പൊലീസ് വെൽഫെയർ ബ്യൂറോ ഫണ്ട് എന്ന പേരിൽ എല്ലാ മാസവും പൊലീസുകാരിൽനിന്നു 100 രൂപ വീതം പിരിക്കുന്നുണ്ട്. രോഗബാധിതരാകുമ്പോൾ ധനസഹായത്തിനും മറ്റുമാണ് ഈ തുക ചെലവാക്കുന്നത്. 2020, 21 വർഷങ്ങളിലായി 18.4 കോടി രൂപ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി ചെലവാക്കിയെന്നു പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച കണക്കുകൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നും ഓഡിറ്റുകൾ നടത്തിയിട്ടില്ലെന്നുമാണ് വിവരാവകാശ ചോദ്യത്തിനു മറുപടി.

Content Highlight: Police Sports fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com